ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയില്‍ ആരോപണങ്ങള്‍ കനത്തിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു നടി രാധിക ശരത്കുമാര്‍ കാരവനില്‍ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുന്നതായി വെളിപ്പെടുത്തിയത്. സെറ്റില്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്ന് നടിമാരുടെ നഗ്‌നദൃശ്യങ്ങള്‍ ആസ്വദിക്കുന്നത് താന്‍ നേരിട്ട് കണ്ടെന്ന് രാധിക മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പിന്നാലെ അത് ശരിവെക്കുന്ന തരത്തിലുള്ള മുകേഷിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. പരസ്യമായി ഇങ്ങനെ അശ്ലീലവും ആഭാസവും ഇക്കിളിനുണകളും പറയുന്നയാള്‍ ഇടതുപക്ഷത്ത് ഇരിക്കുന്നത് നിയമസഭക്ക് ഒരു അലങ്കാരമാണ് എന്നാണ് ശാരദക്കുട്ടി പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
തെന്നിന്ത്യന്‍ അഭിനേത്രി രാധിക ശരത് കുമാര്‍ പറഞ്ഞ ഗുരുതരമായ ആരോപണത്തെ ശരിവെക്കുന്ന തരത്തില്‍ മുകേഷിന്റേതായ ഒരു വീഡിയോ ക്ലിപ് കണ്ടു. ഏതോ ചാനല്‍ പരിപാടിക്കിടയില്‍ മുകേഷ് പറഞ്ഞത് രാധിക പറഞ്ഞതുമായി ചേര്‍ന്നു പോകുന്നുണ്ട്.
പാതിരാത്രി കഴിഞ്ഞ് കാരവനിലെ ഒരു ഭാഗത്തു നിന്ന് കേള്‍ക്കുന്ന പൊട്ടിച്ചിരികളെ കുറിച്ച് രാധിക ചോദിച്ചതിനുള്ള മറുപടിയായാണ് തങ്ങളുടെ ആ ‘കോമഡിടൈമി’നെ കുറിച്ച് മുകേഷ് പറയുന്നത്. ആഭാസക്കഥകള്‍ പറയാന്‍ ഇയാള്‍ മുമ്പും തന്റെ ചാനല്‍ സാന്നിധ്യം ഉപയോഗിച്ചിട്ടുണ്ട്. കയ്യടിച്ച് ആര്‍ത്തട്ടഹസിച്ച് അവതാരകരും അനുസാരികളും പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
അതിപ്രശസ്തയും ജനസമ്മതയും ആരാധ്യയുമായ ഒരു മുതിര്‍ന്ന നടി ഒരു പൊതുചടങ്ങിനിടെ പണം ബ്ലൗസിനിടയില്‍ തിരുകിയെന്നും അത് തിരിച്ചെടുത്ത് മേശപ്പുറത്തു വെച്ചപ്പോള്‍ ആ വിയര്‍ത്ത നോട്ട് എടുക്കാനായി ആരാധകര്‍ ഓടിക്കൂടിയെന്നുമാണ് നടിയുടെ പേരുള്‍പ്പെടെ വെളിപ്പെടുത്തി, അറയ്ക്കുന്ന മുഖചേഷ്ടകളോടെ മുകേഷ് പറഞ്ഞത്. ചാനല്‍ അത് കട്ട് ചെയ്യാനുള്ള മര്യാദ പോലും കാണിച്ചില്ല.
പൊതുവേദിയില്‍ ബ്ലൗസിനിടയില്‍ നോട്ട് തിരുകി വെക്കുന്ന സെലിബ്രിറ്റി താരം എന്നത് ഒരു വലിയ നുണയാണ്. അതു തിരിച്ചെടുത്ത് മേശപ്പുറത്ത് വെക്കുന്നുവെന്നത് അതിലും വലിയ നുണയാണ്.
പരസ്യമായി ഇങ്ങനെ അശ്ലീലവും ആഭാസവും ഇക്കിളിനുണകളും പറയുന്നയാള്‍ ഇടതുപക്ഷത്ത് ഇരിക്കുന്നത് നിയമസഭക്കൊരലങ്കാരമാണ്.
അയാളെ ഇറക്കി വിടരുത്. ഗാര്‍ഹികപീഡനക്കാരനാണ്. മുന്‍ ഭാര്യമാര്‍ സാക്ഷ്യം പറയുന്നതാണ്. ഒരൊറ്റ ചോദ്യവും ചോദിക്കരുത് അയാള്‍ക്കെതിരെ. ദയവു ചെയ്ത് ഇടതുപക്ഷത്തെ തകര്‍ക്കരുത്. സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ മുഴുവന്‍ വന്ന് സാക്ഷ്യം പറഞ്ഞാലും മമ്മൂട്ടിയും മോഹന്‍ലാലും പറയില്ല അയാള്‍ക്കെതിരെ.
‘ദയവു ചെയ്ത് സിനിമയെ നശിപ്പിക്കരുത്. നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കു. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പവും നില്‍ക്കാം’.
Content Highlight: S Saradakutty’s Facebook Post About Mukesh