|

നന്ദിയല്ല, മാപ്പ് പറയൂ; അറിയാപൈതങ്ങള്‍ക്ക് 'തെറ്റുതിരുത്തി'ക്കൊടുത്ത പെണ്ണുങ്ങളോട്: എസ്. ശാരദക്കുട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ രംഗത്തെ ലൈംഗികാതിക്രമങ്ങളില്‍ പരാതിയുമായി കൂടുതല്‍ ആളുകള്‍ രംഗത്ത് വന്നതോടെ താരസംഘടനയായ അമ്മയില്‍ നിന്ന് മോഹന്‍ലാല്‍ രാജിവെച്ചിരുന്നു. പിന്നാലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു.

ഭരണ സമിതി അതിന്റെ ധാര്‍മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു എന്നായിരുന്നു മോഹന്‍ലാലിന്റെ രാജിക്കത്തില്‍ പറഞ്ഞിരുന്നത്. വിമര്‍ശിച്ചതിനും തിരുത്തിയതിനും എല്ലാവര്‍ക്കും നന്ദിയെന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹത്തിന്റെ രാജിക്കത്ത് അവസാനിച്ചത്.

ഇപ്പോള്‍ ഇതിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് എഴുത്തുക്കാരി എസ്. ശാരദക്കുട്ടി. എല്ലാം തകരുമെന്നായപ്പോള്‍ അവസാനനിമിഷം അറിയാപൈതങ്ങള്‍ക്ക് ‘തെറ്റുതിരുത്തി’ക്കൊടുത്ത പെണ്ണുങ്ങളോടാണ് നന്ദി പറയുന്നതെന്നാണ് പോസ്റ്റില്‍ പറയുന്നത്. നന്ദിയല്ല, മാപ്പാണ് പറയേണ്ടത് എന്നാണ് ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘തെറ്റു തിരുത്തിയവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും നന്ദി’. രാജിവെച്ച അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍
60-65 വയസുവരെ തെറ്റേതെന്നറിയാതെ ചെയ്തു പോയ പാവം ‘തമാശ’കള്‍, വെറും അര്‍മാദിക്കലുകള്‍. ചുമ്മാ ആഘോഷങ്ങള്‍.

എല്ലാം തകരുമെന്നായപ്പോള്‍ ദേ ഈ അവസാനനിമിഷം അറിയാപൈതങ്ങള്‍ക്ക് ‘തെറ്റുതിരുത്തി’ക്കൊടുത്ത പെണ്ണുങ്ങളോടാണ് നന്ദി പറയുന്നത്. നന്ദിയല്ല, മാപ്പ് മാപ്പ് മാപ്പ് എന്ന് മൂന്നുതവണ പറയൂ

296 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമായിരുന്നു ഹേമകമ്മിറ്റി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്നും സിനിമാ രംഗത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ആരോപണങ്ങളുമായി നിരവധിയാളുകള്‍ മുന്നോട്ട് വന്നിരുന്നു.

കഴിഞ്ഞ ദിവസം ആരോപണങ്ങള്‍ക്ക് പിന്നാലെ ‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജി വെച്ചിരുന്നു. അമ്മയുടെ ജോയിന്‍ സെക്രട്ടറി ആയിരുന്ന ബാബുരാജ് സിദ്ദിഖിന്റെ രാജിക്ക് ശേഷം ആക്ടിങ് ജനറല്‍ സെക്രട്ടറിയായിരുന്നു. പിന്നാലെ ബാബുരാജിന് എതിരെ ആരോപണങ്ങള്‍ ഉയരുകയും പലരും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ അമ്മയില്‍ നിന്ന് രാജിവെച്ചത്.

Content Highlight: S Saradakkutty Talks About Mohanlal’s Resign