| Saturday, 17th March 2012, 5:10 pm

കാത്തിരിക്കുന്നത് പാമ്പുകളും ചുഴിയും നിറഞ്ഞ പാക് കടലിടുക്ക്; മുരളീധരന്‍ ചരിത്ര നേട്ടത്തിനരികെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാമേശ്വരം: പാക് കടലിടുക്ക് നീന്തികടക്കുന്ന ആദ്യ താരമാകാനുള്ള എസ്.പി.മുരളീധരന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാജ്യാന്തര നീന്തല്‍ പരിശീലകന്‍ ആനന്ദ പര്‍വേശിയുടെ കീഴില്‍ മുംബൈയില്‍ ഒരു മാസത്തെ പരിശീലനത്തിനു ശേഷം ഒരാഴ്ച രാമേശ്വരത്തെ കടലിലും മണിക്കൂറുകള്‍ നീണ്ട പരിശീലനത്തിലായിരുന്നു മുരളി.
ലോകത്തിലെ ഏഴു കടലിടുക്കുകളില്‍ ഒന്നായ പാക്ക് കടലിടുക്ക് ഇന്ത്യന്‍-ശ്രീലങ്ക നേവിയുടെയും ഇരുസര്‍ക്കാരുകളുടെയും അംഗീകാരത്തോടെയും സാങ്കേതിക സഹായത്തോടെയുമാണ് നീന്തുന്നത്. പാക് കടലിടുക്ക് 9 മണിക്കൂര്‍ കൊണ്ട് നീന്തിക്കടക്കുകയാണ് ലക്ഷ്യമെന്ന് മുരളീധരന്‍ പറഞ്ഞു. എങ്കില്‍ അതൊരു റെക്കോര്‍ഡാകും. 12.31 മണിക്കൂറില്‍ നീന്തിയ ആന്ധ്ര എഡിജിപി രാജീവ് ത്രിവേദിയുടെ പേരിലാണ് നിലവിലുള്ള റെക്കോര്‍ഡ്.

മാര്‍ച്ച് 20ന് വെളുപ്പിന് ഒരുമണിക്ക് ശ്രീലങ്കയിലെ തൈലമന്നാറില്‍ നിന്നും നീന്തല്‍ ആരംഭിക്കും. ഇന്ത്യയിലെ രാമേശ്വരം-ധനുഷ്‌കോടി വരെയുള്ള 31 കിലോമീറ്ററാണ് നീന്തിയെത്തുക. ദുര്‍ഘടമായ ഈ കടലിടുക്ക് നീന്തിക്കടക്കുക ഏറെ ദുഷ്‌കരമാണ്. കടല്‍പ്പാമ്പുകളും ഇതര സമുദ്രജീവികളും അപ്രതീക്ഷിതമായ അടിയൊഴുക്കുകളും നിറഞ്ഞ പാക് കടലിടുക്ക് ദൗത്യത്തിന് വലിയ വെല്ലുവിളിയുണര്‍ത്തുന്നതാണ്. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ ശ്രമിക്കുന്ന മുരളീധരന് സമ്പൂര്‍ണ സഹായസഹകരണങ്ങളുമായി ഇന്തോ-ശ്രീലങ്കന്‍ സര്‍ക്കാരുകളും മുംബൈയിലെ മാരിടൈം എക്‌സ്‌പോറേഷന്‍ ആന്റ് റിസര്‍ച്ച് ഗ്രൂപ്പ് നാവികോദ്യോഗസ്ഥരും പോലീസ് മേധാവികളും രംഗത്തുണ്ട്. തിരുവനന്തപുരത്തു നിന്നുള്ള മാധ്യമസംഘവും മുരളിയെ അനുഗമിക്കും. സിനിമാ-കായിക മേഖലയില്‍ നിന്നുള്ള പ്രമുഖരും മുരളിയുടെ ചരിത്രനേട്ടത്തിന് സാക്ഷികളാകാന്‍ എത്തും.

സാഹസിക നീന്തല്‍ രംഗത്ത് നിരവധി നേട്ടങ്ങള്‍ കൈവരിച്ച് മുരളീധരന്‍, കുട്ടികളിലും യുവാക്കളിലും സ്വയം രക്ഷയ്ക്കുവേണ്ടിയും ഏറ്റവും നല്ലൊരു വ്യായാമമെന്ന നിലയിലും നീന്തലിന്റെ പ്രചരണവും ഇതിലൂടെ ലക്ഷ്യമിടുന്നു. ചേര്‍ത്തല തിരുനല്ലൂര്‍ ശൗരിക്കാട്ടുതറയില്‍ പ്രഭാകരന്‍-സരോജനി ദമ്പതികളുടെ മകനായ മുരളീധരന്‍ നീന്തല്‍ രംഗത്തേക്ക് വന്നത് യാദൃശ്ചികമായാണ്. സ്വിമ്മിംഗ്പൂള്‍ ക്ലീനറായി മുംബൈയില്‍ ജോലിനോക്കിയ മുരളി കേരളത്തിലെ അറിയുന്ന നീന്തല്‍താരമായി മാറുകയായിരുന്നു. സ്‌കൂളിലെയോ കലാലയങ്ങളിലെയോ മികവുറ്റ പ്രകടനങ്ങളോ സ്വര്‍ണമെഡലുകളോ അല്ല മുരളിയെ രാജ്യാന്തര താരമാക്കിയത്. മറിച്ച് നിശ്ചയദാര്‍ഢ്യവും സാഹസികതയോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ്.

