ഇന്ത്യ ക്രിക്കറ്റ് ടീമില്‍ കേരളത്തില്‍ നിന്നുമുള്ള താരങ്ങള്‍ വളരെ കുറവാണ്. ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറഞ്ഞു നിന്നിരുന്ന മലയാളി താരമാണ് എസ്. ശ്രീശാന്ത്. ഇന്ത്യക്കായി രണ്ട് ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ ഏക താരമെന്ന റെക്കോഡ് ഇന്നും ശ്രീയുടെ പേരിലാണ്.
ഇന്ത്യന്‍ ടീമിനായി ഏകദിനത്തിലും ടെസ്റ്റിലും ട്വന്റി-20യിലും സജീവമായി കളിക്കാന്‍ ശ്രീശാന്തിന് സാധിച്ചിരുന്നു. ശ്രീശാന്തിന് ശേഷം ഇന്ത്യന്‍ ടീമിന്റെ വാതില്‍ തുറക്കപ്പെട്ട മറ്റൊരു മലയാളി താരം സഞ്ജു വി സാംസണായിരുന്നു. ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിന് ഒരുപാട് അവസരങ്ങളൊന്നും കിട്ടിയിട്ടില്ലെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ അദ്ദേഹത്തിന് ഒരുപാട് ആരാധകരെ ലഭിച്ചിട്ടുണ്ട്.
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ സാംസണ്‍ ഐ.പി.എല്ലില്‍ സൂപ്പര്‍താരമാണ്. രാജസ്ഥാന്റെ നായകനായ സഞ്ജു ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ടീമിനെ ഫൈനലില്‍ എത്തിച്ച നായകന്‍ കൂടിയാണ്.
ഐ.പി.എല്ലില്‍ അദ്ദേഹത്തിന് ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെങ്കിലും കേരളത്തിന് വേണ്ടിയും കളിക്കണമെന്ന് ഉപദേശിക്കുകയാണ് ശ്രീശാന്ത്. 2019ലാണ് സഞ്ജു അവസാനമായി ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ കളിച്ചത്.\
‘അവന്‍ സ്ഥിരതയുള്ളവനായിരിക്കണം. നോക്കൂ, എല്ലാവരും ഐ.പി.എല്ലിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഞാന്‍ കേരളത്തില്‍ നിന്നാണ്, അദ്ദേഹത്തെ എപ്പോഴും പിന്തുണച്ചിട്ടുള്ള ഒരാളാണ് ഞാന്‍. അണ്ടര്‍ 14 മുതല്‍ അവന്‍ കളിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ കീഴില്‍ കളിച്ചിട്ടുണ്ട്. രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ അദ്ദേഹത്തിന് ക്യാപ് നല്‍കിയത് ഞാനാണ്. ഇപ്പോള്‍ എനിക്ക് അവനോട് അഭ്യര്‍ത്ഥിക്കാനുള്ളത് ഒരു കാര്യമാണ്. അവന്‍ ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിക്കാന്‍ ആരംഭിക്കണം,’ ശ്രീശാന്ത് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
ഐ.പി.എല്‍ വളരെ പ്രധാനപ്പെട്ടതാണെന്നും എന്നാല്‍ സ്റ്റേറ്റിന് വേണ്ടി കളിക്കുന്നതും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സഞ്ജു മികച്ച പ്രകടനം കാഴ്ചവെച്ച് കേരളത്തിന് ധാരാളം നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കട്ടെ എന്നും ശ്രീശാന്ത് പറഞ്ഞു.
‘അതെ, ഐ.പി.എല്‍ വളരെ പ്രധാനമാണ്. ഐ.പി.എല്‍ അദ്ദേഹത്തിന് പ്രശസ്തിയും സമ്പത്തും ലോകമെമ്പാടുമുള്ള എല്ലാം നല്‍കും. എന്നാല്‍ എനിക്ക് മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് പറയാനുള്ളത്. ഏതൊരു ക്രിക്കറ്റ് കളിക്കാരനെ സംബന്ധിച്ചും അവര്‍ സംസ്ഥാന ടീമിന് വേണ്ടി, പ്രത്യേകിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വളരെ നന്നായി കളിക്കാന്‍ തുടങ്ങണം. സഞ്ജു കേരളത്തിനായി കളിക്കാന്‍ വന്ന് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തണം. സെഞ്ച്വറി മാത്രമല്ല, ഡബിള്‍ സെഞ്ച്വറികള്‍ അടിക്കാന്‍ ശ്രമിക്കണം. വരൂ, കേരള ടീമിനായി രഞ്ജി ട്രോഫി നേടൂ! വിജയ് ഹസാരെ ട്രോഫിയും നേടികൊടുക്കു. അപ്പോള്‍ കേരള ക്രിക്കറ്റ് താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കും,’ ശ്രീശാന്ത് പറഞ്ഞു.
ന്യൂസിലാന്‍ഡ് എ-ക്കെതിരെയുള്ള ഇന്ത്യ എയുടെ മത്സരത്തില്‍ സഞ്ജു ടീമിന്റെ നായകനായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. ബാറ്റ് കൊണ്ടും ക്യാപ്റ്റന്‍സിയിലും മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചു.