| Tuesday, 19th July 2022, 4:54 pm

വിരാടിന്റെ കീഴില്‍ ഞാന്‍ ഇറങ്ങിയിരുന്നെങ്കില്‍ എത്ര ലോകകപ്പ് ടീം എടുത്തേനേ; ശ്രീശാന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഒരു കാലത്ത് ഇന്ത്യന്‍ പേസ് ബൗളിങ്ങിന്റെ കുന്തമുനയായിരുന്നു എസ്. ശ്രീശാന്ത്. തന്റെ അറ്റാക്കിങ് ബൗളിങ് കൊണ്ടും അഗ്രസീവ് സ്വഭാവം കൊണ്ടും എതിര്‍ ടീമിനെ ഭയപ്പെടുത്തിയ താരമായിരുന്നു ശ്രീ. കേരളത്തില്‍ നിന്നും ഇന്ത്യന്‍ ടീമിലെത്തിയ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരമാണ് ശ്രീശാന്ത്.

ഇന്ത്യന്‍ ടീമിന്റെയൊപ്പം 2007ലെ ട്വന്റി-20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ശ്രീശാന്തുണ്ടായിരുന്നു. രണ്ട് ലോകകപ്പും ഇന്ത്യ നേടിയിരുന്നു. എന്നാല്‍ 2013 ഐ.പി.എല്‍ കോഴവിവാദത്തില്‍പ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ കരിയര്‍ നശിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം കുറ്റവിമുക്തനായെങ്കിലും ടീമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചില്ല.

ഇപ്പോഴിതാ താന്‍ കളിക്കുന്നത് നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ ഇന്ത്യ മൂന്ന് ലോകകപ്പ് കൂടെ വിജയിച്ചേനെ എന്നാണ് ശ്രീശാന്ത് പറയുന്നത്. വിരാടിന്റെ കീഴില്‍ ഇറങ്ങിയിരുന്നെങ്കില്‍ 2015,2019, 2021 ലോകകപ്പ് വിജയിച്ചേനെ എന്നാണ് ശ്രീശാന്ത് പറഞ്ഞത്.

‘വിരാടിന്റെ ക്യാപ്റ്റന്‍സിയില്‍ ഞാന്‍ ടീമിന്റെ ഭാഗമായിരുന്നെങ്കില്‍ 2015, 2019, 2021 വര്‍ഷങ്ങളില്‍ ഇന്ത്യ ലോകകപ്പ് നേടുമായിരുന്നു,’ ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞു.

പേസ് ബൗളര്‍മാര്‍ക്ക് എന്നും മികച്ച പിന്തുണ നല്‍കുന്ന നായകനായിരുന്നു വിരാട് കോഹ്‌ലി. വിരാടിന്റെ അതേ അറ്റാക്കിങ്, അഗ്രസ്സീവ് രീതിയായിരുന്നു ശ്രീശാന്തിന്റെയും. ടീമിലെ എല്ലാ പേസ് ബൗളര്‍മാരെയും അവരുടെ കഴിവിനനുസരിച്ച് വിരാട് പ്രോത്സാഹിപ്പിക്കുമായിരുന്നു.

സ്ഥിരതയാര്‍ന്ന യോര്‍ക്കറുകള്‍ ചെയ്യുന്ന കലയെക്കുറിച്ചും ശ്രീശാന്ത് സംസാരിച്ചിരുന്നു. ടെന്നീസ് ബോള്‍ ഉപയോഗിച്ചാണ് യോര്‍ക്കറുകള്‍ എറിയാന്‍ തന്റെ പരിശീലകന്‍ തന്നെ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘കളിക്കുമ്പോള്‍ ദൃശ്യവല്‍ക്കരിക്കുന്നത് പ്രധാനമാണ്. ചെറിയ പ്രദേശങ്ങളില്‍ പോലും ഒരു വ്യത്യാസവും വരുത്തുന്നില്ല. ഇത്തരം തന്ത്രങ്ങള്‍ ഇവിടെ നാട്ടിന്‍ പുറത്ത് പഠിക്കുന്നതാണ് നല്ലത്. ടെന്നീസ് ബോളുകള്‍ ഉപയോഗിച്ച് യോര്‍ക്കറുകള്‍ എറിയുന്നത് എങ്ങനെയെന്ന് എന്റെ പരിശീലകന്‍ എന്നെ പഠിപ്പിച്ചു. ബുംറയോട് ചോദിച്ചാല്‍ അത് എളുപ്പമാണെന്ന് അദ്ദേഹം പറയും,’ ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 27 ടെസ്റ്റും, 53 ഏകദിനവും 10 ട്വന്റി 20 മത്സരവും ശ്രീശാന്ത് കളിച്ചിരുന്നു.

Content Highlights: S Sreesanth says India would have lift three more worldcup if he played further more

We use cookies to give you the best possible experience. Learn more