മുരളി പ്രീ-ഡിഗ്രിയും എയര്‍കണ്ടീഷന്‍ ഡിപ്ലോമയും കഴിഞ്ഞശേഷം 1996-ല്‍ മുംബെയില്‍ ജോലി തേടിപ്പോയി. ഹിന്ദിയും ഇംഗ്ലീഷും കാര്യമായറിയാത്തതു മൂലം പഠിച്ച വിഷയത്തില്‍ തൊഴില്‍ കിട്ടിയില്ല. ജൂഹു ജംകാന എന്ന ആഡംബര ക്ലബ്ബില്‍ സ്വിമ്മിംഗ് പൂള്‍ ക്ലീനറായി ജോലി കിട്ടി. അവിടെവച്ച് വീണുകിട്ടുന്ന ഇടവേളകളില്‍ നീന്തല്‍ നന്നായി വശമാക്കി. നീന്തലിന്റെ പ്രൊഫഷണല്‍, ടെക്‌നിക്കല്‍ വശങ്ങള്‍ സ്വായത്തമാക്കിയതോടെ തുടക്കക്കാരെ പഠിപ്പിക്കാനുള്ള കോച്ചായി. അതിനിടെ ആനന്ദ പര്‍ദേശി എന്ന ദേശീയ നീന്തല്‍താരത്തിന്റെ കോച്ചിംഗും ലഭിക്കുകയുണ്ടായി. തുടര്‍ന്ന് ദുബായില്‍ സ്വിമ്മിംഗ്പൂള്‍ ഉണ്ടാക്കുന്ന കമ്പനിയില്‍ രണ്ടുകൊല്ലം ജോലിചെയ്തു. ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയശേഷം കുമരകത്തെ കാസിനോ ഗ്രൂപ്പ് റിസോര്‍ട്ടില്‍ 2000-ല്‍ സ്വിമ്മിംഗ് പൂള്‍ സൂപ്പര്‍വൈസറായി.

വേമ്പനാട്ടെ കായല്‍ സാമീപ്യമാണ് നീന്തലില്‍ എന്തെങ്കിലും ആയിത്തീരണമെന്ന ആശയം ഉദിക്കാന്‍ കാരണമായതെന്ന് മുരളി പറഞ്ഞു. 2001 ഫെബ്രുവരിയില്‍ കുമരകം കവണാറ്റിന്‍കര തൊട്ട് പുത്തനങ്ങാടിവരെയും തിരിച്ചും 21 കിലോമീറ്റര്‍ ദൂരം അഞ്ച് മണിക്കൂറിനുള്ളില്‍ നീന്തിക്കടന്നു. 2002 ജനുവരിയില്‍ പുന്നമട മുതല്‍ വൈക്കം വരെ വേമ്പനാട്ടുകായല്‍ 16 മണിക്കൂര്‍ കൊണ്ട് നീന്തി. ഇടവേളകളിലെ അവസരങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തിയായിരുന്നു ഈ മുന്നേറ്റങ്ങള്‍. ഇതോടെ അന്താരാഷ്ട്രരംഗത്ത് ഓളങ്ങള്‍ തീര്‍ക്കണമെന്നായി ലക്ഷ്യം. തുടര്‍ന്ന് 2005-ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വിറ്റ്‌സര്‍ലണ്ടില്‍ നടന്ന ലോകോത്തര സാഹസിക നീന്തല്‍ മത്സരത്തില്‍ 27 കിലോമീറ്റര്‍ ദൂരം 17 ഡിഗ്രി ഗ്രേഡില്‍ നീന്തിക്കടന്ന 38 താരങ്ങളില്‍ അഞ്ചാമനായി.

2005ല്‍ ഫെബ്രുവരി 14ന് പ്രസിദ്ധായ ബോംബെ കടലിടുക്ക് (35 കിലോമീറ്റര്‍) ആദ്യമായി നീന്തിക്കടന്ന മലയാളികളായി. ഏറ്റവും കൂടുതല്‍ ജലസമ്പര്‍ക്കമുള്ള നാടായ കേരളത്തില്‍ നീന്തല്‍ വശമില്ലാത്തവരാണ് ഭൂരിപക്ഷവും. നിരവധി ജീവന്‍ എല്ലാദിവസവും ഇതുമൂലം നഷ്ടപ്പെടുന്നുണ്ട്. ഇതിനെതിരെ നീന്തല്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടി ചേര്‍ത്തല മണപ്പുറത്ത് വേമ്പനാട്ട് സ്വിമ്മിംഗ് ക്ലബ് രൂപീകരിച്ച് നിരവധി കുട്ടികള്‍ക്ക് പരിശീലനം നല്‍കിവരുന്നു.
ഫോട്ടോ ക്യാപ്ഷന്‍: രാമേശ്വരം കടലില്‍ പരിശീലനം നടത്തുന്ന എസ്.പി.മുരളീധരന്‍ ..കോച്ച് ആനന്ദ് പര്‍വേശി സമീപം

We use cookies to give you the best possible experience. Learn more