അഭിനയത്തിന്റെ കാര്യത്തില്‍ മലയാളത്തിലെ അഭിനേതാക്കളാണ് ഏറ്റവും മികച്ചതെന്ന് സംവിധായകന്‍ എസ്.എസ്. രാജമൗലി. പ്രേമലുവിന്റെ വിജയാഘോഷ ചടങ്ങിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. ഏറെ അസൂയയുടെയും വേദനയോടെയും കൂടെയാണ് താന്‍ ഇത് പറയുന്നതെന്നും രാജമൗലി കൂട്ടിച്ചേര്‍ത്തു.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു. മമിത ബൈജു, നസ്ലെന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം കേരളത്തിലെ വന്‍ വിജയത്തിന് പിന്നാലെ തെലുങ്ക് ഡബ്ബ് വേര്‍ഷന്‍ റിലീസായിരുന്നു.
രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയയായിരുന്നു തെലുങ്ക് ഡബ്ബിങ് റൈറ്റ്‌സ് വാങ്ങിയിരുന്നത്. ഒരിടവേളക്ക് ശേഷം മലയാളത്തിലെത്തിയ പെര്‍ഫെക്ട് റോം കോം എന്റര്‍ടൈനറാണ് പ്രേമലു. സിനിമക്ക് പൊതുവെ വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.
പ്രേമലുവിന്റെ വിജയാഘോഷ ചടങ്ങില്‍ എസ്.എസ്. രാജമൗലി ചിത്രത്തിലെ താരങ്ങളുടെ പ്രകടനങ്ങളും പ്രത്യേകമെടുത്തു പറഞ്ഞു. ഇതിന് മുമ്പ് പ്രേമലു കണ്ട ശേഷം രാജമൗലി ചിത്രത്തെ അഭിനന്ദിച്ചിരുന്നു.
പ്രേമലു തെലുങ്കില്‍ കാര്‍ത്തികേയ ചെയ്തതില്‍ വളരെ സന്തോഷമുണ്ടെന്നും ട്രെയ്‌ലര്‍ കണ്ടപ്പോള്‍ തന്നെ മമിത ബൈജു അവതരിപ്പിച്ച റീനുവെന്ന കഥാപാത്രം ഇഷ്ടമായെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. നസ്ലെന്റെ സച്ചിനെന്ന കഥാപാത്രം ലവബിളാണെന്ന് എക്സില്‍ കുറിച്ച രാജമൗലി തന്റെ ഫേവറിറ്റ് കഥാപാത്രം ശ്യാം മോഹന്‍ അവതരിപ്പിച്ച ആദിയാണെന്നും അന്ന് പറഞ്ഞിരുന്നു.
കേരളത്തിലെ വിജയത്തിന് പിന്നാലെ തെലുങ്കിലും വലിയ വിജയമാവുകയാണ് പ്രേമലു. കഴിഞ്ഞ ദിവസം സിനിമ കണ്ട് പ്രേമലുവിനെയും അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ച് തെലുങ്ക് താരം മഹേഷ് ബാബുവും രംഗത്ത് വന്നിരുന്നു. അടുത്ത കാലത്ത് ഇതുപോലെ ചിരിച്ച സിനിമ മറ്റൊന്നില്ലെന്നും തനിക്കും കുടുംബത്തിനും പ്രേമലു ഇഷ്ടപ്പെട്ടെന്നും മഹേഷ് തന്റെ എക്സില്‍ കുറിക്കുകയായിരുന്നു.
Content Highlight: S S Rajamouli Talks About Malayalam Movies