| Thursday, 21st September 2023, 5:07 pm

ആര് പറഞ്ഞാലും കേള്‍ക്കാത്തവന്‍, ലോകകപ്പ് ടീമില്‍ എടുക്കാഞ്ഞത് ശരിയായ തീരുമാനം: ശ്രീശാന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താതിരുന്ന സെലക്ടര്‍മാരുടെ തീരുമാനത്തെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരവും മലയാളി പേസറുമായ എസ്. ശ്രീശാന്ത്. സഞ്ജു സാംസണ്‍ ആരുടെയും ഉപദേശങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകാറില്ലെന്നും താരത്തിന്റെ ബാറ്റിങ് പരാജയത്തില്‍ ഇത് പ്രധാന കാരണമാണെന്നും ശ്രീശാന്ത് പറഞ്ഞു.

സ്‌പോര്‍ട്‌സ് കീഡക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് 2011 ലോകകപ്പ് ടീമിലെ അംഗം കൂടിയായ ശ്രീശാന്ത് ഇക്കാര്യം പറഞ്ഞത്.

‘എനിക്ക് തോന്നുന്നത് അത് ശരിയായ തീരുമാനമാണെന്നാണ്. കാരണം സ്വയം മനസിലാക്കുക എന്നത് ഒരു താരത്തിനുണ്ടാകേണ്ട പ്രധാന ഘടകമാണ്. (സുനില്‍) ഗവാസ്‌കര്‍ സാറും ഹര്‍ഷ ഭോഗ്ലെ സാറും രവി ശാസ്ത്രി സാറും അടക്കമുള്ളവര്‍ സഞ്ജുവിന്റെ കഴിവിനെ അംഗീകരിച്ചവരാണ്.

സഞ്ജുവിന്റെ കഴിവിന്റെ കാര്യത്തില്‍ ഒരു സംശയവുമില്ല. എന്നാല്‍ അവന്റെ സമീപനം… പിച്ചിന്റെ സ്വഭാവം മനസിലാക്കി കളിക്കുവാന്‍ വേണ്ടി ആരെങ്കിലും പറഞ്ഞാല്‍ അവനത് കേള്‍ക്കാറില്ല. ആ ആറ്റിറ്റിയൂഡ് അവന്‍ മാറ്റിയെടുക്കണം,’ ശ്രീശാന്ത് പറഞ്ഞു.

സഞ്ജുവിനെ കാണുമ്പോഴെല്ലാം താനും ഇക്കാര്യം പറയാറുണ്ടെന്നും അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞു.

‘ അവനെ കാണുമ്പോഴെല്ലാം തന്നെ അവനോട് ഞാന്‍ ഒരു കാര്യം മാത്രമാണ് പറയാറുള്ളത്. സഞ്ജു, പിച്ചിന്റെ സ്വഭാവം ശരിക്ക് മനസിലാക്കണം. അല്‍പം കാത്തിരിക്കൂ, എല്ലാ ബൗളറേയും ആക്രമിച്ചുകളിക്കേണ്ടതില്ല. ചിന്തിക്ക്. നിനക്ക് ഏത് ബൗളറെയും എപ്പോഴും എവിടേക്ക് വേണമെങ്കിലും അടിച്ചുപറത്താം, ആ അവസരത്തിനായി കാത്തിരിക്കണം,’ ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

ലോകകപ്പ് സ്‌ക്വാഡില്‍ മാത്രമല്ല ഏഷ്യ കപ്പ് സ്‌ക്വാഡിലും ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഡിലും ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിനുള്ള ഏകദിന സ്‌ക്വാഡിലും സഞ്ജുവിനെ ബി.സി.സി.ഐ പരിഗണിച്ചിരുന്നില്ല.

ഏകദിനത്തില്‍ സഞ്ജുവിനേക്കാള്‍ മോശം സ്റ്റാറ്റുകളുള്ളവരും എക്‌സ്പീരിയന്‍സ് കുറഞ്ഞവരും സ്‌ക്വാഡിന്റെ ഭാഗമാകുമ്പോഴാണ് സെലക്ടര്‍മാര്‍ രാജസ്ഥാന്‍ നായകന് നേരെ മുഖം തിരിക്കുന്നത്.

മൂന്ന് ഏകദിനങ്ങളാണ് ലോകകപ്പിന് മുമ്പുള്ള ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. സെപ്റ്റംബര്‍ 22നാണ് പരമ്പരയിലെ ആദ്യ മത്സരം. മൊഹാലിയാണ് വേദി. പരമ്പരയിലെ രണ്ടാം മത്സരം സെപ്റ്റംബര്‍ 24ന് ഇന്‍ഡോറിലെ ഹോല്‍കര്‍ സ്റ്റേഡിയത്തിലും മൂന്നാം മത്സരം സെപ്റ്റംബര്‍ 27ന് സൗരാഷ്ട്രയിലും നടക്കും.

ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വര്‍മ, പ്രസിദ്ധ് കൃഷ്ണ, ആര്‍. അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍.

മൂന്നാം മത്സരത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ, വിരാട് കോഹ്‌ലി, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍.

Content Highlight: S Sreesanth backed selectors’ decision to not include Sanju Samson 2023 World Cup squad

We use cookies to give you the best possible experience. Learn more