| Tuesday, 15th December 2020, 12:59 pm

നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്കിറങ്ങാന്‍ ശ്രീശാന്തും; കേരളത്തിന് വേണ്ടി കളിക്കാന്‍ സാധ്യത

സ്പോര്‍ട്സ് ഡെസ്‌ക്

സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റിനുള്ള കേരള ക്രിക്കറ്റ് ടീമിന്റെ സാധ്യതാ പട്ടികയില്‍ ശ്രീശാന്തും. 2013ലെ ഐ.പി.എല്ലില്‍ ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ഏഴു വര്‍ഷത്തെ വിലക്കിലായിരുന്നു ശ്രീശാന്ത്. സെപ്റ്റംബറിലാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാതൃകയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ട്വന്റി 20 ലീഗിലൂടെ ഈ മാസം ശ്രീശാന്ത് തിരിച്ചെത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ദേശീയ ടീമില്‍ അംഗമായ സഞ്ജു സാംസണ്‍, കഴിഞ്ഞ സീസണില്‍ കേരളത്തിനു വേണ്ടി കളിച്ച റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന തുടങ്ങിയവരും സാധ്യതാ പട്ടികയിലുണ്ട്. 26 അംഗങ്ങളാണ് സാധ്യതാ പട്ടികയില്‍ ഉള്ളത്.

മുന്‍ ഇന്ത്യന്‍ താരമായ ടിനു യോഹന്നാനാണ് മുഖ്യ പരിശീലകന്‍. ക്യാപ്റ്റനെ തീരുമാനിച്ചിട്ടില്ല. ജനുവരി 10 മുതല്‍ 31 വരെയായിരിക്കും ടൂര്‍ണമെന്റ് നടക്കുകയെന്നാണ് പുറത്തു വരുന്ന വിവരം.

37കാരനായ ശ്രീശാന്ത് 27 ടെസ്റ്റുകളിലും 53 ഏകദിനങ്ങളിലും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. 2007ല്‍ ട്വന്റി20 ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമുകളില്‍ ശ്രീശാന്ത് അംഗമായിരുന്നു. ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

Content Highlight: S Sreesanth in probables for Syed Mushtaq Ali trophy

We use cookies to give you the best possible experience. Learn more