കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാളില്‍ പുതിയ പാര്‍ട്ടിയുടെ രൂപീകരണത്തിന് പിന്നില്‍ എ.ഐ.എം.ഐ.എമ്മിന്റെ തന്ത്രമാണെന്ന് വിലയിരുത്തല്‍.
മുസ്‌ലിം പുരോഹിതന്‍ അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മമതാ ബാനര്‍ജിയോടുള്ള അതൃപ്തിയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ കാരണമായതെന്ന് സിദ്ദിഖി തന്നെ പറഞ്ഞിട്ടുണ്ട്.
മമത നല്‍കിയ വാക്കുകള്‍ വിശ്വസിച്ചാണ് തന്നെ പിന്തുണയ്ക്കുന്നവര്‍ തെരഞ്ഞെടുപ്പില്‍ തൃണമൂലിന് വോട്ട് നല്‍കിയതെന്നും എന്നാല്‍ മമത വാക്ക് പാലിച്ചില്ലെന്നും സിദ്ദിഖി ആരോപിച്ചു.
‘മമത അധികാരത്തില്‍ വന്നപ്പോള്‍, അവര്‍ ജോലിയും വിദ്യാഭ്യാസവും 15 ശതമാനം സംവരണവും നല്‍കുമെന്ന് പറഞ്ഞു. ഞങ്ങള്‍ അവരെ വിശ്വസിച്ചു, എന്നെ പിന്തുണയ്ക്കുന്നവരും അനുയായികളും മമതയ്ക്ക് വോട്ട് ചെയ്തു. എന്നാല്‍ ഇപ്പോള്‍ മമത പറഞ്ഞതൊന്നും ചെയ്തില്ല. പകരം, അവര്‍ ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മില്‍ ഭിന്നത സൃഷ്ടിച്ചു. അതുകൊണ്ടുതന്നെ ആവശ്യമുള്ളത് കാര്യങ്ങള്‍ ചെയ്യാന്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടതില്ലെന്ന് ഞാന്‍ കരുതി. അതിന് വേണ്ടി സ്വന്തം പാര്‍ട്ടി രൂപീകരിക്കാമെന്ന് വെച്ചു” സിദ്ദിഖി പ്രതികരിച്ചു.
എന്നാല്‍ സിദ്ദിഖിയുടെ തീരുമാനത്തിന് പിന്നില്‍ അസദുദ്ദിന്‍ ഉവൈസിയുടെ ശക്തമായ ഇടപെടലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉവൈസിയും സിദ്ദിഖിയും ഒരുമിച്ച് നിന്ന് ബംഗാളില്‍ ശക്തമായ നീക്കം നടത്തുമെന്നും ഇത് മമത ബാനര്‍ജിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നും നിരീക്ഷകര്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക