| Tuesday, 27th September 2022, 9:32 am

അവനായി എനിക്ക് ഒരു ഉപദേശം മാത്രമേ കൊടുക്കാനുള്ളു; ഇന്ത്യന്‍ സൂപ്പര്‍താരത്തിന് ഉപദേശവുമായി ശ്രീശാന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ലോകകപ്പിന് മുന്നോടിയായുള്ള അവസാന ഘട്ട തയ്യാറെടുപ്പിനായി ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര കളിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഒരുപാട് പരമ്പരകള്‍ ഇന്ത്യ ലോകകപ്പിന് മുമ്പ് കളിച്ചിട്ടുണ്ട്.

ടീമിന്റെ സ്റ്റാര്‍ട്ടിങ് ഇലവന്‍ ഏറെകുറേ ഉറപ്പായതാണ്. ബാറ്റിങ് നിര ഫോം കാണിക്കുമ്പോള്‍ മികച്ച ഫോമിലേക്കെത്താന്‍ ബൗളിങ് നിരക്ക് പലപ്പോഴും സാധിക്കുന്നില്ല.

ഇന്ത്യന്‍ നിരയിലെ ഏറ്റവും അനുഭവസമ്പത്തുള്ള താരമായ ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്നത്. കഴിഞ്ഞ ഏഷ്യാ കപ്പ് മുതല്‍ ഇങ്ങോട്ട് അദ്ദേഹം ഒരുപാട് റണ്‍സ് ലീക്ക് ചെയ്യുന്നുണ്ട്.

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെയും ശ്രീലങ്കക്കെതിരെയും നടത്തിയ പ്രകടനവും പിന്നീട് ഓസീസ് പരമ്പരയിലും മോശം പ്രകടനമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. ലോകകപ്പിന് മുമ്പ് ഭുവി ഫോമിലേക്കെത്തേണ്ടത് ടീമിന്റെ മൊത്തത്തിലുള്ള ആവശ്യമാണ്.

ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് മുമ്പ് ഭുവിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസ് ബൗളറായ എസ്. ശ്രീശാന്ത്. ഭുവി മികച്ച ബൗളറാണെന്നും അദ്ദേഹത്തിന് ടീമില്‍ ഒരു സ്ഥാനമുണ്ടെന്നും ശ്രീ പറയുന്നു. മികച്ച ബാറ്റര്‍മാരെ പുറത്താക്കാനും ഭുവിക്ക് സാധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘മികച്ച ബാറ്റര്‍മാരെയാണ് അദ്ദേഹം പുറത്താക്കുന്നത്. നിങ്ങള്‍ നല്ല പന്തുകള്‍ എറിഞ്ഞാലും, 60-70% വരെ അടി കിട്ടാനുള്ള സാധ്യതയുണ്ട്. ചിലപ്പോള്‍, അത് പ്രവര്‍ത്തിക്കുന്നു, ചിലപ്പോള്‍ അത് പ്രവര്‍ത്തിക്കുന്നില്ല. ബാറ്റിങ്ങിന്റെ കാര്യത്തില്‍ ദിനേശ് കാര്‍ത്തിക്കിനെ പോലെ ഭുവനേശ്വര്‍ കുമാറിനെ പിന്തുണക്കണം. പന്ത് സ്വിങ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ അനുഭവത്തെക്കുറിച്ചും കഴിവിനെക്കുറിച്ചും എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്. ഓസ്‌ട്രേലിയന്‍ പിച്ചില്‍ അദ്ദേഹത്തിന്റെ സംഭാവന ഇന്ത്യന്‍ ടീമിന് ആവശ്യം വരും,’ ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കുകയായിരുന്നു ശ്രീശാന്ത്. ഒരിക്കലും തന്റെ കഴിവിലും ആത്മവിശ്വാസത്തിലും സംശയിക്കരുതെന്നും ആള്‍ക്കാര്‍ പറയുന്നതിനോട് ഒരുപാട് ചെവികൊടുക്കേണ്ടെന്നും അയാള്‍ പറഞ്ഞു.

‘ഭുവനേശ്വര്‍ കുമാര്‍ ഇത് കേള്‍ക്കുന്നുണ്ടെങ്കില്‍, മിക്കപ്പോഴും അവര്‍ അത് ചെയ്യില്ല, എന്നാല്‍ എന്റെ ഒരേയൊരു അഭ്യര്‍ത്ഥന ഒരിക്കലും നിങ്ങളുടെ കഴിവുകളില്‍ വിശ്വസിക്കുന്നത് അവസാനിപ്പിക്കരുത് എന്നതാണ്. ചിലപ്പോള്‍, നിങ്ങളുടെ കഴിവുകളില്‍ വിശ്വസിക്കുന്നത് നിങ്ങള്‍ ശരിക്കും നിര്‍ത്തുന്നു.

ചിലപ്പോള്‍ നിങ്ങള്‍ ആശയക്കുഴപ്പത്തിലാകും. നിങ്ങള്‍ ധാരാളം വായിക്കുകയും ധാരാളം വീഡിയോകള്‍ കാണുകയും ചെയ്യുന്നു. നിങ്ങള്‍ കമന്ററിയില്‍ ധാരാളം അഭിപ്രായങ്ങള്‍ ശ്രദ്ധിക്കുന്നു. ഞാന്‍ അതു ചെയ്തിരുന്നു. എല്ലാവരും ആ ഘട്ടത്തിലൂടെ കടന്നുപോകുന്നു. എന്നാല്‍ നിങ്ങളെ ഇവിടെ എത്തിച്ചതും നിങ്ങളെ രാജാവാക്കിയതുമായ അപാരമായ കഴിവില്‍ നിങ്ങള്‍ വിശ്വസിക്കണം. നിങ്ങള്‍ ഉയര്‍ന്ന ശക്തിയില്‍ വിശ്വസിക്കുകയും നിങ്ങളുടെ കഴിവില്‍ ആത്മവിശ്വസമുണ്ടാകുകയും വേണം,’ ശ്രീശാന്ത് പറഞ്ഞു.

Content Highlight: S Sreesanth advices Bhuvaneshwar Kumar

We use cookies to give you the best possible experience. Learn more