അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്‌മണ്യത്തിന്റെ ശബ്ദം എ.ഐ ഉപയോഗിച്ച് പുനഃസൃഷ്ടിച്ചതില്‍ തെലുങ്ക് സംവിധായകനെതിരെ വക്കീല്‍ നോട്ടീസയച്ച് ബാലസുബ്രഹ്‌മണ്യത്തിന്റെ മകന്‍ എസ്.പി. ചരണ്‍. 2023ല്‍ റിലീസായ കീടാ കോള എന്ന സിനിമയിലെ ഒരു സീനില്‍ ബാക്ക്ഗ്രൗണ്ടില്‍ പ്ലേ ചെയ്യുന്ന പാട്ടില്‍ എസ്.പി.ബി. യുടെ ശബ്ദംഎ.ഐ ഉപയോഗിച്ച്പുനഃസൃഷ്ടിച്ചിരുന്നു.
എന്നാല്‍ ഇങ്ങനെ ചെയ്യുന്നതിന് എസ്.പി.ബി. യുടെ കുടുംബത്തിന്റെ സമ്മതം വാങ്ങിയിരുന്നില്ല എന്നാരോപിച്ചാണ് വക്കീല്‍ നോട്ടീസ് അയച്ചതെന്ന് ചരണിന്റെ അഭിഭാഷക കവിത ദയാലന്‍ അറിയിച്ചു.
‘ആരാധകര്‍ ഇതൊക്കെ ചെയ്യുന്നതില്‍ ചരണിനും കുടുംബത്തിനും ഒരു പ്രശ്‌നവുമില്ല. കാരണം, അവര്‍ സ്‌നഹം കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. എന്നാല്‍ അത് പ്രൊഫഷണല്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയും അതില്‍ നിന്ന് വരുമാനം ഉണ്ടാക്കുകയും ചെയ്യുമ്പോഴാണ് പ്രശനം ഉയരുന്നത്. റഹ്‌മാന്‍ സാര്‍ അങ്ങനെ ചെയ്തത് എത്തിക്കല്‍ ആയിട്ടാണ്. അന്തരിച്ച ഗായകര്‍ക്ക് ക്രെഡിറ്റ് നല്‍കുമെന്ന് കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കീടാ കോളാ ടീം കണ്‍സെന്റ് വാങ്ങാതെയും, ക്രെഡിറ്റ് നല്‍കാതെയും, കുടുംബാംഗങ്ങളെ അറിയിക്കാതെയുമാണ് എസ്.പി.ബി. യുടെ ശബ്ദം ഉപയോഗിച്ചത്,’
‘അവരുടെ ക്ഷമാപണത്തിനും ഒരു കോടി രൂപ റോയല്‍റ്റിയുടെ പേരില്‍ നഷ്ടപരിഹാരത്തിനുമാണ് ഞങ്ങള്‍ നോക്കുന്നത്. അന്തരിച്ച ഗായകരുടെ ശബ്ദം എ.ഐ. ജനറേറ്റ് ചെയ്ത് നിയമവിരുദ്ധമായി ഉപയോഗിക്കുന്നതിനെതിരെ കേസ് നല്‍കിയ ആദ്യത്തെ ആള്‍ക്കാര്‍ ഞങ്ങളായിരിക്കും,’ കവിത പറഞ്ഞു.
തങ്ങളുടെ ഭാഗത്തുനിന്നും തെറ്റ് പറ്റിയിട്ടില്ലെന്ന നിര്‍മാതാക്കളുടെ വാദം ആശ്ചര്യപ്പെടുത്തിയെന്നും കവിത കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തിലെ അഭിപ്രായത്തിനായി സിനിമയുടെ സംഗീത സംവിധായകന്‍ വിവേക് സാഗറിനെയും, സംവിധായകനും നടനുമായ തരുണ്‍ ഭാസ്‌കറിനെ ബന്ധപ്പെട്ടെങ്കിലും ആരും പ്രതികരിച്ചില്ല.
Content Highlight: S P Balasubramanyam’s family sent legal notice to Keeda Cola team for using SPB voice using AI