25 സീറ്റിലെങ്കിലും വിജയിക്കാനായില്ലെങ്കില്‍ എന്തിനാണ് ഇങ്ങനൊരു പാര്‍ട്ടി; ഇനി ആര്‍.എസ്.എസിനെപ്പോലെ പ്രവര്‍ത്തിക്കണമെന്ന് പട്ടാണി മക്കള്‍ കച്ചി
national news
25 സീറ്റിലെങ്കിലും വിജയിക്കാനായില്ലെങ്കില്‍ എന്തിനാണ് ഇങ്ങനൊരു പാര്‍ട്ടി; ഇനി ആര്‍.എസ്.എസിനെപ്പോലെ പ്രവര്‍ത്തിക്കണമെന്ന് പട്ടാണി മക്കള്‍ കച്ചി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st December 2020, 6:56 pm

ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അണികള്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി പട്ടാണി മക്കള്‍ കച്ചി(പി.എം.കെ) നേതാവ് എസ്. രാമദോസ്. ആര്‍.എസ്.എസ് പ്രവര്‍ത്തന മാതൃക പിന്തുടരുന്നത് പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

വ്യാഴാഴ്ച നടന്ന ഒരു വിര്‍ച്വല്‍ മീറ്റിംഗിനിടെയായിരുന്നു രാമദോസിന്റെ ഈ പ്രസ്താവന. 25 മണ്ഡലങ്ങളില്‍ പോലും വിജയിക്കാന്‍ ആയില്ലെങ്കില്‍ ഇങ്ങനൊരു പാര്‍ട്ടിയുടെ തന്നെ ആവശ്യകതയെന്താണെന്നും അദ്ദേഹം അണികളോട് ചോദിച്ചു.

ഇതുവരെ നമ്മള്‍ 9 പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളും ആറ് നിയമസഭാ തെരഞ്ഞെടുപ്പുകളെയും നേരിട്ടു. ഓരോ തെരഞ്ഞെടുപ്പിലും ഒരു ശതമാനം വോട്ട് വര്‍ധിപ്പിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ആകെ മൊത്തം 21 ശതമാനം വോട്ട് വര്‍ധന നമ്മുടെ പാര്‍ട്ടിയ്ക്ക് ലഭിക്കുമായിരുന്നു. അത്രയും ശതമാനം വോട്ട് നേടാനായിരുന്നെങ്കില്‍ സംസ്ഥാനത്ത് ശക്തമായ സ്വാധീനമുണ്ടാക്കാന്‍ പാര്‍ട്ടിയ്ക്ക് കഴിയുമായിരുന്നു, രാമദോസ് പറഞ്ഞു.

സംസ്ഥാന നിയമസഭയില്‍ പി.എം.കെയില്‍ നിന്ന് ഒരു പ്രതിനിധിപോലുമില്ലാത്തതിന് കാരണം പാര്‍ട്ടിയുടെ അടിസ്ഥാനതല പ്രവര്‍ത്തനത്തിലെ പിഴവാണെന്നും രാമദോസ് പറഞ്ഞു.

നിങ്ങള്‍ ആര്‍.എസ്.എസിനെപോലെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ സംസ്ഥാനത്തിന്റെ ഓരോ കോണിലും ക്ഷേമ പദ്ധതികള്‍ എത്തിക്കാമായിരുന്നു. ഇതിലൂടെ ഓരോ തെരഞ്ഞെടുപ്പിലും നമ്മുടെ എം.എല്‍.എമാരെ പാര്‍ട്ടി പ്രതിനിധിയായി നിയമസഭയില്‍ എത്തിക്കാന്‍ കഴിയുമായിരുന്നു. ഇതിനായി ഇനിയും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പ് തരാന്‍ കഴിയുമോ? രാമദോസ് പറഞ്ഞു.

അതേസമയം പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഘടകത്തിന്റെ പ്രവര്‍ത്തനത്തിലും വിള്ളലുകള്‍ ഉള്ളതായി രാമദോസ് ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്കിടയില്‍ കാര്യമായ രീതിയില്‍ പ്രചാരണം നടത്താന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 234 മണ്ഡലങ്ങളില്‍ മത്സരിച്ച പി.എം.കെയ്ക്ക് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഒരു സീറ്റ് പോലും നേടാന്‍ പാര്‍ട്ടിയ്ക്കായില്ല.

2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 7 മണ്ഡലങ്ങളിലാണ് പി.എം.കെ മത്സരിച്ചത്. എന്നാല്‍ മത്സരിച്ച ഏഴ് മണ്ഡലങ്ങളിലും കനത്ത തോല്‍വിയായിരുന്നു പി.എം.കെയ്ക്ക് നേരിടേണ്ടി വന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; Need To Follow RSS Model Says PMK Leader