തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടേയെന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള. അന്വേഷണ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുകയാണെന്നും എസ്.ആര്‍.പി പറഞ്ഞു.
ബിനീഷ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ ഉത്തരം പറയണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തെറ്റ് ചെയ്ത ആരേയും സംരക്ഷിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ബിനീഷിനെതിരായി ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. തെളിവുകള്‍ കൊണ്ടുവരട്ടെ. അയാള്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അയാളെ ശിക്ഷിക്കട്ടെ. കുറ്റം ചെയ്ത ആരേയും ഞങ്ങള്‍ സംരക്ഷിക്കാന്‍ പോകുന്നില്ല’, എസ്.ആര്‍.പി പറഞ്ഞു.
‘ഞങ്ങളുടെ മക്കള്‍ നല്ലത് ചെയ്യുന്നവരുണ്ടാകും ചിലപ്പോള്‍ ഇന്നത്തെ സമൂഹത്തിന്റെ സമ്മര്‍ദ്ദത്തില്‍ തെറ്റ് ചെയ്തുവെന്ന് വരും. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് പ്രധാനം. അത്തരക്കാരെ ഞങ്ങള്‍ സംരക്ഷിക്കുന്നില്ല’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിനീഷിനെതിരായ ആരോപണത്തിന്റെ പേരില്‍ കോടിയേരി രാജിവെക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സംസ്ഥാന സെക്രട്ടറിയ്‌ക്കെതിരായി ഒരു ആക്ഷേപവും ഇല്ല. അദ്ദേഹത്തിന്റെ മകനെതിരായി ചില ആരോപണങ്ങള്‍ ഉണ്ട്. തെളിവ് ഹാജരാക്കട്ടെ, ശിക്ഷിക്കട്ടെ. പാര്‍ട്ടി നേതാക്കളുടെ കുടുംബം സമൂഹത്തില്‍ ജീവിക്കുന്നതിലൊക്കെ കൃത്യമായ ചട്ടക്കൂട് കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്.
എല്ലാ വൃത്തികേടുമുള്ള സമൂഹമാണ് ഇത്. അതിന്റെ സ്വാധീനശക്തി ഞങ്ങളിലും ഞങ്ങളുടെ കുടുംബാംഗങ്ങളിലും ചെലുത്തിയേക്കാം. അത് ശ്രദ്ധയില്‍പ്പെടുമ്പോള്‍ തിരുത്തും. അങ്ങനയേ അക്കാര്യത്തില്‍ ഇടപെടാന്‍ കഴിയൂ- എസ്.ആര്‍.പി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക