| Sunday, 5th November 2017, 8:07 pm

'ആ പേരുകള്‍ പുറത്തു വന്നിരുന്നുവെങ്കില്‍ ഇന്ത്യന്‍ ടീം നാണം കെടുമായിരുന്നു; മെസേജ് അയച്ചിട്ടും എനിക്കു വേണ്ടി ധോണി മിണ്ടിയില്ല'; രാഹുല്‍ ദ്രാവിഡിനും ധോണിയ്ക്കും എതിരെ ആഞ്ഞടിച്ച് ശ്രീശാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായി ശ്രീശാന്തിനെ വിട്ട് വിവാദം മാറുന്നില്ല. വാതുവെപ്പ് കേസിനെ തുടര്‍ന്ന് ബി.സി.സി.ഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിരുന്ന താരം കുറ്റ വിമുക്തനാണെന്ന് നേരത്തെ ദല്‍ഹി ഹൈക്കോടതി വിധിച്ചിരുന്നു. പിന്നീട് താരത്തിന് അനകൂല വിധിയുമായി ഹൈക്കോടതിയും രംഗത്തെത്തിയിരുന്നുവെങ്കിലും വിധി സ്‌റ്റേ ചെയ്തു കൊണ്ട് വീണ്ടും കോടതി രംഗത്തെത്തുകയായിരുന്നു.

ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയ്ക്കും ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിനും എതിരെ ആഞ്ഞടിച്ച് ശ്രീശാന്ത് രംഗത്തെത്തിയിരിക്കുകയാണ്. തനിക്ക് അനുകൂലമായി നിലപാടെടുക്കാത്തില്‍ പ്രതിഷേധിച്ചാണ് താരത്തിന്റെ വിമര്‍ശനം.

റിപ്പബ്ലിക് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീയുടെ വിമര്‍ശനം. ശ്രീശാന്തിനെതിരെ വാതുവെപ്പിന് കേസെടുത്ത സമയത്ത് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായിരുന്നു രാഹുല്‍ ദ്രാവിഡ്. അന്ന് സമാനമായ ആരോപണമുണ്ടാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത മറ്റൊരു ടീമായ ചെന്നൈ സൂപ്പര്‍ കിംഗിസിന്റെ നായകനായിരുന്നു ധോണി.


Also Read: ‘ഇനിയും വൈകിയാല്‍ ജീവന്‍ നിലനിര്‍ത്താന്‍ പറ്റിയെന്ന് വരില്ല’; കൊടുങ്കാറ്റിലും പേമാരിയ്ക്കും ഉലയാത്ത യുവരാജ് പൊട്ടിക്കരഞ്ഞു; ഈറനണിഞ്ഞ് ബച്ചനും വിദ്യാ ബാലനും, വീഡിയോ


” രാഹുല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം നിന്നു എന്നത് എനിക്ക് വിഷമമായി. എന്നെ നന്നായി അറിയാമായിരുന്നിട്ടും പിന്തുണച്ചില്ല. ധോണിയ്ക്ക് ഞാന്‍ മെസേജ് അയച്ചിരുന്നു. വികാരഭരിതമായിരുന്നു മെസേജ്. എന്നിട്ടും ധോണി പ്രതികരിച്ചില്ല. മറുപടി തന്നതുമില്ല.” ശ്രീശാന്ത് പറയുന്നു.

ആറ് ഇന്ത്യന്‍ താരങ്ങളായിരുന്നു അന്ന് പൊലീസിന്റെ സംശയത്തിന്റെ നിഴലില്‍ ഉണ്ടായിരുന്നത്. അതില്‍ നടപടിയുണ്ടായത് തനിക്കെതിരെ മാത്രമായിരുന്നുവെന്നും ഇന്ത്യന്‍ ടീമിന്റെ റെപ്യൂട്ടേഷനെ ബാധിക്കുന്നതിനാലായിരുന്നു അതെന്നും ശ്രീ പറയുന്നു.

“ഇന്ത്യന്‍ ടീമിലെ ടോപ്പ് ടെന്‍ താരങ്ങളില്‍ ആറു പേര്‍ക്കെതിരെ ആരോപണമുണ്ടായിരുന്നു. മറ്റുള്ളവരുടെ പേരുകള്‍ പുറത്തു വന്നിരുന്നുവെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് നാണം കെടുമായിരുന്നു.” ശ്രീ പറയുന്നു.

അനുവദിച്ചാല്‍ ടീമിനു വേണ്ടി ഇനിയും കളിക്കുമെന്നും അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തിന് വേണ്ടി കളിക്കുമെന്നും ശ്രീശാന്ത് ആവര്‍ത്തിച്ചു.

We use cookies to give you the best possible experience. Learn more