2007 ലോകകപ്പ് ഫൈനലില്‍ മിസ്ബയുടെ ക്യാച്ചല്ല എന്നെ ബുദ്ധിമുട്ടിച്ചത്, പകരം മറ്റൊന്നായിരുന്നു: വെളിപ്പെടുത്തലുമായി ശ്രീശാന്ത്
Cricket
2007 ലോകകപ്പ് ഫൈനലില്‍ മിസ്ബയുടെ ക്യാച്ചല്ല എന്നെ ബുദ്ധിമുട്ടിച്ചത്, പകരം മറ്റൊന്നായിരുന്നു: വെളിപ്പെടുത്തലുമായി ശ്രീശാന്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 3rd June 2024, 12:42 pm

ഐ.സി.സി ടി-20 ലോകകപ്പിന്റെ ആരവങ്ങളാണ് ക്രിക്കറ്റ് ലോകത്ത് നിറഞ്ഞു നില്‍ക്കുന്നത്. മറ്റൊരു ലോകകപ്പ് കൂടി മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ പഴയ 2007 ടി-20 ലോകകപ്പ് ഫൈനലിലെ ഓര്‍മ്മകളെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത്.

ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു ഇന്ത്യ കിരീടം ചൂടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ 19.3 ഓവറില്‍ 152 റണ്‍സിന് പുറത്താവുകയായിരുന്നു.

അവസാന ഓവറില്‍ മൂന്നാം പന്തില്‍ ഫൈന്‍ ലെഗ്ഗിലേക്ക് അടിച്ച മിസ്ബയുടെ ഷോട്ട് ശ്രീശാന്ത് കൈപ്പിടിയില്‍ ആക്കുകയായിരുന്നു. ഈ ക്യാച്ചാണ് ഇന്ത്യയെ ആദ്യ ടി-20 ലോക കിരീടത്തിലേക്ക് നയിച്ചത്.

ഇപ്പോഴിതാ ഈ ക്യാച്ചിനേക്കാള്‍ ഫൈനലില്‍ നേടിയ മറ്റൊരു ക്യാച്ചാണ് തനിക്ക് ഏറ്റവും ബുദ്ധിമുട്ടേറിയതെന്ന് പറഞ്ഞിരിക്കുകയാണ് ശ്രീശാന്ത്.

‘ടി-20 ലോകകപ്പ് ഫൈനലില്‍ അവസാനം നേടി ക്യാച്ച് ആയിരുന്നില്ല എനിക്ക് ഏറ്റവും ബുദ്ധിമുട്ടുണ്ടായിരുന്നത്. മത്സരത്തില്‍ ഇര്‍ഫാന്‍ പന്തില്‍ ഷാഹിദ് അഫ്രീദിയെ പുറത്താക്കാനായി ഞാനെടുത്ത ക്യാച്ചായിരുന്നു ബുദ്ധിമുട്ട് നിറഞ്ഞത്,’ ശ്രീശാന്ത് പറഞ്ഞു.

ഫൈനലില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ശ്രീശാന്തിന് ക്യാച്ച് നല്‍കിയായിരുന്നു അഫ്രീദി പുറത്തായത്.

 

അതേസമയം 2007ന് ശേഷം കുട്ടി ക്രിക്കറ്റിന്റെ കിരീടം ഇന്ത്യന്‍ മണ്ണില്‍ എത്തിക്കാനാണ് രോഹിത് ശര്‍മയും സംഘവും ലക്ഷ്യമിടുന്നത്. ലോകകപ്പിനു മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിലെ 60 റണ്‍സിന് പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ ലോകകപ്പിന്റെ പോരാട്ട ഭൂമിയിലേക്ക് ഇറങ്ങുന്നത്. ജൂണ്‍ അഞ്ചിനാണ് അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്.

Content Highlight: S. Sreesanth talks about 2007 T20 World Cup Final