കോഴിക്കോട്: എസ്.എസ്.എയുടെ സ്‌പെഷ്യലിസ്റ്റ് അധ്യാപക നിയമനത്തിലെ ക്രമക്കേടിനെതിരെ എസ്.എസ്.എ ജില്ലാ ഓഫീസിന് മുന്നില്‍ 50 ഓളം വരുന്ന സ്‌പെഷ്യലിസ്റ്റ് ടീച്ചേഴ്‌സ് നടത്തുന്ന സമരം 31 ാം ദിവസത്തിലേക്ക് കടന്നു.
2016 ഒക്ടോബറിലായിരുന്നു സ്‌പെഷ്യലിസ്റ്റ് അധ്യാപക നിയമനത്തിനായി എസ്.എസ്.എ അപേക്ഷ ക്ഷണിച്ചത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സീനിയോറിറ്റി ഉള്ളവര്‍, പ്രായപരിധി 50 ആയവര്‍, നിലവില്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍പ്പെട്ടവര്‍, മുന്‍പരിചയം ഉള്ളവര്‍ എന്നിവര്‍ക്കായിരുന്നു മുന്‍ഗണന.
എന്നാല്‍ ഇന്റര്‍വ്യൂ കഴിഞ്ഞ് പുറത്തിറക്കിയ ലിസ്റ്റില്‍ 2015-2015 ല്‍ യോഗ്യതാ പരീക്ഷ എഴുതിയവര്‍ക്ക് പോലും നിയമന ഉത്തരവ് ലഭിക്കുകയും പ്രായപരിധിയും മുന്‍ പരിചയവും സീനിയോറിറ്റിയുമുള്ള തങ്ങളെപ്പോലുള്ളവരെ ഒഴിവാക്കുകയുമായിരുന്നെന്നും അധ്യാപകര്‍ പറയുന്നു. വ്യക്തിതാതപര്യത്തിനും കക്ഷിരാഷ്ട്രീയത്തിനും അടിമപ്പെട്ടുള്ള ഒരു നിയമനം ആയിരുന്നു ഇതെന്നും ഇവര്‍ ആരോപിക്കുന്നു.
സി.പി.ഐ.എമ്മിന്റെ ജില്ലാകമ്മിറ്റി ഓഫീസില്‍ നിന്നും കൊടുത്തയച്ച ലിസറ്റ് അതേപടി അംഗീകരിച്ചുകൊണ്ടുള്ള നിയമനമായിരുന്നു നടത്തിയതെന്ന് സമരസമിതി ചെയര്‍മാന്‍ പ്രസന്ന കെ.കെ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഇന്റര്‍വ്യൂവിന്റെ മാനദണ്ഡമെല്ലാം കാറ്റില്‍പറത്തിയുള്ള നിയമനമാണ് നടത്തിയത്. ഇതിന്റെയെല്ലാം തെളിവ് ഞങ്ങളുടെ കൈവശമുണ്ട്. നിയമന ഉത്തരവ് ലഭിച്ചവര്‍ ഹാജരാക്കിയ മുന്‍പരിചയ സര്‍ട്ടിഫിക്കറ്റ് അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് തരപ്പെടുത്തിയതായിരുന്നു. ഇത്തരത്തില്‍ സ്വന്തക്കാരെ തിരുകിക്കയറ്റിയുള്ള നിയമനമായിരുന്നു നടത്തിയതെന്നും ഇവര്‍ പറയുന്നു.
അര്‍ഹതപ്പെട്ട തങ്ങളെപ്പോലുള്ള അധ്യാപകരെ പുറത്ത് നിര്‍ത്തി ഡി.പി.ഒയും അവരുടെ കൂട്ടാളികളും നടത്തിയ അഴിമതി പുറത്തുകൊണ്ടുവന്നേ തീരൂ. ഇവരുടെ ഈ നടപടിക്കെതിരെ ഇന്ന് വൈകുന്നേരം 5 മണിക്ക് കിഡ്സ്റ്റണ്‍ കോര്‍ണറില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കും. ഈ അഴിമതി പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കാന്‍ വേണ്ടി കൂടിയാണ് ഇത്തരമൊരു പ്രതിഷേധ സമരം നടത്തുന്നതെന്നും പ്രസന്ന കെ.കെ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
സമരം 21 ദിവസം പിന്നിട്ട ദിവസം ഡി.വൈ.എഫ്.ഐ ചാലപ്പുറം മേഖലാ സെക്രട്ടറിയാണെന്ന് പറഞ്ഞ് ഒരാള്‍ ഞങ്ങളുടെ സമരപ്പന്തലില്‍ എത്തി കസേര ചവിട്ടി തെറിപ്പിക്കുകയും നിങ്ങള്‍ ഇവിടെ ചൊറിച്ചില്‍ മാറാതെ ഇപ്പോഴും ഇരിക്കുകയാണോ എന്ന് ചോദിച്ച് തന്നെ അപമാനിച്ചെന്നും ഇവര്‍ പറയുന്നു.
വിഷയത്തില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഇവര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.