'ആദ്യം നിങ്ങൾ ദേശസ്നേഹിയാകൂ' ലോകകപ്പ് വിവാദ പ്രസ്‌താവനയിൽ ഇന്ത്യൻ താരത്തിനെതിരെ ശ്രീശാന്ത്
Cricket
'ആദ്യം നിങ്ങൾ ദേശസ്നേഹിയാകൂ' ലോകകപ്പ് വിവാദ പ്രസ്‌താവനയിൽ ഇന്ത്യൻ താരത്തിനെതിരെ ശ്രീശാന്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd July 2024, 9:27 am

നീണ്ട 17 വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ടാണ് ഇന്ത്യ വീണ്ടും ടി-20 ലോകകപ്പ് ഇന്ത്യന്‍ മണ്ണിലെത്തിച്ചത്. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ ഏഴു റണ്‍സിന് പരാജയപ്പെടുത്തിയാണ് രോഹിത് ശര്‍മയും സംഘവും ലോക ജേതാക്കളായത്.

ഇന്ത്യ മുഴുവന്‍ ലോകകപ്പ് വിജയമാഘോഷിക്കുമ്പോള്‍ യുവതാരം റിയാന്‍ പരാഗിന്റെ ലോകകപ്പിന് മുന്നോടിയായി ഉള്ള പ്രസ്താവനക്കെതിരെ പ്രതികരിച്ചു മുന്നോട്ടുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ്. ശ്രീശാന്ത്.

ലോകകപ്പിനു മുന്നോടിയായി ലോകകപ്പിലെ ഒരു മത്സരം പോലും കാണാന്‍ താല്പര്യമില്ലെന്ന് പരാഗ് പറഞ്ഞിരുന്നു.

‘ലോകകപ്പിലെ ആദ്യത്തെ നാല് ടീമുകളെ കുറിച്ചുള്ള എന്റെ പ്രവചനം ഒരു പക്ഷപാതപരമായ ഉത്തരമായിരിക്കും. സത്യസന്ധമായി പറയുകയാണെങ്കില്‍ എനിക്ക് ലോകകപ്പ് കാണാന്‍ താത്പര്യമില്ല. അവസാനം ആരു വിജയിക്കും എന്നതാണ് ഞാന്‍ നോക്കുക. ഞാന്‍ ലോകകപ്പില്‍ കളിക്കുകയാണെങ്കിലാണ് ആദ്യ നാലു സ്ഥാനത്തെക്കുറിച്ച് ചിന്തിക്കുക,’ പരാഗ് പറഞ്ഞിരുന്നു.

പരാഗിന്റെ ഈ അഭിപ്രായത്തിനെതിരെയാണ് ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് ശേഷം ശ്രീശാന്ത് പ്രതികരിച്ചത്.

‘ ലോകകപ്പ് ടീമില്‍ തെരഞ്ഞെടുത്തിട്ടില്ലെങ്കില്‍ ലോകകപ്പ് കാണില്ലെന്ന് പരാഗ് പറഞ്ഞിട്ടുണ്ട്. എനിക്ക് പറയാനുള്ളത് നിങ്ങള്‍ ആദ്യം ദേശസ്‌നേഹി ആയിരിക്കണം, ഇതിനുപുറമേ ഒരു നല്ല ക്രിക്കറ്റ് പ്രേമിയായിരിക്കണം. ലോകകപ്പ് ടീമില്‍ ഇടം നേടിയവരെ പൂര്‍ണ മനസോടെയും അധിനിവേശത്തോടെയും പിന്തുണയ്ക്കണം,’ ശ്രീശാന്ത് സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.

അതേസമയം റിയാന്‍ പരാഗ് തന്റെ ഇന്ത്യന്‍ ടീമിന് ഒപ്പമുള്ള അരങ്ങേറ്റ മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ്. ജൂലൈ അഞ്ച് മുതല്‍ ആരംഭിക്കുന്ന സിംബബ്വെക്കെതിരെയുള്ള അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലാണ് പരാഗ് ഇടം നേടിയത്.

2024 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം തകര്‍പ്പന്‍ പ്രകടനമായിരുന്നു നടത്തിയിരുന്നത്. 15 ഇന്നിങ്സുകളില്‍ നിന്നും നാല് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 573 റണ്‍സായിരുന്നു പരാഗ് അടിച്ചെടുത്തത്. 149.22 സ്ട്രൈക്ക് റേറ്റിലും 52.09 ആവറേജിലും ആണ് താരം ബാറ്റ് വീശിയത്.

Content Highlight: S Sreesanth talks About Riyan Parag