ലഖ്‌നൗ: എസ്.പി നേതാവ് അസം ഖാന്‍ ഉത്തര്‍പ്രദേശിലെ ലഖ്നൗവിലെ ലുലു മാള്‍ ഉടമക്കെതിരെ നടത്തിയ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ലുലു മാള്‍ ഉടമക്ക് ആര്‍.എസ്.എസുമായി നേരിട്ട് ബന്ധമുള്ളയാളാണെന്നും മാളില്‍ നമസ്‌കാരം നടത്താന്‍ ഉടമായാണ് നിര്‍ദേശം നല്‍കിയതെന്നുമാണ് അസം ഖാന്‍ പറഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ചയായാരുന്നു ഇതുസംബന്ധിച്ചുള്ള അസം ഖാന്റെ പരാമര്‍ശം.
‘ലുലു മാളിന്റെ ഉടമ ആര്‍.എസ്.എസിന് വേണ്ടി ഫണ്ട് ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹത്തിന് സംസ്ഥാനത്ത് വര്‍ഗീയ ലഹള ഉണ്ടാക്കണം’, എന്നാണ് അസം ഖാന്‍ മൊറാദാബാദില്‍ കോടതിയിലെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
ലുലു മാളിനകത്തെ നമസ്‌കാരം വലിയ ചര്‍ച്ചയായതിനെ തുടര്‍ന്നും അസം ഖാന്‍ പ്രതികരണം നടത്തിയിരുന്നു. ‘ഞാനിത് വരെ ഒരു മാളിലും പോയിട്ടില്ല. ഞാനിത് വരെ ലുലുവോ ലോലുവോ കണ്ടില്ല. എന്താണ് ഈ ലുലു, ലോലോ, ടോലു, ടോലോ?. നിങ്ങള്‍ക്ക് ശ്രദ്ധിക്കാന്‍ മറ്റ് വിഷയങ്ങളൊന്നും കിട്ടിയില്ലേ,’ എന്നായിരുന്നു അന്നത്തെ അസം ഖാന്റെ പ്രതികരണം.
അതേസമയം, ലഖ്നൗവില്‍ നിര്‍മിച്ച ലുലുമാളില്‍ നമസ്‌കരിച്ചെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്തവര്‍ക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.
ജാമ്യം അനുവദിച്ച് അറസ്റ്റിലായ ആറുപേര്‍ക്കാണ് നിലവില്‍ ജാമ്യം ലഭിച്ചത്. ലഖ്നൗ എസ്.ജി.എം കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.അനുമതിയില്ലാതെ മാളില്‍ നമസ്‌കരിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
ഉദ്ഘാടനത്തിന് പിന്നാലെ ഹിന്ദുത്വവാദികള്‍ മാളിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മാളില്‍ അനധികൃതമായി നമസ്‌കാരം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവര്‍ പ്രതിഷേധിച്ചത്. മാളില്‍ നമസ്‌കാരം തുടര്‍ന്നാല്‍ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കുമെന്ന് മഹാസഭ ദേശീയ വക്താവ് ശിശിര്‍ ചതുര്‍വേദി പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
മാളില്‍ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്നും മാള്‍ നിര്‍മിക്കാന്‍ ഒരുപാട് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടെന്നും സനാതന ധര്‍മം ആചരിക്കുന്നവര്‍ മാള്‍ ബഹിഷ്‌കരിക്കണമെന്നും ഹിന്ദു മഹാസഭ ആവശ്യപ്പെട്ടിരുന്നു.
അതേസമയം മാള്‍ അധികൃതര്‍ പൊലീസിന് നല്‍കിയ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവം ആസൂത്രിതമാണോ എന്ന ആശങ്കകളും ഉയര്‍ന്നിരുന്നു. എട്ടാളുകള്‍ ഒരുമിച്ച് മാളിലേക്ക് പ്രവേശിക്കുന്നത് മുതലുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. മാളില്‍ പ്രവേശിച്ചവര്‍ മാള്‍ സന്ദര്‍ശിക്കുന്നതിനോ ഷോറൂമിലേക്ക് പ്രവേശിക്കാനോ ശ്രമിക്കുന്നില്ല.
തിരക്കിട്ടുവരുന്ന ഇവര്‍ അകത്തുകയറിയ ഉടന്‍ നമസ്‌കരിക്കാന്‍ ഇടം തേടുകയാണ് ചെയ്യുന്നത്. സംഘം ആദ്യം ബേസ്‌മെന്റില്‍ നമസ്‌കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. പിന്നീട് ഗ്രൗണ്ട് ഫ്‌ളോറിലും ഒന്നാം നിലയും നമസ്‌കരിക്കുകയായിരുന്നു.
ഈ ആളുകള്‍ തിടുക്കത്തില്‍ 18 സെക്കന്‍ഡില്‍ നമസ്‌കാരം പൂര്‍ത്തിയാക്കുന്നതും ദൃശ്യങ്ങളിലുണ്ട്(സാധാരണ ഒരു നേരത്തെ നമസ്‌കാരം പൂര്‍ത്തിയാകാന്‍ അഞ്ച് മുതല്‍ ഏഴ് മിനിട്ടുവരെ സമയം എടുക്കും). ഇവര്‍ ശരിയായ ദിശയിലല്ല നമസ്‌കരിച്ചതെന്നും വ്യക്തമാക്കുന്നതായിരുന്നു വീഡിയോ (കഅ്ബയ്ക്ക് നേരെ തിരിഞ്ഞാണ് മുസ്‌ലിങ്ങള്‍ നമസ്‌കരിക്കുക, ഇവര്‍ വിപരീത ദിശയിലാണ് നമസ്‌കരിച്ചിരിക്കുന്നത്).