'എസ്.പി.ബിയ്ക്ക് ശ്വാസകോശം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ചെയ്തിട്ടില്ല; ആരാധകര്‍ക്കായി ഐ.സി.യുവില്‍ കിടന്ന് പാട്ട് പാടിയിട്ടുമില്ല': വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മകന്‍ എസ്.പി ചരണ്‍
Kollywood
'എസ്.പി.ബിയ്ക്ക് ശ്വാസകോശം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ചെയ്തിട്ടില്ല; ആരാധകര്‍ക്കായി ഐ.സി.യുവില്‍ കിടന്ന് പാട്ട് പാടിയിട്ടുമില്ല': വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മകന്‍ എസ്.പി ചരണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th September 2020, 1:37 pm

ചെന്നൈ: ഗായകന്‍ എസ്.പി.ബിയുടെ ആരോഗ്യ നിലയെപ്പറ്റി ധാരാളം വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്ന് മകന്‍ എസ്.പി ചരണ്‍. ഇത്തരം വാര്‍ത്തകള്‍ ആരും വിശ്വസിക്കരുതെന്നും ചരണ്‍ പറഞ്ഞു.

എസ്.പി.ബിയുടെ ആരോഗ്യസ്ഥിതി ഇപ്പോള്‍ തൃപ്തികരമാണെന്നും മയക്കത്തില്‍ നിന്നും ഉണര്‍ന്നു എന്നും മകനും ഗായകനുമായ ചരണ്‍ പറഞ്ഞു.

നിലവില്‍ അദ്ദേഹത്തിന് ഇപ്പോള്‍ യാതൊരു കുഴപ്പങ്ങളുമില്ലെന്നും പതിയെ ജീവിതത്തിലേയ്ക്കു മടങ്ങിവരാനൊരുങ്ങുകയാണെന്നും ചരണ്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് ചരണ്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അച്ഛന്‍, ആരോഗ്യം വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ്. അണുബാധ പോലയുള്ള പ്രയാസങ്ങള്‍ ഉണ്ടാകില്ലെന്ന് കരുതുന്നു. നിലവില്‍ യാതൊരു കുഴപ്പങ്ങളുമില്ല. അദ്ദേഹത്തിന്റ ആരോഗ്യത്തിനും മടങ്ങിവരവിനും വേണ്ടി പ്രാര്‍ഥിച്ച എല്ലാവരോടും നന്ദി പറയുന്നു. എന്നാല്‍ അച്ഛന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ചില വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അച്ഛന് ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനൊരുങ്ങുന്നുവെന്നും ഡിസ്ചാര്‍ജ് ചെയ്തുവെന്നും ചില പ്രചരണങ്ങളുണ്ടായിരുന്നു. അതുപോലെ അച്ഛന്‍ ഐ.സി.യുവില്‍ കിടന്ന് ആരാധകര്‍ക്കായി പാട്ടു പാടി എന്നും വ്യാജസന്ദേശങ്ങള്‍ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്- ചരണ്‍ പറഞ്ഞു.

ഇത്തരം വാര്‍ത്തകള്‍ തങ്ങളുടെ കുടുംബത്തെ വളരെയധികം ബാധിക്കുന്നുണ്ടെന്നും ആരും വ്യാജ പ്രചരണങ്ങള്‍ നടത്തരുതെന്നും ചരണ്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിവരങ്ങളറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. അവര്‍ക്ക് യഥാര്‍ഥ വിവരങ്ങള്‍ തന്നെ ലഭിക്കേണ്ടതുണ്ട്. അതിനാല്‍ ഇത്തരം പ്രചരണങ്ങള്‍ നടത്തരുതെന്ന് ചരണ്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 5നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് എസ്.പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടക്കത്തില്‍ ആരോഗ്യസ്ഥിതി തൃപ്തികരമായിരുന്നെങ്കിലും ഓഗസ്റ്റ് പതിമൂന്നോടെ നില വഷളാവുകയും അതിതീവ്രപരിചരണ വിഭാഗത്തിലേയ്ക്കു മാറ്റുകയും ചെയ്തു.

ഈ മാസം ഏഴിന് എസ്.പി.ബിയ്ക്ക് കൊവിഡ് ഫലം നെഗറ്റീവ് ആയി. എന്നാല്‍ ഇപ്പോഴും അദ്ദേഹം വെന്റിലേറ്ററില്‍ തന്നെ തുടരുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

content highlights: S P charan about spbs health