മലയാള സിനിമയിലെ തിരക്കഥാകൃത്തുകളില്‍ പ്രധാനിയാണ് എസ്.എന്‍. സ്വാമി. അദ്ദേഹം തിരക്കഥയൊരുക്കിയ ചിത്രങ്ങളായിരുന്നു മോഹന്‍ലാല്‍ നായകനായ മൂന്നാംമുറയും മമ്മൂട്ടിയുടെ സി.ബി.ഐ സീരീസും.
അലി ഇമ്രാന്‍ എന്ന പൊലീസ് ഓഫീസറായിട്ടായിരുന്നു മോഹന്‍ലാല്‍ മൂന്നാംമുറയിലെത്തിയത്. സേതുരാമയ്യര്‍ എന്ന കഥാപാത്രമായിട്ടായിരുന്നു സി.ബി.ഐ സിനിമകളില്‍ മമ്മൂട്ടിയെ അവതരിപ്പിച്ചത്. ഇപ്പോള്‍ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ആ ചിത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് എസ്.എന്‍. സ്വാമി.
ആദ്യം സേതുരാമയ്യര്‍ക്ക് വേണ്ടി കണ്ടെത്തിയതായിരുന്നു അലി ഇമ്രാന്‍ എന്ന പേര്. എന്നാല്‍ അത് പിന്നീട് മൂന്നാംമുറ സിനിമയില്‍ മോഹന്‍ലാലിന് നല്‍കുകയായിരുന്നു. അതിനെ പറ്റി അവതാരകന്‍ അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘അത് രണ്ടും രണ്ട് കഥാപാത്രങ്ങളായിരുന്നു. അലി ഇമ്രാനും സേതുരാമയ്യറും രണ്ട് ടൈപ്പ് ആളുകളാണ്. നേരെ ഓപ്പോസിറ്റ് ആയവരാണ്. പക്ഷേ മോഹന്‍ലാലിന്റെ മൂന്നാംമുറ ഒരുപാട് സാഹസികതകളുള്ള ചിത്രമാണ്.
ഇതിനകത്ത് ഉള്ള ക്ലൈമാക്‌സ് ആയിരുന്നില്ല ആദ്യമുണ്ടായിരുന്നത്. എല്ലാവരെയും രക്ഷിച്ച ശേഷം അവസാനം പത്രത്തില്‍ വാര്‍ത്ത വരുമ്പോള്‍ അലി ഇമ്രാന്റെ പേര് പോലും എവിടെയും ഉണ്ടായിരുന്നില്ല. പൊലീസ് ടീമിനായിരുന്നു അനുമോദനങ്ങള്‍ മുഴുവന്‍ ലഭിച്ചിരുന്നത്.
നമ്മള്‍ അങ്ങനെയൊരു ക്ലൈമാക്‌സ് ഷൂട്ട് ചെയ്‌തെങ്കിലും സെന്‍സര്‍ ബോര്‍ഡ് അത് സമ്മതിച്ചില്ല. പൊലീസിനെ അത്രയും മോശമാക്കണ്ട എന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഞങ്ങള്‍ക്ക് അതിനിടയില്‍ അപ്പീല്‍ പോകാനോ റിവൈസിങ് കമ്മിറ്റിയുടെ അടുത്ത് പോവാനോ ഉള്ള സമയമുണ്ടായിരുന്നില്ല.
ഒടുവില്‍ മറ്റു വഴിയില്ലാതെ ക്ലൈമാക്സ് റീഷൂട്ട് ചെയ്ത് സെന്‍സറിങ്ങിന് നല്‍കി. അവര്‍ അത് അപ്രൂവും ചെയ്തു. അതാണ് ഇപ്പോള്‍ എല്ലാവരും കാണുന്ന ക്ലൈമാക്സ്. എല്ലാ പൊലീസുകാരും അലി ഇമ്രാനെ അഭിനന്ദിക്കുന്ന ആ ക്ലൈമാക്സ് വന്നത് ഇങ്ങനെയാണ്,’ എസ്.എന്‍. സ്വാമി പറഞ്ഞു.
Content Highlight: S N Swamy Talks About CBI And Moonnam Mura Movie