ക്യൂരിയോസിറ്റിക്ക് പിറകെ ഇന്‍സൈറ്റ് ദൗത്യവുമായി നാസ
TechD
ക്യൂരിയോസിറ്റിക്ക് പിറകെ ഇന്‍സൈറ്റ് ദൗത്യവുമായി നാസ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st August 2012, 9:36 am

വാഷിങ്ടണ്‍: ക്യൂരിയോസിറ്റിയുടെ വിജയത്തിന് പിന്നാലെ നാസ വീണ്ടും ചൊവ്വാ ദൗത്യത്തിന് തയ്യാറെടുക്കുന്നു. ഇന്‍സൈറ്റ് എന്ന പേരാണ് പുതിയ ദൗത്യത്തിന് നല്‍കിയിട്ടുള്ളത്. 2016 ല്‍ ചൊവ്വയിലേക്ക് ഇന്‍സൈറ്റ് വിക്ഷേപിക്കുമെന്ന് നാസ അധികൃതര്‍ അറിയിച്ചു.[]

ഭൂമിയിലേത്‌ പോലെ ടെക്‌റ്റോണിക് പ്ലേറ്റുകളായി ചൊവ്വയുടെ ഉപരിതലം വിഘടിക്കപ്പെടാത്തതിന്റെ കാരണമാവും ഇന്‍സൈറ്റ് വിലയിരുത്തുക. ഭൂമിയുടേതിന് ഭിന്നമായി ചൊവ്വയുടെ ഉപരിതലത്തിന്റെ അറിയപ്പെടാത്ത രഹസ്യങ്ങളിലേക്കുള്ള ഈ ദൗത്യം ഇതര ഗ്രഹങ്ങള്‍ രൂപാന്തരപ്പെടാനിടയാക്കിയ കാരണങ്ങള്‍ വിലയിരുത്താന്‍ സഹായകമാവുമെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ചാള്‍സ് ബോള്‍ഡന്‍ വ്യക്തമാക്കി.

വിജയകരമായ ഫീനിക്‌സ് ലാന്‍ഡര്‍ ദൗത്യത്തിന് സമാനമായ സംവിധാനങ്ങളാവും ഇന്‍സൈറ്റിനായി ഒരുക്കുക. ചൊവ്വയിലെ ജല സാന്നിധ്യവും ജീവ സാന്നിധ്യവും കണ്ടെത്താനുള്ള ദൗത്യവുമായി 2007 ഓഗസ്റ്റ് നാലിനാണ് ഫീനിക്‌സ് വിക്ഷേപിച്ചത്. സൂര്യപ്രകാശം കിട്ടാത്തതിനാല്‍, ബാറ്ററികള്‍ ചാര്‍ജ് ചെയ്യാനാവാതെ 2008 നവംബറിലാണ് ഫീനിക്‌സ് നിശ്ചലമായത്.

ക്യൂരിയോസിറ്റിയുടെ വിജയകരമായ ദൗത്യം ജനങ്ങള്‍ക്കിടയില്‍ കൗതുകം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കൂടുതല്‍ ദൗത്യങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂവെന്ന് വ്യക്തമാക്കാനാണ് ഇന്‍സൈറ്റ് ദൗത്യത്തെക്കുറിച്ച് വെളിപ്പെടുത്തുന്നതെന്നും നാസ വ്യക്തമാക്കി.

അറുപതുകളില്‍ തന്നെ ഒട്ടേറെ പേടകങ്ങള്‍ ചൊവ്വയെക്കുറിച്ചു പഠിക്കാന്‍ ബഹിരാകാശത്തെത്തിയിരുന്നു. യു.എസ്സിന്റെ
മറീനര്‍ പരമ്പരയും വൈക്കിങ് ഒന്നും രണ്ടും ചൊവ്വയുടെ പല രഹസ്യങ്ങളും പുറത്തുകൊണ്ടുവന്നു. വിവിധ രാജ്യങ്ങളുടെ നാല്‍പതോളം ദൗത്യങ്ങളില്‍ 14 എണ്ണം മാത്രമാണു വിജയിച്ചത്.