| Thursday, 10th February 2022, 7:29 pm

ഐ.പി.എല്ലേ കണ്ടോളൂ ഇതാണ് ബൗളിംഗ്; പേസാക്രമണത്തിന്റെ മൂര്‍ച്ച കൈവിടാതെ ശ്രീശാന്ത്; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ മെഗാലേലത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ തന്റെ പ്രതാപ കാലത്തെ പ്രകടനം ഓര്‍മിപ്പിച്ച് ശ്രീശാന്ത്. രഞ്ജി ട്രോഫിയില്‍ ഔട്ട് സ്വിംഗറിലൂടെ ബാറ്ററെ പുറത്താക്കിയ വീഡിയോ പങ്കുവെച്ചായിരുന്നു താരം തന്റെ ബൗളിംഗ് മികവിനെ ഓര്‍മിപ്പിച്ചത്.

നടക്കാനിരിക്കുന്ന അഭ്യന്തര റെഡ്‌ബോള്‍ ടൂര്‍ണമെന്റായ രഞ്ജി ട്രോഫിക്കുള്ള കേരള ടീമില്‍ താരവും ഉള്‍പ്പെട്ടിട്ടുണ്ട്. വയസ് 39 ആയെങ്കിലും ഒരങ്കത്തിന് ഇനിയും തനിക്ക് ബാല്യം ബാക്കിയുണ്ടെന്ന് തെളിയിക്കുകയാണ് ശ്രീശാന്ത്.

കഴിഞ്ഞ ദിവസമായിരുന്നു കേരള ക്രിക്കറ്റ് അസോസിയേഷന്‍ രഞ്ജിക്കുള്ള 20 അംഗ ടീമിനെ പ്രഖ്യാപിച്ചത്. സച്ചിന്‍ ബേബി നായകനാവുന്ന ടീമില്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വിഷ്ണു വിനോദാണ് സഹനായകന്‍.

അതേസമയം, രഞ്ജി ട്രോഫിയിലെ കേരളത്തിന്റെ ആദ്യമത്സരത്തില്‍ സഞ്ജു സാംസണ്‍ കളിക്കില്ല. ഫെബ്രുവരി 17ന് രാജ്കോട്ടില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ നിന്നുമാണ് താരം വിട്ടു നില്‍ക്കുന്നത്.

ബെംഗളൂരുവില്‍ പരിശീലനം നടത്തുന്ന സഞ്ജു 17ന് മാത്രമേ രാജ്കോട്ടിലേക്ക് തിരിക്കൂ എന്നാണ് അറിയിച്ചിരിക്കുന്നത്.

ഗുജറാത്ത്, മേഘാലയ, മധ്യപ്രദേശ് എന്നിവരുള്‍പ്പെടുന്ന എലീറ്റ് ഗ്രൂപ്പ് എയിലാണ് കേരളം. രാജ്കോട്ടിലാണ് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഗ്രൂപ്പ് ജേതാക്കള്‍ ക്വാര്‍ട്ടറിലേക്ക് കടക്കും.

38 ടീമുകളാണ് ഇത്തവണ രഞ്ജിയില്‍ മാറ്റുരയ്ക്കുന്നത്. നാല് ടീമുകളുളള എട്ട് എലീറ്റ് ഗ്രൂപ്പുകളും ആറ് ടീമുകളുള്ള ഒരു പ്ലേറ്റ് ഗ്രൂപ്പുമാണ് പ്രാഥമിക ഘട്ടത്തില്‍.

എലീറ്റ് എ: ഗുജറാത്ത്, മധ്യപ്രദേശ്, കേരള, മേഘാലയ വേദി രാജ്കോട്ട്

എലീറ്റ് ബി: ബംഗാള്‍, ബറോഡ, ഹൈദരാബാദ്, ചണ്ഡീഗഢ് വേദി കട്ടക്ക്

എലീറ്റ് സി: കര്‍ണാടക, ജമ്മു കശ്മീര്‍, റെയില്‍വേസ്, പോണ്ടിച്ചേരി വേദി ചെന്നൈ

എലീറ്റ് ഡി: സൗരാഷ്ട്ര, മുംബൈ, ഒഡിഷ, ഗോവ വേദി അഹമ്മദാബാദ്

എലീറ്റ് ഇ: ആന്ധ്ര, രാജസ്ഥാന്‍, സര്‍വീസസ്, ഉത്തരാഖണ്ഡ് വേദി തിരുവനന്തപുരം

എലീറ്റ് എഫ്: പഞ്ചാബ്, ഹിമാചല്‍, ഹരിയാന, ത്രിപുര വേദി ദില്ലി

എലീറ്റ് ജി: വിദര്‍ഭ, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, അസം വേദി ഹരിയാന

എലീറ്റ് എച്ച്: തമിഴ്നാട്, ദില്ലി, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ് വേദി ഗുവാഹത്തി

പ്ലേറ്റ് ഗ്രൂപ്പ്: ബിഹാര്‍, നാഗാലന്‍ഡ്, സിക്കിം, മണിപ്പൂര്‍, മിസോറം, അരുണാചല്‍പ്രദേശ് വേദി കൊല്‍ക്കത്ത

Content Highlight:  S Sreesanth clean bowls a batter with perfect outswinger ahead of IPL 2022 auction

We use cookies to give you the best possible experience. Learn more