എസ്. രാജേന്ദ്രന്‍ സി.പി.ഐ.എമ്മില്‍ നിന്ന് പുറത്ത്
Kerala News
എസ്. രാജേന്ദ്രന്‍ സി.പി.ഐ.എമ്മില്‍ നിന്ന് പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th January 2022, 2:20 pm

ഇടുക്കി: ദേവികുളം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രനെ സി.പി.ഐ.എമ്മില്‍ നിന്ന് പുറത്താക്കി. ഒരു വര്‍ഷത്തേക്കാണ് നടപടി. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്യാനുള്ള ജില്ലാ കമ്മിറ്റിയുടെ ശിപാര്‍ശ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു.

ദേവികുളത്തെ തെരഞ്ഞെടുപ്പ് വീഴ്ച്ചയിലാണ് നടപടിയുണ്ടായിരിക്കുന്നത്. ദേവികുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ രാജേന്ദ്രന്‍ ശ്രമിച്ചെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ നേരത്തെ കണ്ടെത്തിയിരുന്നു.

എന്നാല്‍ താന്‍ സി.പി.ഐ.എമ്മില്‍ പോകുമെന്നുള്ളത് അഭ്യൂഹം മാത്രമാണെന്ന് രാജേന്ദ്രന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ല. പ്രചാരണങ്ങളില്‍ നിന്നും വിട്ടുനിന്ന രാജേന്ദ്രന്‍ ദേവികുളത്ത് ഇടത് വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

കമ്മീഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ എസ്. രാജേന്ദ്രനെ പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു. സി.വി. വര്‍ഗീസിനെ സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത കമ്മിറ്റിയില്‍ നിന്നാണ് എസ്. രാജേന്ദ്രനെ ഒഴിവാക്കിയത്. പാര്‍ട്ടി അംഗത്വത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് എസ്. രാജേന്ദ്രന്‍ നല്‍കിയ കത്ത് നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് പാര്‍ട്ടി അംഗീകരിച്ചിരുന്നില്ല.

എസ്. രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി എം.എം മണി എം.എല്‍.എ നേരത്തെ രംഗത്തെത്തിയിരുന്നു. രാജേന്ദ്രന് മറുപടി പറയല്‍ അല്ല പാര്‍ട്ടിക്കാരുടെ ജോലിയെന്നും ഉചിതമായ സമയത്ത് പാര്‍ട്ടി മറുപടി നല്‍കുമെന്നും എം.എം മണി പറഞ്ഞു. രാജേന്ദ്രന്റെ സിദ്ധാന്തങ്ങളെപ്പറ്റി തന്നെ കൊണ്ട് പറയിപ്പിക്കരുതെന്നും എം.എം. മണി പറഞ്ഞിരുന്നു.

സസ്പെന്‍ഷന് ജില്ലാ കമ്മിറ്റി ശിപാര്‍ശ ചെയ്തതിന് പിന്നാലെ സി.പി.ഐ.എമ്മുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുകയാണെന്ന് എസ്. രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു.

തന്നെ അപമാനിച്ച് പുറത്താക്കുകയാണ് പാര്‍ട്ടി ചെയ്തതെന്നും ആരോപണങ്ങളില്‍ താന്‍ വിശദീകരണം നല്‍കിയിരുന്നെന്നും തന്റെ വിശദീകരണം അംഗീകരിച്ച് അംഗത്വത്തില്‍ നിലനിര്‍ത്താമായിരുന്നെന്നുമായിരുന്നു രാജേന്ദ്രന്‍ പറഞ്ഞത്.

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാലും അദ്ഭുതമില്ലെന്നും ഒന്നോ രണ്ടോ നേതാക്കന്മാരുടെ അടിമയായി ജീവിക്കാന്‍പറ്റില്ലെന്നും തന്നെ ഇല്ലാതാക്കണമെന്നുള്ള ചിലരുടെ അജണ്ടയുടെ ഭാഗമാണ് ആരോപണങ്ങളും നടപടികളുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ആരെങ്കിലും കഥയെഴുതുന്നതിന് അനുസരിച്ച് അഭിനയിക്കാനറിയില്ല. തനിക്കെതിരെ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് കാണിച്ച് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. അതില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സി.പി.ഐ.എം ജില്ലാ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ നടപടിയെ കുറിച്ച് പാര്‍ട്ടിയില്‍ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പുറത്താക്കുകയാണെങ്കില്‍ പുറത്താക്കട്ടെയെന്നും രാജേന്ദ്രന്‍ പറഞ്ഞു.

ദേവികുളം എം.എല്‍.എ. രാജയെ തോല്‍പിക്കാന്‍ ചായക്കടയില്‍വെച്ച് ഗൂഢാലോചന നടത്തി എന്ന പാര്‍ട്ടി കമ്മീഷന്റെ കണ്ടെത്തല്‍ അടിസ്ഥാനരഹിതമാണെന്നും രാജേന്ദ്രന്‍ പറഞ്ഞിരുന്നു.

സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സ്വാഗതം ചെയ്തിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് സി.പി.ഐ മോശം പാര്‍ട്ടി ഒന്നും അല്ലല്ലോ എന്നായിരുന്നു രാജേന്ദ്രന്റെ മറുപടി. ഞങ്ങളുടെ പാര്‍ട്ടിക്ക് ഒപ്പം നില്‍ക്കുന്ന പാര്‍ട്ടിയല്ലേ എന്നും അദ്ദേഹം പറഞ്ഞു.

നാല്‍പ്പത് വര്‍ഷം അധ്വാനിച്ചത് ഒരു പാര്‍ട്ടിക്കു വേണ്ടിയാണ്. ഇവിടെ അധ്വാനിച്ചിട്ട് വേറൊരു ഓഫീസില്‍ പോയിട്ടാണോ ആനുകൂല്യം പറ്റുകയെന്നും രാജേന്ദ്രന്‍ ചോദിച്ചു. ജീവിക്കാന്‍ വേണ്ടി പാര്‍ട്ടിയില്‍ വന്ന ആളല്ല താനെന്നും ഗവണ്‍മെന്റ് പോസ്റ്റില്‍നിന്ന് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ വന്നയാളാണെന്നും രാജേന്ദ്രന്‍ പറഞ്ഞു.

ദേവികുളത്ത് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന എ. രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതിന് മുന്‍ എം. എല്‍.എ. എസ്. രാജേന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയോ സസ്‌പെന്‍ഡു ചെയ്യുകയോ വേണമെന്നാണ് സി.പി.ഐ.എം. ഇടുക്കി ജില്ലാ കമ്മിറ്റി ശിപാര്‍ശ നല്‍കിയിരിക്കുന്നത്. ജില്ലാ കമ്മിറ്റിയംഗമായ രാജേന്ദ്രനെതിരേ നടപടി ആവശ്യപ്പെട്ട് സംസ്ഥാനകമ്മിറ്റിക്ക് കത്തുനല്‍കിയെന്നാണ് അറിയുന്നത്.

ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണക്കമ്മീഷന്‍ തെളിവെടുത്തിരുന്നു. ഭൂരിഭാഗംപേരും രാജേന്ദ്രനെതിരേ മൊഴിനല്‍കി. രാജേന്ദ്രന്റെ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി ആവശ്യപ്പെട്ടിട്ടുള്ളത്.

തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു രാജേന്ദ്രനെതിരെ പാര്‍ട്ടിയുടെ ജില്ലാ നേതൃത്വം രംഗത്തെത്തിയത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ അഡ്വ. എ. രാജക്കെതിരെ രാജേന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചു എന്നായിരുന്നു പ്രധാന ആരോപണം.

അതിന്റെ അടിസ്ഥാനത്തിലായിരുന്നു പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. വോട്ട് മറിക്കാന്‍ രാജേന്ദ്രന്റെ ഭാഗത്തുനിന്നും പല ശ്രമങ്ങളും ഉണ്ടായെന്നും പാര്‍ട്ടി കണ്ടെത്തിയിരുന്നു. ദേവികുളം മണ്ഡലത്തില്‍ കുറഞ്ഞത് 10000 വോട്ടുകളുടെയെങ്കിലും ഭൂരിപക്ഷത്തില്‍ രാജ ജയിക്കുമെന്നായിരുന്നു സി.പി.ഐ.എം ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. പക്ഷേ ഭൂരിപക്ഷം 7000ത്തിലേക്ക് കുറഞ്ഞു. രാജേന്ദ്രനടക്കം സ്വാധീനമുള്ള പല പ്രദേശങ്ങളിലും പാര്‍ട്ടിക്ക് വോട്ട് കുറഞ്ഞെന്ന ആരോപണം ഉയര്‍ന്നിരുന്നു.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നെന്ന ആരോപണം ശക്തമായതോടെയാണ് രാജേന്ദ്രനും പാര്‍ട്ടി നേതൃത്വവുമായുള്ള അസ്വാരസ്യം ശക്തമായത്.

ജില്ലാ കമ്മിറ്റി അംഗമായ രാജേന്ദ്രന്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തത് പാര്‍ട്ടി വിരുദ്ധമാണെന്നും ഇങ്ങനെ ഉള്ള ആളുകളെ ചുമക്കേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി സംസ്ഥാന സെക്രട്ടേറിയറ്റംഗമായ എം.എം. മണി പരസ്യമായി രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. രാജേന്ദ്രനെപോലുള്ളവര്‍ പാര്‍ട്ടി വിട്ടു പോയാലും പ്രശ്നമില്ലെന്നും രാജേന്ദ്രന് എല്ലാം നല്കിയത് പാര്‍ട്ടിയാണെന്നും ഇപ്പോള്‍ ഇങ്ങനെ ഓരോന്ന് ചെയ്യുന്നതിന് പണികിട്ടുമെന്നും മറയൂര്‍ ഏരിയ സമ്മേളനത്തില്‍ എം.എം. മണി തുറന്നടിച്ചിരുന്നു.


Content Highlights: S. Rajendran is out of the CPIM