രാജസ്ഥാന്‍ റോയല്‍സിലായിരിക്കവെ മാച്ച് ഫിക്‌സിങ് വിവാദത്തെ തുടര്‍ന്ന് അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കേണ്ടി വന്ന ശ്രീശാന്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഐ.പി.എല്ലിന്റെ ഭാഗമാകുന്നു. ടൂര്‍ണമെന്റിന്റെ 16ാം എഡിഷനിലാണ് മലയാളികളുടെ ശ്രീ ഒരിക്കല്‍ക്കൂടി ഐ.പി.എല്ലിനിറങ്ങുന്നത്.
തന്റെ പ്രൈം ടൈമില്‍ 22 യാര്‍ഡ് പിച്ചില്‍ വിസ്മയം കാട്ടിയ, അഗ്രഷന്റെ ആള്‍രൂപമായിരുന്ന, ഒന്ന് കിട്ടിയാല്‍ പത്ത് തിരിച്ചുകൊടുത്ത ശ്രീശാന്ത് ഇത്തവണ ഗ്രൗണ്ടിലേക്കിറങ്ങില്ല. ഐ.പി.എല്‍ 2023ന്റെ കമന്ററി പാനലിലൂടെയാണ് ശ്രീശാന്ത് വീണ്ടും ഐ.പി.എല്ലിന്റെ ഭാഗമാകുന്നത്.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ മലയാളം കമന്ററി പാനലിലാണ് ശ്രീ ഉള്‍പ്പെട്ടിരിക്കുന്നത്. ശ്രീയ്ക്ക് പുറമെ കേരളത്തില്‍വ നിന്നും ശ്രീശാന്തിനേക്കാള്‍ മുമ്പ് ഇന്ത്യന്‍ ടീമിലെത്തുകയും സൂപ്പര്‍ താരമായി മാറുകയും ചെയ്ത ടീനു യോഹന്നാന്‍, മുന്‍ കേരള താരം റൈഫി വിന്‍സെന്റ് ഗോമസ്, വി.എ. ജഗദീശന്‍, സോണി ചെറുവത്തൂര്‍, സച്ചിന്‍ ബേബി, രോഹന്‍ പ്രേം, അജു ജോണ്‍ തോമസ് എന്നിവരാണ് മലയാളം കമന്ററി പാനലില്‍ ഉള്ളത്.
ഇംഗ്ലീഷ് കമന്ററി ടീമില്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍, ജാക് കാലീസ്, മാത്യു ഹെയ്ഡന്‍, കെവിന്‍ പീറ്റേഴ്‌സണ്‍, ആരോണ്‍ ഫിഞ്ച്, ടോം മൂഡി, പോള്‍ കോളിങ്‌വുഡ്, ഡാനിയല്‍ വെറ്റോറി, ഡാനിയല്‍ മോറിസണ്‍, ഡേവിഡ് ഹസി എന്നിവരാണുള്ളത്.
ഹിന്ദിയിലേക്ക് വരുമ്പോള്‍ വിരേന്ദര്‍ സേവാഗ്, മിതാലി രാജ്, ഹര്‍ഭജന്‍ സിങ്, പത്താന്‍ സഹോദരന്‍മാര്‍, മുഹമ്മദ് കൈഫ്, സഞ്ജയ് മഞ്ജരേക്കര്‍ തുടങ്ങി നിരവധി പേരാണ് കളിവിവരണം നല്‍കാനെത്തുന്നത്.
തമിഴില്‍ സിനിമ താരം ആര്‍.ജെ ബാലാജി, തെലുങ്കില്‍ എം.എസ്.കെ. പ്രസാദ്, വേണുഗോപാല്‍ റാവു, കന്നഡയില്‍ ഗുണ്ടപ്പ വിശ്വനാഥ് തുടങ്ങി വിവധി ഭാഷകളില്‍ പ്രമുഖ താരങ്ങളാണ് ഐ.പി.എല്‍ 2023വിനുള്ള കമന്ററി പാനലില്‍ ഉള്ളത്.
കമന്ററി പാനലിലെ വിശ്വസ്തനായ ആകാശ് ചോപ്ര ഇത്തവണ സ്റ്റാര്‍ സ്‌പോര്‍ട്‌സിനൊപ്പമുണ്ടാകില്ല. ഐ.പി.എല്ലിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയ ജിയോ സിനിമാസിനൊപ്പമാണ് ചോപ്ര ഇത്തവണ കമന്റി പറയുക.
Content Highlight: S Sreesanth joins star sports’ commentary team