| Thursday, 1st February 2024, 7:58 am

മോഹന്‍ലാലിന്റെ അമ്മക്ക് അങ്ങനെ പറയേണ്ട ആവശ്യമുണ്ടായിരുന്നില്ല; അന്ന് എനിക് അത്ഭുതം തോന്നി: എസ്.എന്‍. സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അലി ഇമ്രാന്‍ എന്ന പൊലീസ് ഓഫീസറായി മോഹന്‍ലാല്‍ നായകനായ ചിത്രമായിരുന്നു മൂന്നാംമുറ. മലയാള സിനിമയിലെ തിരക്കഥാകൃത്തുകളില്‍ പ്രധാനിയായ എസ്.എന്‍. സ്വാമി തിരക്കഥയൊരുക്കിയ ഈ ചിത്രം 1988ലായിരുന്നു തിയേറ്ററിലെത്തിയത്.

കെ. മധു സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിന് പുറമെ സുരേഷ് ഗോപി, ലാലു അലക്‌സ്, രേവതി, മുകേഷ് എന്നിവരും പ്രധാനവേഷത്തെ അവതരിപ്പിച്ചു.

ആ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു മൂന്നാംമുറ. ഇപ്പോള്‍ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ആ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി.

‘മോഹന്‍ലാലിന്റെ മൂന്നാം മുറ ഒരുപാട് സാഹസികതകളുള്ള ചിത്രമാണ്. ഇതിനകത്ത് ഉള്ള ക്ലൈമാക്സ് ആയിരുന്നില്ല ആദ്യമുണ്ടായിരുന്നത്. എല്ലാവരെയും രക്ഷിച്ച ശേഷം അവസാനം പത്രത്തില്‍ വാര്‍ത്ത വരുമ്പോള്‍ അലി ഇമ്രാന്റെ പേര് പോലും എവിടെയും ഉണ്ടായിരുന്നില്ല. പൊലീസ് ടീമിനായിരുന്നു അനുമോദനങ്ങള്‍ മുഴുവന്‍ ലഭിച്ചിരുന്നത്.

നമ്മള്‍ അങ്ങനെയൊരു ക്ലൈമാക്സ് ഷൂട്ട് ചെയ്തെങ്കിലും സെന്‍സര്‍ ബോര്‍ഡ് അത് സമ്മതിച്ചില്ല. പൊലീസിനെ അത്രയും മോശമാക്കണ്ട എന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഞങ്ങള്‍ക്ക് അതിനിടയില്‍ അപ്പീല്‍ പോകാനോ റിവൈസിങ് കമ്മിറ്റിയുടെ അടുത്ത് പോവാനോ ഉള്ള സമയമുണ്ടായിരുന്നില്ല.

ഒടുവില്‍ മറ്റു വഴിയില്ലാതെ ക്ലൈമാക്‌സ് റീഷൂട്ട് ചെയ്ത് സെന്‍സറിങ്ങിന് നല്‍കി. അവര്‍ അത് അപ്രൂവും ചെയ്തു. അതാണ് ഇപ്പോള്‍ എല്ലാവരും കാണുന്ന ക്ലൈമാക്‌സ്. എല്ലാ പൊലീസുകാരും അലി ഇമ്രാനെ അഭിനന്ദിക്കുന്ന ആ ക്ലൈമാക്‌സ് വന്നത് ഇങ്ങനെയാണ്.

സെന്‍സറിങ്ങിന് മുമ്പ് പ്രിവ്യൂ ഉണ്ടായിരുന്നു. അന്ന് ഞാനും മോഹന്‍ലാലും അയാളുടെ അമ്മയുമൊക്കെ പ്രിവ്യു കാണാന്‍ ഉണ്ടായിരുന്നു. മോഹന്‍ലാലിന്റെ അമ്മക്ക് എന്നോട് അങ്ങനെ പറയേണ്ട ആവശ്യമുണ്ടായിരുന്നില്ല.

മോനെ ആര് നിര്‍ബന്ധിച്ചാലും ഒരു കാരണവശാലും ഈ ക്ലൈമാക്‌സ് വിട്ടുകൊടുക്കാന്‍ പാടില്ല കേട്ടോ എന്ന് എന്നോട് പറഞ്ഞു. ഞാന്‍ അത്ഭുതപെട്ടുപോയി. അങ്ങനെ പറയേണ്ട കാര്യമില്ല എന്നോട്. സാധാരണ സിനിമ കണ്ടിട്ട് നന്നായിട്ടുണ്ട് എന്ന് പറഞ്ഞു പോവാറാണ്,’ എസ്.എന്‍. സ്വാമി പറഞ്ഞു.


Content Highlight: S N Swamy Talks About The Comment Of Mohanlal’s Mother After Watching Moonnam Mura Movie’s Preview

Latest Stories

We use cookies to give you the best possible experience. Learn more