|

എ.ഡി.ജി.പി പി. വിജയനെതിരെ വിവരങ്ങള്‍ നല്‍കിയിട്ടില്ല; അജിത് കുമാറിനെതിരെ സുജിത് ദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് സംബന്ധിച്ച മൊഴിയില്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരെ മുന്‍ എസ്.പി സുജിത് ദാസ്.

എ.ഡി.ജി.പി പി. വിജയന് സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അജിത് കുമാറിന്റെ മൊഴി വാസ്തവ വിരുദ്ധമാണെന്നും സുജിത് ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. പി. വിജയനെതിരെ വിവരങ്ങള്‍ കൈമാറിയെന്ന് എം.ആര്‍. അജിത് കുമാര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ മൊഴി തെറ്റാണെന്നാണ് സുജിത് ദാസ് പറഞ്ഞത്.

കരിപ്പൂരില്‍ നിന്ന് പിടിക്കുന്ന സ്വര്‍ണം കസ്റ്റംസിന് കൈമാറാന്‍ ഒരു ഉദ്യോഗസ്ഥനും തന്നോട് പറഞ്ഞിട്ടില്ലെന്നും സുജിത് ദാസ് വ്യക്തമാക്കിയിട്ടുണ്ട്.

നിയമസഭയില്‍ സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് സുജിത് ദാസ് എ.ഡി.ജി.പി പി. വിജയനെതിരായ വിവരങ്ങള്‍ തനിക്ക് നല്‍കിയെന്ന് അജിത് കുമാര്‍ മൊഴി നല്‍കിയത്.

കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ പി. വിജയന് പങ്കുണ്ടെന്നാണ് അജിത് കുമാര്‍ ഉന്നയിച്ചത്. ഡി.ജി.പിക്ക് നല്‍കിയ മൊഴിയിലായിരുന്നു ആരോപണം. തീവ്രവാദ സ്‌ക്വാഡിന്റെ തലപ്പത്ത് ഐ.ജിയായിരിക്കെ വിജയന്‍ സ്വര്‍ണക്കടത്തില്‍ ഇടപെടല്‍ നടത്തിയെന്നാണ് അജിത് കുമാര്‍ മൊഴി നല്‍കിയത്.

തീവ്രവാദ സ്‌ക്വാഡിലെ മറ്റു ചില അംഗങ്ങള്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നും അജിത് കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

നേരത്തെ എം.എല്‍.എ പി.വി അന്‍വറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെപത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആയിരുന്ന സുജിത് ദാസിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് സസ്‌പെന്‍ഷന് ഉത്തരവിട്ടത്.

എസ്.പി ഗുരുതരമായ ചട്ടലംഘനം നടത്തിയിരുന്നുവെന്ന് ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് സുജിത് ദാസിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുകയായിരുന്നു. പിന്നാലെയാണ് സുജിത് ദാസിനെതിരെ നടപടിയെടുത്തത്.

മലപ്പുറം എസ്.പിയായിരിക്കെ ഔദ്യോഗിക വസതിയില്‍ നിന്ന് മരം മുറിച്ചുകടത്തി എന്നായിരുന്നു സുജിത് ദാസിനെതിരായ ആരോപണം. ഈ കേസ് സംബന്ധിച്ചുള്ള ഫോണ്‍ കോള്‍ അന്‍വര്‍ പുറത്തുവിടുകയിരുന്നു.

ഗുരുതര ആരോപണങ്ങളായിരുന്നു പി.വി. അന്‍വര്‍ സുജിത് ദാസിനെതിരേ ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഡി.ഐ.ജി അജിതാ ബീഗം അന്വേഷണം നടത്തി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

മരം മുറിച്ച് കടത്തി എന്ന ആരോപണത്തില്‍ മാത്രമായിരുന്നില്ല കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തുന്ന സ്വര്‍ണം പൊട്ടിക്കല്‍, താനൂരിലെ കസ്റ്റഡി മരണ കേസ് തുടങ്ങിയവയിലും സുജിത്ത് ദാസിന്റെ പേര് വന്നിരുന്നു.

Content Highlight: S.P Sujit Das against A.D.G.P Ajit Kumar