തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്‍പായി മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന പാരമ്പര്യം പാര്‍ട്ടിക്കില്ലെന്നും പാര്‍ട്ടിയുടെ പരമ്പരാഗതരീതിയില്‍ ഇത്തവണ മാറ്റം വരുത്തിയിട്ടില്ലെന്നും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള.
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കേന്ദ്രനേതൃത്വം ഒരുറപ്പും നല്‍കിയിട്ടില്ല. മറ്റു വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു ഭൂരിപക്ഷം ലഭിച്ചാല്‍ വി.എസ്.അച്യുതാനന്ദന്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് സംസ്ഥാന നേതൃത്വത്തിന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി സൂചന നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വി.എസ്. മത്സരിക്കണമെന്നത് പൊളിറ്റ് ബ്യൂറോ ഏകകണ്ഠമായെടുത്ത തീരുമാനമാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാനകമ്മിറ്റിയിലും യെച്ചൂരി റിപ്പോര്‍ട്ടു ചെയ്തിരുന്നു.
കേരളത്തില്‍ ഏറ്റവും ജനകീയനായ നേതാവാണ് വി.എസ്. അദ്ദേഹത്തെ മാറ്റിനിര്‍ത്തുന്ന കാര്യം ചിന്തിക്കുന്നതുപോലും വിനയാവും. പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനകമ്മിറ്റി യോഗത്തില്‍ പിണറായിയായിരുന്നു അധ്യക്ഷന്‍. ആര്‍ക്കെങ്കിലും അഭിപ്രായം പറയാനുണ്ടോയെന്ന് അദ്ദേഹം ആരാഞ്ഞപ്പോള്‍ എം.എം.ലോറന്‍സ്, സി.എന്‍.മോഹനന്‍, എന്‍.ആര്‍.ബാലന്‍ എന്നിവര്‍ മാത്രമായിരുന്നു വി.എസ്സിനെ എതിര്‍ത്തത്.
പി.ബി.ക്ക് ഇച്ഛാശക്തിയുണ്ടായിരുന്നെങ്കില്‍ വി.എസ്സിന്റെ വാശിക്കു വഴങ്ങില്ലെന്നായിരുന്നു ലോറന്‍സിന്റെ വിമര്‍ശം. വി.എസ്. മത്സരിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് സി.എന്‍.മോഹനനും അഭിപ്രായപ്പെട്ടിരുന്നു.
തന്നോടൊപ്പം കേന്ദ്രകമ്മിറ്റിയില്‍ വന്ന താങ്കള്‍ ഇപ്പോള്‍ എവിടെ നില്‍ക്കുന്നുവെന്നറിയാമല്ലോയെന്നും പി.ബി.യുടെ ഇച്ഛാശക്തിയെക്കുറിച്ച് വ്യക്തമായി ബോധ്യമുണ്ടല്ലോയെന്നായിരുന്നു ലോറന്‍സിനോടുള്ള യെച്ചൂരിയുടെ ചോദ്യം.
ജനങ്ങളുടെ അഭിപ്രായമെന്തെന്ന് നിങ്ങള്‍ ബോധ്യപ്പെടുത്തേണ്ടതില്ലെന്നും അതു തങ്ങള്‍ക്കറിയാമെന്നും മോഹനനോടും യെച്ചൂരി മറുപടി പറഞ്ഞിരുന്നു.