എസ്.എസ്.എല്‍.സി ഫലം: വീഴ്ച പറ്റിയെന്ന് മന്ത്രി അബ്ദുറബ്ബ്
Daily News
എസ്.എസ്.എല്‍.സി ഫലം: വീഴ്ച പറ്റിയെന്ന് മന്ത്രി അബ്ദുറബ്ബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd September 2015, 10:11 am

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലത്തിലെ വീഴ്ചയ്ക്ക് പരീക്ഷാ ഭവന്‍ സെക്രട്ടറിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ്.

ഗുരുതര വീഴ്ച വരുത്തിയ മുന്‍ പരീക്ഷ സെക്രട്ടറിക്കെതിരെ നടപടിക്ക് പൊതു വിദ്യാഭ്യാസ സെക്രട്ടറി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഡി.പി.ഐ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുക്കുക. പരീക്ഷാഭവനിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും.

സംഭവത്തില്‍ പരീക്ഷാ കേന്ദ്രത്തിലെയും പരീക്ഷാ ഭവനിലെയും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. മാര്‍ക്ക് രേഖപ്പെടുത്തുന്നതില്‍ ഇവര്‍ പിഴവ് വരുത്തി.

കൂടാതെ, പരീക്ഷാ ഭവനിലെ കോര്‍ സൂപ്പര്‍വൈസര്‍മാരും പരീക്ഷാ കേന്ദ്രത്തിലെ ചീഫ് സുപ്രണ്ടുമാരും സിസ്റ്റം മാനേജര്‍മാരും ഉത്തരവാദികളാണ്.

പരീക്ഷാനടത്തിപ്പില്‍ അപ്പാടെ കുഴപ്പങ്ങളുണ്ടായി. മാര്‍ക്ക് രേഖപ്പെടുത്തുന്നതില്‍, കൈമാറുന്നതില്‍ ഡേറ്റാ എന്‍ട്രിയില്‍, സ്‌കോര്‍ രേഖപ്പെടുത്തുന്നതില്‍ തുടങ്ങിയിടത്തു പിഴവുവന്നു.

പരീക്ഷയ്ക്കു ഹാജരാകാതിരുന്നവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയതിലും പിഴവുണ്ടായി. പരീക്ഷാഭവനിലെ താഴെ മുതല്‍ മുകളില്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്കു വീഴ്ചപറ്റിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, വരും വര്‍ഷങ്ങളില്‍ നടത്തുന്ന എസ്.എസ്.എല്‍.സി പരീക്ഷകളില്‍ പിഴവ് സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.

പരീക്ഷാ ഫലം കൈകാര്യം ചെയ്യുന്ന രീതി പരിഷ്‌കരിക്കണം, ഇതിനായി ബയോമെട്രിക് ബാര്‍കോഡ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം, പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

പാഠപുസ്തക വിതരണം വൈകിയതില്‍ ധനവകുപ്പിനും അച്ചടി വകുപ്പിനും വീഴ്ച സംഭവിച്ചതായും മന്ത്രി അബ്ദുറബ്ബ് പറഞ്ഞു. പണം അനുവദിക്കാന്‍ ധനവകുപ്പ് താമസം വരുത്തി. കൂടാതെ, പാഠപുസ്തകങ്ങള്‍ കളറില്‍ അച്ചടിച്ചത് വിതരണം വൈകാന്‍ ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു.