| Tuesday, 26th February 2013, 10:00 am

ടി.പി വധം: പാര്‍ട്ടി അന്വേഷണം അന്തിമഘട്ടത്തിലെന്ന് എസ്.ആര്‍.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിതലത്തില്‍ നടത്തിയ അന്വേഷണം പൂര്‍ത്തിയായി വരികയാണെന്ന് സി.പി.ഐ.എം. പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള.[]

എന്നാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും  പാര്‍ട്ടി നടത്തുന്ന അന്വേഷണം അതിന്റെ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എം സമര സന്ദേശ ജാഥയുടെ ഭാഗമായി കൊല്ലത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

കേരളത്തില്‍ ഭരണമാറ്റത്തിന് കളം ഒരുങ്ങിയാല്‍ എന്ത് ചെയ്യണമെന്ന് സി.പി.ഐ.എം അപ്പോള്‍ തീരുമാനിക്കും. അതിന് കാലതാമസം ഉണ്ടാകില്ല.

യു.ഡി.എഫില്‍ അസംതൃപ്തരായ കക്ഷികള്‍ ഉണ്ട്. മാധ്യമങ്ങളിലൂടെ അത് പുറത്തുവന്നുകഴിഞ്ഞു. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.

വ്യത്യസ്ത പാര്‍ട്ടികളില്‍പ്പെട്ട നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്താറുണ്ട്. അത് വലിയ സംഭവമൊന്നുമല്ലെന്നും  ഭരണമാറ്റത്തിന് സാഹചര്യമൊരുങ്ങിയാല്‍ സി.പി.ഐ.എം മടിച്ചുനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ വരള്‍ച്ച നേരിടുന്നതിന് കേന്ദ്രവും കേരളവും അടിയന്തരനടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒബാമ പറയുന്നത് പോലെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലാവ്‌ലിന്‍ അഴിമതി കേസ് രാഷ്ട്രീയ പ്രേരിതമാണ്. സി.ബി.ഐയെ പാര്‍ട്ടിക്കെതിരെ ഉപയോഗിക്കുകയാണെന്ന നിലപാടാണ് കേന്ദ്ര കമ്മിറ്റി സ്വീകരിച്ചിട്ടുള്ളത്. ഇതേക്കുറിച്ച് വി.എസ്. അച്യുതാനന്ദന്റെ അഭിപ്രായത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും എസ്.ആര്‍.പി പറഞ്ഞു.

We use cookies to give you the best possible experience. Learn more