| Monday, 23rd April 2018, 9:49 am

'തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി എങ്ങനെ മുന്നോട്ടുപോകണമെന്ന് തീരുമാനമായില്ല; തെരഞ്ഞെടുപ്പ് കാലത്ത് മാത്രം അക്കാര്യം ആലോചിച്ചാല്‍ മതി': എസ്.ആര്‍.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: നേതൃത്വത്തിലുണ്ടായിരുന്ന എല്ലാ ഭിന്നതകളും പരിഹരിക്കപ്പെട്ടതായി പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിളള. നിലവിലെ രാഷ്ട്രീയ സമീപനത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനിന്നിരുന്നു.

പാര്‍ട്ടി കോണ്‍ഗ്രസ്സോടെ എല്ലാ ഭിന്നതകളും പരിഹരിക്കപ്പെട്ടതായി എസ്.ആര്‍.പി എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോണ്‍ഗ്രസ്സുമായി തെരഞ്ഞെടുപ്പില്‍ എങ്ങനെ മുന്നോട്ട് പോകണമെന്ന കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ല.

തെരഞ്ഞെടുപ്പ് കാലത്ത് മാത്രം അത്തരം കാര്യങ്ങളില്‍ തീരുമാനമെടുത്താല്‍ മതിയെന്നാണ് ഇപ്പോഴത്തെ പാര്‍ട്ടി നിലപാട്. അതേസമയം കോണ്‍ഗ്രസ്സുമായി സഖ്യത്തിലേര്‍പ്പെടാന്‍ തയ്യാറല്ലെന്ന കാര്യം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: ‘ഇന്ത്യയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ക്രിസ്റ്റ്യന്‍ മിഷണറിമാര്‍; ഇവരാണ് നമ്മുടെ ഐക്യത്തിന് ഭീക്ഷണി: വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി ഭാരത് സിംഗ്


അതേസമയം സഹപ്രവര്‍ത്തകരുടെ ഭൂരിപക്ഷാവശ്യത്തെ മുന്‍നിര്‍ത്തിയാണ് പോളിറ്റ് ബ്യൂറോയില്‍ തുടരാന്‍ തീരുമാനിച്ചത്. ഒരു പക്ഷത്തിന്റെ വിജയം എന്ന് പറഞ്ഞുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എം.എ ബേബി എന്നിവര്‍ പി.ബിയില്‍ തുടരും. പ്രായമായവരെ പാര്‍ട്ടി ഘടകങ്ങളില്‍ നിന്ന് നീക്കാനുള്ള തീരുമാനം എസ്.ആര്‍.പിയുടെ കാര്യത്തില്‍ മാറ്റിയെഴുതി.

പി.ബിയില്‍ നിന്ന് മാറിനില്‍ക്കാന്‍ താന്‍ തയ്യാറാണെന്ന് രാമചന്ദ്രന്‍പിള്ള പറഞ്ഞിരുന്നെങ്കിലും ഭൂരിപക്ഷം അദ്ദേഹം തുടരണമെന്ന് വാദിച്ചിരുന്നു.


MUST READ; ഡ്രൈവര്‍ മുസ്‌ലീം ആയതുകൊണ്ട് ഓല കാബ് കാന്‍സെല്‍ ചെയ്‌തെന്ന് വി.എച്ച്.പി ഐ.ടി സെല്‍ മേധാവി; വര്‍ഗീയ ട്വീറ്റിനെതിരെ വ്യാപക വിമര്‍ശനം


ഇന്നലെ അവസാനിച്ച സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സീതാറാം യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. കേന്ദ്രകമ്മിറ്റിയിലേക്ക് 95 പേരേയും പി.ബിയിലേക്ക് 17 പേരേയും തെരഞ്ഞെടുത്തു. കേരളത്തില്‍ നിന്ന് എം.വി ഗോവിന്ദനടക്കം 19 പേരേ പുതുതായി കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more