| Sunday, 19th April 2020, 12:41 pm

'ഇത് അസാധാരണ സാഹചര്യം, കാര്യങ്ങള്‍ സാധാരണ നിലയിലായ ശേഷം അന്വേഷിക്കാം', സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ പ്രതികരിച്ച് എസ്. രാമചന്ദ്രന്‍ പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള. ഇപ്പോള്‍ അസാധാരണ സാഹചര്യത്തിലൂടെയാണ് കേരളം കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്നും സ്പ്രിംഗ്‌ളര്‍ വിവാദം കൊവിഡ് പരിഹരിക്കപ്പെട്ടതിന് ശേഷം അന്വേഷിക്കാമെന്നും എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘അസാധാരണമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ആ അസാധാരണമായ സാഹചര്യത്തെ നേരിടാന്‍ ലോകമാകെ അസാധാരണമായ നടപടിക്രമങ്ങള്‍ എടുത്തുകൊണ്ടിരിക്കുകയാണ്. ഒരു സാധാരണ നിലയിലേക്ക് കാര്യങ്ങളെത്തിക്കഴിഞ്ഞാല്‍ നമുക്ക് ഇവയെല്ലാം പരിശോധിക്കാം,’ എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

അടിയന്തര സാഹചര്യങ്ങളില്‍ അതിവേഗം നടപടിക്രമങ്ങളെടുക്കേണ്ടി വരുമെന്നും അത്തരം സാഹചര്യങ്ങളില്‍ സര്‍ക്കാരിന്റെ പല സംവിധാനങ്ങളും അപര്യാപ്തമായി വരുമെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധകാല പരിതസ്ഥിതിയെ നേരിടാന്‍ യുദ്ധകാല നടപടികള്‍ സ്വീകരിക്കേണ്ടി വരും അത്തരമൊരു നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങി. അതുകൊണ്ട് സര്‍ക്കാരിന് ആളുകളുടെ ജീവന്‍ രക്ഷിക്കാനും രോഗാവസ്ഥയെ നിയന്ത്രിക്കാന്‍ സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടുവെന്നും ആളുകളുടെ വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിനായി സര്‍ക്കാര്‍ സാധ്യമായ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തില്‍ സര്‍ക്കാര്‍ ഏറ്റവും ശക്തമായി തന്നെ ഇടപെട്ടു. അതുകൊണ്ട് തന്നെ മരണ സംഖ്യ കുറയ്ക്കാന്‍ കഴിഞ്ഞു. അത്തരമൊരു സാഹചര്യത്തില്‍ ആദ്യം തന്നെ സര്‍ക്കാര്‍ രോഗം ബാധിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന നടപടിയിലേക്ക് നീങ്ങുകയായിരുന്നു. ആ വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിനാവശ്യമായ സംവിധാനം, അതില്‍ സര്‍ക്കാരിന് ഇടപെടാനുള്ള സാഹചര്യം എന്നിവയും ആവശ്യമാണ്. അതുകൊണ്ട് സര്‍ക്കാരിന് സാധ്യമായ സ്ഥാപനത്തെ ഏല്‍പ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്, ‘ എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

ഉത്തരവാദിത്വമുള്ള ഒരു പ്രതിപക്ഷം ഉത്തമ വിശ്വാസത്തോടെ സര്‍ക്കാരിനെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പിന്തുണയ്ക്കുകയാണ് ഈ ഘട്ടത്തില്‍ വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more