| Friday, 28th July 2017, 9:58 am

താരങ്ങളുടെ ചാനല്‍ ബഹിഷ്‌കരണം; വര്‍ഷങ്ങളായി കേള്‍ക്കാന്‍ ആഗ്രഹിച്ച വാര്‍ത്തയെന്ന് എസ്. ശാരദക്കുട്ടി; ഇതിലും സന്തോഷം തരുന്ന മറ്റൊരു തീരുമാനവുമില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ചാനലുകള്‍ മത്സരിച്ചെന്നാരോപിച്ച് സിനിമാ താരങ്ങള്‍ ഈ ഓണത്തിന് ചാനല്‍ പരിപാടി ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി എഴുത്തുകാരിയും അധ്യാപികയുമായ എസ്. ശാരദക്കുട്ടി.

“താരങ്ങള്‍ ചാനലുകള്‍ ബഹിഷ്‌കരിക്കുന്നു. ഇതിലും സന്തോഷം തരുന്ന ഒരു തീരുമാനവും മലയാളി താരങ്ങള്‍ സ്വീകരിക്കാനില്ല എന്നാണ് ശാരദക്കുട്ടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.


Dont Miss സ്വീകരണം പോര; നിശ്ചയിച്ച പരിപാടി ഉദ്ഘാടനം ചെയ്യാതെ ഡി.ജി.പി ആര്‍. ശ്രീലേഖ മടങ്ങി; സൂപ്രണ്ടിന്റെ ക്ഷമാപണവും വിലപ്പോയില്ല


വര്‍ഷങ്ങളായി ഞങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച ഒരു വാര്‍ത്തയാണിത്. യാതൊരു സാമൂഹ്യ ഉത്തരവാദിത്തവും പാലിക്കാത്ത നിങ്ങള്‍, ഓണവും വിഷുവും ക്രിസ്തുമസും പെരുന്നാളും ആനയിച്ചു കൊണ്ടുള്ള ആ വരവ് ആലോചിക്കുമ്പോള്‍ ആ ദിവസങ്ങളില്‍ ടിവി ഓണ്‍ ചെയ്യാന്‍ പോലും ഭയമായിരുന്നെന്നും ശാരദക്കുട്ടി പറയുന്നു.

നിങ്ങളെ ഞങ്ങള്‍ ആസ്വദിക്കുകയായിരുന്നില്ല, അടിച്ചേല്പിക്കപ്പെടുകയായിരുന്നു. വിവേകമുള്ള ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിലൂടെ ചിലപ്പോള്‍ മലയാളി പ്രേക്ഷകരില്‍ നിന്നും നഷ്ടപ്പെട്ട നിങ്ങളുടെ പ്രതിച്ഛായകള്‍ വീണ്ടെടുക്കാന്‍ ആയേക്കും.

കുറച്ചു നാളത്തേക്കെങ്കിലും ഞങ്ങളുടെ കണ്‍വെട്ടത്തു നിന്ന് മാറി നില്‍ക്കുക. അത്രയുമൊക്കെ ആവശ്യപ്പെടാനുള്ള ധാര്‍മ്മിക ബാധ്യത ഞങ്ങള്‍ക്കുണ്ടെന്നും ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഓണത്തിന് ചാനലുകളില്‍ വന്നിരുന്ന് അഭിമുഖങ്ങളൊന്നും നല്‍കേണ്ടതില്ലെന്നും ഓണത്തിന് പുറത്തിറങ്ങുന്ന സിനിമകളുടെ പ്രചാരണത്തിന് ചാനലുകളില്‍ പോകേണ്ടതില്ലെന്നും താരങ്ങള്‍ അനൗദ്യോഗികമായി തീരുമാനമെടുത്തതായായിരുന്നു വിവരം. മാത്രമല്ല ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ പ്രമുഖ താരങ്ങളൊന്നും പങ്കെടുക്കുന്നുമില്ലായിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
താരങ്ങള്‍ ചാനലുകള്‍ ബഹിഷ്‌കരിക്കുന്നു. ഇതിലും സന്തോഷം തരുന്ന ഒരു തീരുമാനവും മലയാളി താരങ്ങള്‍ സ്വീകരിക്കാനില്ല. വര്‍ഷങ്ങളായി ഞങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചത്. യാതൊരു സാമൂഹ്യ ഉത്തരവാദിത്തവും പാലിക്കാത്ത നിങ്ങള്‍, ഓണവും വിഷുവും ക്രിസ്തുമസും പെരുന്നാളും ആനയിച്ചു കൊണ്ടുള്ള ആ വരവ് ആലോചിക്കുമ്പോള്‍ ആ ദിവസങ്ങളില്‍ ടിവി ഓണ്‍ ചെയ്യാന്‍ പോലും ഭയമായിരുന്നു.നിങ്ങളെ ഞങ്ങള്‍ ആസ്വദിക്കുകയായിരുന്നില്ല, അടിച്ചേല്പിക്കപ്പെടുകയായിരുന്നു. വിവേകമുള്ള ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിലൂടെ ചിലപ്പോള്‍ മലയാളി പ്രേക്ഷകരില്‍ നിന്നും നഷ്ടപ്പെട്ട നിങ്ങളുടെ പ്രതിച്ഛായകള്‍ വീണ്ടെടുക്കാന്‍ ആയേക്കും.കുറച്ചു നാളത്തേക്കെങ്കിലും ഞങ്ങളുടെ കണ്‍വെട്ടത്തു നിന്ന് മാറി നില്‍ക്കുക.അത്രയുമൊക്കെ ആവശ്യപ്പെടാനുള്ള ധാര്‍മ്മിക ബാധ്യത ഞങ്ങള്‍ക്കുണ്ട്.

We use cookies to give you the best possible experience. Learn more