|

എസ്. ശ്രീജിത്തിന്റെ സ്ഥാനമാറ്റം; നടിയെ ആക്രമിച്ച കേസില്‍ കാവ്യയുള്‍പ്പടെയുള്ളവരുടെ ചോദ്യം ചെയ്യല്‍ വൈകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെയും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെയും അന്വേഷണം പ്രതിസന്ധിയിലേക്ക്. ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ സ്ഥാനമാറ്റത്തോടെ കേസിലെ ചോദ്യം ചെയ്യല്‍ വൈകിയേക്കുമെന്നാണ് സൂചന.

കാവ്യ മാധവന്‍ ഉള്‍പ്പെടെയുള്ളവരുടെ ചോദ്യം ചെയ്യലുകള്‍ വൈകാനാണ് സാധ്യത. നടിയെ ആക്രമിച്ച കേസില്‍ കാവ്യയെയും ദിലീപിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജിയും തുടരന്വേഷണത്തിന് കുടൂതല്‍ സമയം തേടിയുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷയിലും ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഊര്‍ജിതമാക്കിയ സാഹചര്യത്തിലായിരുന്നു നിര്‍ണായക ചോദ്യം ചെയ്യല്‍ നടപടികളിലേക്ക് പൊലീസ് കടക്കാനിരുന്നത്.

ശ്രീജിത്തിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാക്കിയാണ് മാറ്റം, ഷേഖ് ദര്‍വേസ് സാഹിബാണ് ഇനി ക്രൈംബ്രാഞ്ച് മേധാവി. നടിയെ ആക്രമിച്ച കേസില്‍ ശ്രീജിത്തിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകര്‍ പരാതി നല്‍കിയിരുന്നു.

അഡ്വക്കേറ്റ് ഫിലിപ്പ് ടി. വര്‍ഗീസാണ് സര്‍ക്കാരിന് പരാതി നല്‍കിയിരുന്നത്. അന്വേഷണ സംഘം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചാണ് ശ്രീജിത്ത് ഉള്‍പ്പെട്ട അന്വേഷണ സംഘത്തിനെതിരെ ദിലീപിന്റെ അഭിഭാഷകര്‍ പരാതി നല്‍കിയിരിക്കുന്നത്.

എസ്. ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ പ്രതിഷേധിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റിയത് പെണ്‍വേട്ടക്കാരെ സഹായിക്കാനാണെന്ന് കെ.കെ. രമ എം.എല്‍.എ പറഞ്ഞത്. കേസന്വേഷണത്തിന്റെ ഗതിവേഗത്തെ ദുര്‍ബലമാക്കാനുള്ള അങ്ങേയറ്റം കുറ്റകരമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് കെ.കെ. രമ പറഞ്ഞു.

പ്രതിഭാഗത്തെ പ്രമുഖ അഭിഭാഷകന്‍ പ്രോസിക്യൂഷന്‍ സാക്ഷിയെ നേരിട്ട് സ്വാധീനിക്കാന്‍ ശ്രമിച്ച അത്യന്തം ഗൗരവമേറിയ സംഭവം ഓഡിയോ തെളിവുസഹിതം പുറത്തുവന്നതിനെ കുറിച്ചുള്ള അന്വേഷണം കൂടി അട്ടിമറിക്കാന്‍, ആഭ്യന്തരവകുപ്പിന്റെ ഭരണനേതൃത്വം നടത്തുന്ന നഗ്‌നമായ ഇടപെടലിന്റെ കൃത്യമായ സാക്ഷ്യപത്രമാണ് അന്വേഷണ സംഘത്തലവനായിരുന്ന എ.ഡി.ജി.പിയുടെ സ്ഥാനമാറ്റമെന്നും കെ.കെ. രമ അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ നടപടി കേസില്‍ തിരിച്ചടിയാവുമെന്ന് സി.പി.ഐ.എം നേതാവ് ആനി രാജയും കുറ്റപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ നടപടി നിരാശജനകമാണ്, നടപടി അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നതിന് കാരണമാകുമെന്നും ആനി രാജ ചൂണ്ടിക്കാട്ടി. കോടതി പോലും ഈ കേസ് ഗൗരവമായി കാണുന്നില്ലെന്നും ആനി രാജ അഭിപ്രായപ്പെട്ടു.

എസ്. ശ്രീജിത്തിനെ നീക്കിയത് നടിയെ ആക്രമിച്ച കേസിലെ അന്വേഷണം അട്ടിമറിക്കുന്നതിനാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ പറഞ്ഞിരുന്നു. സിനിമാകഥ തയ്യാറാക്കുന്നതുപോലെ ഏതോ ഒരാള് ഇരുന്നെഴുതിയ തിരക്കഥയാണ് നടിയെ ആക്രമിച്ച കേസെന്നും അതില്‍ സര്‍ക്കാരിന്റെ ഭാഗം ആര് അഭിനയിക്കുമെന്ന കാര്യത്തിലാണ് സംശയമുണ്ടായിരുന്നതെന്നും നുസൂര്‍ ആരോപിച്ചു.

Content Highlights: S. Sreejith’s transfer the interrogation of Kavya in actress attack case will be delayed