| Saturday, 13th July 2024, 10:19 pm

ഗ്രാഫിക്‌സിന്റെ സഹായമില്ലാത്ത കാലത്ത് മമ്മൂട്ടി വളരെയധികം കഷ്ടപ്പെട്ടാണ് ആ ഡബിള്‍ റോള്‍ ചെയ്തത്, പക്ഷേ ആ സിനിമ ആവറേജില്‍ ഒതുങ്ങിപ്പോയി: എസ്.എന്‍. സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുളില്‍ ഒരാളാണ് എസ്.എന്‍. സ്വാമി. 1984ല്‍ പുറത്തിറങ്ങിയ ചക്കരയുമ്മയിലൂടെ സിനിമാമേഖലയിലേക്കെത്തിയ എസ്.എന്‍. സ്വാമി 40 വര്‍ഷത്തെ കരിയറില്‍ 60ലധികം ചിത്രങ്ങള്‍ക്ക് വേണ്ടി തൂലിക ചലിപ്പിച്ചു. സേതുരാമയ്യര്‍, സാഗര്‍ ഏലിയാസ് ജിക്കി, നരസിംഹ മന്നാഡിയാര്‍ തുടങ്ങി മലയാളത്തിലെ ഐക്കോണിക് കഥാപാത്രങ്ങളുടെ സ്രഷ്ടാവാണ് എസ്.എന്‍. സ്വാമി.

മമ്മൂട്ടിയെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പരമ്പര. മമ്മൂട്ടി ആദ്യമായി ഇരട്ടവേഷത്തിലെത്തിയ സിനിമയെന്ന പ്രത്യേകതയും പരമ്പരക്കുണ്ട്. ചിത്രത്തിന്റെ തിരക്കഥ എഴുതിയത് എസ്.എന്‍ സ്വാമിയാണ്. ചിത്രത്തിലെ പ്രായമായ മമ്മൂട്ടിയുടെ കഥാപാത്രം സ്വല്പം തടിയുള്ളതായിരുന്നു.

ഗ്രാഫിക്‌സിന്റെ സഹായമൊന്നുമില്ലാതിരുന്ന കാലത്ത് ആറേഴ് ഷര്‍ട്ടുകള്‍ ഒരുമിച്ചിട്ടാണ് മമ്മൂട്ടി ആ കഥാപാത്രത്തിനെ അവതരിപ്പിച്ചതെന്ന് എസ്.എന്‍ സ്വാമി പറഞ്ഞു. അച്ഛന്‍ കഥാപാത്രത്തിന് പ്രാധാന്യം കൂടുതലായതുകൊണ്ട് ആ സിനിമ പ്രതീക്ഷിച്ച വിജയം നേടിയില്ലെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. ആദ്യമായി സംവിധായക കുപ്പായണിയുന്ന സീക്രട്ട് എന്ന സിനമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് എസ്.എന്‍. സ്വാമി ഇക്കാര്യം പറഞ്ഞത്.

‘പരമ്പര എന്ന സിനിമയില്‍ മമ്മൂട്ടി ഡബിള്‍ റോളിലായിരുന്നു. അച്ഛനു മകനുമായിട്ടാണ് ആ സിനിമയില്‍ മമ്മൂട്ടി അഭിനയിച്ചത്. അച്ഛന്‍ കഥാപാത്രം സ്വല്പം തടിയുള്ള ആളായിരുന്നു. ഇന്നത്തെപ്പോലെ വലിയ രീതിയില്‍ ഗ്രാഫിക്‌സ് ഒന്നും ഇല്ലാത്തതുകൊണ്ട് ആറേഴ് ഷര്‍ട്ട് ഒരുമിച്ച് ഇട്ടിട്ടാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. മകന്‍ മമ്മൂട്ടി നല്ല സ്റ്റൈലിഷ് ഡ്രസ്സൊക്കെ ധരിച്ചയാളായിരുന്നു.

സിനിമയില്‍ മകനെക്കാള്‍ പ്രാധാന്യം അച്ഛനായിരുന്നു. സ്റ്റൈലിഷായിട്ടുള്ള മമ്മൂട്ടിയെക്കാണാന്‍ വേണ്ടിയാണ് അന്ന് അധികം ആളുകളും കയറിയത്. പക്ഷേ അച്ഛന്‍ ക്യാരക്ടറിന് പ്രാധാന്യം കൂടിയത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ പ്രതീക്ഷിച്ചത് ആ സിനിമയില്‍ കിട്ടാത്തത് സിനിമയുടെ റിസല്‍ട്ടിനെ ബാധിച്ചു. ആവറേജില്‍ ഒതുങ്ങിപ്പോയ സിനിമയായിരുന്നു അത്,’ എസ്.എന്‍. സ്വാമി പറഞ്ഞു.

Content Highlight: S N Swamy shares the experience of Paramapara movie

We use cookies to give you the best possible experience. Learn more