| Tuesday, 17th May 2022, 11:57 am

സിനിമക്ക് പിന്നിലെ ഹിഡന്‍ അജണ്ടയെ കുറിച്ചോര്‍മ്മിപ്പിച്ച് മെസഞ്ചറിലും വാട്‌സ് ആപ്പിലും വരുന്നവരിലും കുട്ടനുണ്ട്: ശാരദക്കുട്ടി

എസ്. ശാരദക്കുട്ടി

പുഴു കണ്ടിട്ട്, മമ്മൂട്ടി അവതരിപ്പിച്ച കുട്ടനെ പോലെ ഒരു ബ്രാഹ്‌മണന്‍ ഇന്ന് എവിടെയുണ്ട് എന്ന് അമ്പരക്കുന്നവരോടാണ്. അയാള്‍ എന്റെയും നിങ്ങളുടെയും ഉള്ളിലുണ്ട്. അയാള്‍ ഉള്ളിലേക്കു വിരല്‍ ചൂണ്ടി എന്നെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. എന്റെ കൂടെ എന്റെ ചുറ്റും ജീവിക്കുന്നവരിലെല്ലാം അയാളെ ഞാന്‍ കാണുന്നുണ്ട്.

സിനിമക്കു പിന്നിലെ ഹിഡന്‍ അജണ്ടയെ കുറിച്ചോര്‍മ്മിപ്പിച്ച് മെസഞ്ചറിലും വാട്‌സ് ആപ്പിലും വരുന്നവരിലും കുട്ടനുണ്ട് . അവരിലും അയാളുടെ ഭീതിയുണ്ട്. എല്ലാത്തിനെയും നശിപ്പിക്കാന്‍ മാത്രം ശക്തമാണ് അവരുടെ ഉള്ളിലെ ആ ഭയം, ആ ഭീരുത്വം, ആ ആത്മവിശ്വാസമില്ലായ്മ, ആ സംശയ രോഗങ്ങള്‍.

ഞാന്‍ മാത്രം മതി, എന്റെ ജാതിയും കുലമഹിമയും മാത്രം മതി എന്നാണയാള്‍ ഓരോ നോക്കിലും ഓരോ ചുവടുവെയ്പിലും അര്‍ഥമാക്കുന്നത്. മമ്മൂട്ടിയുടെ നിസ്സംഗമെന്നും നിര്‍വ്വികാരമെന്നും നിര്‍മ്മമമെന്നും തോന്നിപ്പിക്കുന്ന ആ ചലനങ്ങള്‍ എത്രമാത്രം ഭയപ്പെടുത്തുന്നതാണ്.

ജാത്യധികാരഭീകരതയുടെയും, സാമ്പത്തികാധികാര ധാര്‍ഷ്ട്യത്തിന്റെയും പാട്രിയാര്‍ക്കല്‍ അധികാരഘടനയുടെയും ക്രൂരവും കഠിനവുമായ ദുര്‍വ്വാശികള്‍ കുട്ടന്റെയുള്ളില്‍ എത്രയുണ്ടോ അത്ര തന്നെ നമ്മുടെയുള്ളിലുമുണ്ട് എന്നത് ഓര്‍മ്മിപ്പിക്കുക മാത്രമാണ് ആ നിര്‍വ്വികാരതയിലൂടെ സിനിമ ചെയ്യുന്നത്.

പൊതുവേ നിശ്ശബ്ദനായ അയാള്‍ എത്ര തിടുക്കത്തിലാണ് കരുക്കള്‍ നീക്കുന്നത്. ചെസ്സ് കളിക്കാരന്റെതു പോലെ സൂക്ഷ്മതയുള്ള ആ മുഖം ബീഭത്സമായ ജാതിവൈകൃതവും ലിംഗപരമായ ആണ്‍കോയ്മാആഭാസങ്ങളും കുടുംബ സംബന്ധിയായ നഗ്‌നമായ ദുരഭിമാനങ്ങളും എത്ര കൃത്യമായിട്ടാണ് വെളിവാക്കുന്നത്. ഇത്തരമൊരു ബ്രാഹ്‌മണന്‍ പുറത്തെവിടെയുമല്ല, നമ്മുടെ ഉള്ളിലാണ്.

