തിരുവനന്തപുരം: ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്റെ വീട് സ്ഥിതി ചെയ്യുന്ന എട്ട് സെന്റ് ഭൂമിയുടെ പട്ടയം വ്യാജമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജിന്റെ ചോദ്യത്തിന് മറുപടിയായാണ് റവന്യൂ മന്ത്രി ഇക്കാര്യം പറഞ്ഞത്.
എസ്. രാജേന്ദ്രന്റെ കൈവശമുള്ള പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയത് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയാണെന്നും റവന്യൂ മന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചു. പട്ടയഭൂമിയായുള്ള തിരുത്തല്‍ ആവശ്യപ്പെട്ട് ദേവികുളം എം.എല്‍.എ രണ്ട് തവണ അപേക്ഷ നല്‍കിയിരുന്നു. ജില്ലാ കളക്ടറും ലാന്‍ഡ് റവന്യൂ കമ്മീഷനും രണ്ട് തവണ തള്ളിയെന്നും റവന്യൂ മന്ത്രി സഭയില്‍ പറഞ്ഞു.
മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗം നാളെ നടക്കാനിരിക്കുകയാണ്. ഇതിനിടെയാണ് സഭയില്‍ റവന്യൂ മന്ത്രിയുടെ വെളിപ്പെടുത്തലെന്നത് ശ്രദ്ധേയമാണ്.
മൂന്നാറിലെ ചെറുകിട-വന്‍കിട കയ്യേറ്റങ്ങളുടെ പട്ടിക റവന്യൂ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. നേരത്തേ വിവാദമായ പാപ്പാത്തിചോലയിലെ കുരിശ് പൊളിക്കലിനു ശേഷം ഒഴിപ്പിക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു.