പുതുവൈപ്പില്‍ പൊലീസ് രാജിനെ വീണ്ടും തള്ളി എസ്. ശര്‍മ്മ: മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ സി.പി.ഐ.എമ്മിലും അമര്‍ഷം
Kerala
പുതുവൈപ്പില്‍ പൊലീസ് രാജിനെ വീണ്ടും തള്ളി എസ്. ശര്‍മ്മ: മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ സി.പി.ഐ.എമ്മിലും അമര്‍ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th June 2017, 12:52 pm

കൊച്ചി: പുതുവൈപ്പില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരായ പൊലീസ് ഭീകരതയെ തള്ളി മുന്‍ മന്ത്രിയും എം.എല്‍.എയുമായ എസ്. ശര്‍മ്മ. ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന രീതി ശരിയല്ലെന്നു പറഞ്ഞ അദ്ദേഹം ബലപ്രയോഗം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്നതല്ല ഇത്തരം സമരങ്ങളെന്നും വ്യക്തമാക്കി. മാതൃഭൂമി ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെയും സമരക്കാര്‍ക്കെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ എസ്. ശര്‍മ്മ രംഗത്തുവന്നിരുന്നു. പൊലീസ് നടപടിയെ കാടത്തമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. ഇന്ന് വീണ്ടും പൊലീസിനെ ഉപയോഗിച്ച് സമരത്തെ നേരിട്ട സാഹചര്യത്തിലാണ് ഈ രീതിയിലല്ല ജനകീയ സമരത്തെ നേരിടേണ്ടതെന്നു പറഞ്ഞുകൊണ്ട് സര്‍ക്കാറിനെ തിരുത്തി ശര്‍മ്മ രംഗത്തെത്തിയിരിക്കുന്നത്.


Don”t Miss: മിസ്റ്റര്‍ വിജയന്‍, കടലെടുക്കുന്ന കരയില്‍ വ്യവസ്ഥകള്‍ ലംഘിച്ച് ഇന്ധനടാങ്ക് കുഴിച്ചിടാന്‍ നാട്ടുകാരെ തല്ലുന്നതല്ല വികസനം: ഹരീഷ് വാസുദേവന്‍


കഴിഞ്ഞദിവസം മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്തിമ വിധിവരും വരെ ഐ.ഒ.സിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ ഈ ഉറപ്പ് ലംഘിച്ച് ഇന്നുരാവിലെ വീണ്ടും നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു. നിര്‍മാണം നിര്‍ത്താന്‍ മുഖ്യമന്ത്രി അനുവദിക്കില്ല എന്നാണ് ഇതുസംബന്ധിച്ച് മേഴ്‌സിക്കുട്ടിയമ്മയെ വിളിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞതെന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ നിലപാടാണ് പൊലീസ് അതിക്രമത്തിനു വഴിവെച്ചതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

സമരത്തെ ഇത്തരത്തില്‍ നേരിടുന്നതിനെതിരെ സി.പി.ഐ.എമ്മിനുള്ളില്‍ തന്നെ കടുത്ത അതൃപ്തിയുയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്. ശര്‍മ്മയുടെയും മേഴ്‌സിക്കുട്ടിയമ്മയുടെയും പ്രതികരണങ്ങള്‍ ഇതിനു ഉദാഹരണമാണ്. പൊലീസ് നടപടിയെ അനുകൂലിച്ച് സി.പി.ഐ.എമ്മില്‍ നിന്നും ആരും തന്നെ ഇതുവരെ രംഗത്തെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ അഭിപ്രായ ഭിന്നതകള്‍ ഉയര്‍ന്നിട്ടും പൊലീസിനെ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല എന്നുള്ളത് വിമര്‍ശനങ്ങള്‍ മൂലം വികസന പദ്ധതിയില്‍ നിന്ന് പിന്മാറില്ല എന്ന മെട്രോ ഉദ്ഘാടന വേദിയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന സമരക്കാര്‍ക്കുള്ള മുന്നറിയിപ്പാണെന്ന വിലയിരുത്തലുകള്‍ ശരിവെക്കുന്നതാണ്.

ഫോട്ടോ കടപ്പാട്: മനോരമ ഓണ്‍ലൈന്‍