തെരഞ്ഞെടുപ്പുകളും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്ന ചെറുപ്പക്കാരുടെ കൂടെയാണ് എന്നഭിനയിക്കുന്ന പലരുടെയും ഉള്ളിലുള്ള ജാതീയവിഷം പുളിച്ചു തേട്ടി വരുന്നത് എത്രയോ തവണ ഞാനും കേള്‍ക്കുന്നുണ്ടായിരുന്നു.

മുന്‍പ് കെവിനെ ശാരീരികമായി ആക്രമിക്കുകയും ഇല്ലാതാക്കുകയും ചെയ്തവരേക്കാള്‍, ഞാന്‍ കേട്ടത് ചുറ്റും നിന്ന്, ‘അവനതു കിട്ടണം, അവള്‍ക്കങ്ങനെ തന്നെ വരണം, പെണ്ണിനെ കയറൂരി വിട്ട വീട്ടുകാരെ തല്ലണം, ഒന്നേയുള്ളെങ്കിലും ഉലക്കക്കടിച്ചു വളര്‍ത്തണം ‘ എന്നൊക്കെയുള്ള ആക്രോശങ്ങളെയാണ്.

അതെല്ലാം കൂടി ഒന്നിച്ചൊരാളില്‍ കണ്ടതാണ് പുഴുവിലെ കുട്ടനില്‍. എന്തൊരടിയാണ് അപ്രതീക്ഷിതമായ ആ മുഹൂര്‍ത്തത്തില്‍ അയാളടിക്കുന്നത്. ഒറ്റയടിയില്‍ തീരണമെങ്കില്‍ അത്രക്കു ജാഗ്രത വേണം. അത്രക്കു ചതി ഉള്ളില്‍ വേണം.

എന്നിട്ടാണ് നമ്മള്‍ ചോദിക്കുന്നത് ഇങ്ങനെയൊരു ബ്രാഹ്‌മണന്‍ ഇന്നെവിടെയുണ്ട് എന്ന്. ആ ബ്രാഹ്‌മണന്‍ ഒറ്റയൊരാളല്ല, ഒരുപാടുപേരെ ഞെക്കിപ്പിഴിഞ്ഞെടുത്ത വിഷസത്താണ്. ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെയുള്ളില്‍ അടിഞ്ഞു കിടക്കുന്ന ജാതി – അധികാര – ലിംഗ വെറികളെ ഒറ്റയുടലില്‍ സന്നിവേശിപ്പിച്ചതാണ്.

ഇതൊരു കുട്ടപ്പന്റെയും ഭാരതിയുടെയും കുട്ടന്റെയും കിച്ചന്റെയും അമീറിന്റെയും പോളിന്റെയും സ്വകാര്യ പ്രശ്‌നമല്ല. ജാത്യധികാര – പുരുഷാധികാര ശാസനകളെ ചോദ്യം ചെയ്തതിന്റെ പേരില്‍ രക്തസാക്ഷികളാകേണ്ടി വന്ന നിരവധി പേര്‍ നമ്മുടെ ചരിത്രത്തിലുണ്ട്.

മാനസികമായും ശാരീരികമായും ജാതീയമായും സാമ്പത്തികമായും സാമൂഹ്യമായും അവര്‍ നേരിട്ട സംഘര്‍ഷങ്ങള്‍ വലിയ മാറ്റമൊന്നുമില്ലാതെ ഇന്നും നിലനില്‍ക്കുന്നു എന്ന് ഉറപ്പിക്കേണ്ടി വരുന്നത് എത്ര ലജ്ജാകരമായ അവസ്ഥയെന്ന് ചലച്ചിത്രം ഓര്‍മ്മിപ്പിക്കുമ്പോള്‍ ഞാന്‍ പലവട്ടം തലകുനിച്ചു. കുട്ടന്‍ എന്റെയുള്ളിലുമുണ്ട്. ഉറപ്പായും ഉണ്ട് എന്ന് ഞാന്‍ തിരിച്ചറിയുന്നു.

Content Highlight: S Saradakutty write up about puzhu movie

എസ്. ശാരദക്കുട്ടി

We use cookies to give you the best possible experience. Learn more