സ്വന്തം സഹതാരങ്ങളെ ബഹുമാനിക്കാത്ത ഗൗതം ഗംഭീറിന് എങ്ങനെ ഒരു ജനതയെ പ്രതിനിധീകരിക്കാന്‍ സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം എസ്. ശ്രീശാന്ത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് ശ്രീശാന്ത് ഗംഭീരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിലെ ഇന്ത്യ ക്യാപ്പിറ്റല്‍സ് – ഗുജറാത്ത് ജയന്റ്‌സ് മത്സരത്തിനിടെ ശ്രീശാന്തും ഗംഭീറും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. മത്സരശേഷം സംഭവത്തില്‍ തന്റെ ഭാഗം വശദീകരിച്ചുകൊണ്ട് ശ്രീശാന്ത് രംഗത്തെത്തിയിരുന്നു. ഇതിലാണ് അദ്ദേഹം ഗംഭീറിനെ കടന്നാക്രമിച്ചത്.
‘നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും നന്ദി. നിര്‍ഭാഗ്യവശാല്‍ ഇന്ന് ഞങ്ങള്‍ പരാജയപ്പെട്ടു. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി അറിയിക്കുന്നു.
ഒരു കാരണവുമില്ലാതെ തന്റെ സഹതാരങ്ങളുമായി ഫൈറ്റ് ചെയ്യുന്ന മിസ്റ്റര്‍ ഫൈറ്ററുമായി നടന്ന തര്‍ക്കത്തെ കുറിച്ച് വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. വിരു ഭായ് (വിരേന്ദര്‍ സേവാഗ്) അടക്കമുള്ള തന്റെ സീനിയര്‍ താരങ്ങളെ പോലും അദ്ദേഹം ബഹുമാനിക്കാറില്ല. അതുതന്നെയാണ് ഇന്ന് ഇവിടെ നടന്നത്.
ഒരു പ്രകോപനവുമില്ലാതെ അദ്ദേഹം എന്നെ വളരെ മോശപ്പെട്ട ഒരു വാക്ക് വിളിക്കുകയുണ്ടായി. ഗംഭീറിനെ പോലെ ഒരാള്‍ ഒരിക്കലും അത്തരം വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല. എന്റെ ഭാഗത്ത് ഒരു തരത്തിലുമുള്ള തെറ്റും ഇല്ലെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.
ഇതേകുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വ്യക്തത വരുത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. ഇപ്പോള്‍ അല്ലെങ്കില്‍ കുറച്ച് കാലത്തിന് ശേഷം ഗംഭീര്‍ ഉപയോഗിച്ച വാക്കുകള്‍ എന്തെന്നും ക്രിക്കറ്റ് ഫീല്‍ഡില്‍ പറഞ്ഞതെന്തെന്നും നിങ്ങള്‍ അറിയും. ഇതൊരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതാണ്.
ഞാനും എന്റെ കുടുംബവും ഏറെ കഷ്ടപ്പാടുകളിലൂടെയും വിഷമമേറിയ സമയങ്ങളിലൂടെയും കടന്നുപോയതാണ്. നിങ്ങളുടെ പിന്തുണ കൊണ്ടാണ് ഞാന്‍ ആ പോരാട്ടത്തില്‍ ഒറ്റക്ക് പൊരുതി നിന്ന് വിജയിച്ചത്. ഒരു കാരണവുമില്ലാതെ എന്നെ തളര്‍ത്താന്‍ ആളുകള്‍ ശ്രമിക്കുന്നുണ്ട്.
ടീം വളരെ മികച്ച രീതിയിലുള്ള പ്രകടനം പുറത്തെടുക്കുമ്പോഴും ഞാന്‍ എന്റെ നൂറ് ശതമാനവും ടീമിന് കൊടുക്കാന്‍ ശ്രമിക്കുമ്പോഴും ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഗംഭീര്‍ പറഞ്ഞത്.
ഗംഭീര്‍ എന്താണ് പറഞ്ഞതെന്ന് ഞാന്‍ നിങ്ങളെ അറിയിക്കുന്നതായിരിക്കും. ഇപ്പോള്‍ പ്രസന്റേഷന്‍ ചടങ്ങുകള്‍ നടക്കുകയാണ്. അതാ, ഗംബീര്‍ അവിടെയുണ്ട്. സ്വന്തം സഹതാരങ്ങളെ ബഹുമാനിക്കാന്‍ സാധിക്കാത്ത നിങ്ങള്‍ക്കെങ്ങനെയാണ് ഒരു ജനതയെ പ്രതിനിധീകരിക്കാന്‍ സാധിക്കുക.
ഒരിക്കല്‍ ലൈവിനിടെ വിരാട് കോഹ്‌ലിയെ കുറിച്ച് സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം വിരാടിനെ കുറിച്ചായിരുന്നില്ല, മറ്റെന്തൊക്കെയോ ആണ് പറഞ്ഞത്. കൂടുതലൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ശരിക്കും സങ്കടപ്പെട്ടിരിക്കുകയാണ്. എന്റെ കുടുംബവും എന്നെ സ്‌നേഹിക്കുന്നവരും വിഷമിച്ചു.
Emotions are always running high, when you were very passionate about your game.
ഞാന്‍ ഒരു മോശം വാക്ക് പോലും പറഞ്ഞിട്ടില്ല എന്ന കാര്യം വീണ്ടും നിങ്ങളോട് വീണ്ടും പറയുകയാണ്. എല്ലായ്‌പ്പോഴുമെന്ന പോലെ അദ്ദേഹം മോശം വാക്കുകള്‍ പറയുകയായിരുന്നു,’ ശ്രീശാന്ത് പറഞ്ഞു.
അതേസമയം, മത്സരത്തില്‍ ഗംഭീറിന്റെ ടീമായ ഇന്ത്യ ക്യാപ്പിറ്റല്‍സ് 12 റണ്‍സിന് വിജയിച്ചിരുന്നു. ക്യാപ്പിറ്റല്‍സ് ഉയര്‍ത്തിയ 224 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ജയന്റ്‌സിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ക്യാപ്പിറ്റല്‍സിനായി ഗംഭീര്‍ അര്‍ധ സെഞ്ച്വറി നേടി. ജയന്റ്‌സിനായി ക്രിസ് ഗെയ്‌ലും കെവിന്‍ ഒബ്രയനും അര്‍ധ സെഞ്ച്വറി നേടിയെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല.
ഈ വിജയത്തിന് പിന്നാലെ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടാനും ക്യാപ്പിറ്റല്‍സിനായി. മണിപ്പാല്‍ ടൈഗേഴ്‌സിനെയാണ് ക്യാപ്പിറ്റല്‍സിന് നേരിടാനുള്ളത്. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം ഫൈനലില്‍ അര്‍ബനൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.
Content Highlight: S Sreesanth criticize Gautam Gambhir