എത്രയൊക്കെ സിനിമകൾക്ക് തിരക്കഥ എഴുതിയാലും മലയാളികൾ എസ്.എൻ. സ്വാമിയെ കണക്കുന്നത് സി.ബി.ഐ. ശ്രേണികളിലൂടെയാണ്. എൺപതുകളിൽ ആരംഭിച്ച സിനിമ ജീവിതത്തിൽ തിരക്കഥാകൃത്തെന്ന രീതിയിലാണ് അദ്ദേഹം തിളങ്ങിയത്. എന്നാൽ സംവിധാനത്തിന്റെ പാതയിലേക്ക് കടന്നിരിക്കുകയാണ് പ്രിയപ്പെട്ട തിരക്കഥാകൃത്ത്. തന്റെ സംവിധാന വിശേഷങ്ങളെപ്പറ്റി പങ്കുവെക്കുകയാണ് എസ്.എൻ. സ്വാമി.
സംവിധാനത്തിലേക്ക് കടന്നിട്ടും തനിക്ക് വ്യത്യാസങ്ങൾ ഒന്നും അനുഭവപ്പെട്ടിട്ടില്ലെന്ന് പറയുകയാണ് എസ്.എൻ. സ്വാമി. പുതിയ ചിത്രത്തിന്റെ തിരക്കഥ താൻ കാണാറില്ലെന്നും തിരുത്തൽ വേണമെങ്കിൽ അഭിനയത്തിലും ഡയലോഗിലും അപ്പോൾ തന്നെ മാറ്റങ്ങൾ വരുത്താറാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്നെ സംബന്ധിച്ചെടുത്തോളം സംവിധാനത്തിലേക്ക് കടന്നിട്ടും പ്രത്യേകിച്ച് വ്യത്യസ്ത അനുഭവം ആയിട്ടൊന്നും തോന്നുന്നില്ല. എന്റെ എല്ലാ ചിത്രങ്ങളുടെയും ലൊക്കേഷനിൽ വളരെ സജീവമായിട്ട് ഞാൻ പങ്കെടുക്കാറുണ്ട്. അതുകൊണ്ട് എനിക്ക് സിനിമ ലൊക്കേഷനും ഷൂട്ടിങ് സെറ്റുകളുമായിട്ടും വളരെ അടുത്ത ബന്ധമാണ്. സംവിധാനത്തിലേക്ക് കടക്കുമ്പോഴും ഞാൻ സന്തോഷത്തിലാണ്. എല്ലാ വർക്കുകളും ഒരു ശതമാനം പോലും വ്യത്യാസം ഇല്ലാതെ ഞാൻ തീരുമാനിച്ചപോലെ തന്നെ തീരുന്നുണ്ട്,’ എസ്.എൻ. സ്വാമി പറഞ്ഞു.
അഭിമുഖത്തിൽ തന്റെ സ്വന്തം സ്ക്രിപ്റ്റ് സംവിധാനം ചെയ്യുമ്പോഴുണ്ടാകുന്ന വ്യത്യാസങ്ങളെപ്പറ്റിയും സംസാരിച്ചു. താൻ സ്ക്രിപ്റ്റ് കാണാറില്ലെന്നും സ്ക്രിപ്റ്റിൽ തിരുത്തൽ വേണമെന്ന് തോന്നാറില്ലെന്നുംഅദ്ദേഹം പറഞ്ഞു.
‘ഇവിടെ ഞാൻ സംവിധാനത്തിലേക്ക് വന്നിട്ട് സ്ക്രിപ്റ്റ് കാണാറുപോലും ഇല്ല. എനിക്കറിയാം എല്ലാം. തിരുത്തൽ വേണമെന്ന് അങ്ങനെ തോന്നാറില്ല. വേണമെങ്കിൽ അപ്പോൾ തന്നെ അഭിനയത്തിലോ സംഭാഷണത്തിലോ നേരിട്ട് തിരുത്തുകയാണ് ചെയ്യുന്നത്. സ്ക്രിപ്റ്റിൽ തിരുത്ത് വരുത്താറില്ല.
മകൻ ആണ് എന്റെ കൂടെ നിൽക്കുന്നത്. അവനെ വളരെ പ്രധാനപ്പെട്ട ഒരു ജോലിയാണ് ഞാൻ ഏൽപ്പിച്ചിരിക്കുന്നത്. അസ്സോസിയേറ്റ് ഡയറക്ഷൻ മാത്രമല്ല സാങ്കേതിക വശങ്ങൾകൂടി അവനാണ് നോക്കുന്നത്. അതിൽ എനിക്ക് അവന്റെ അത്രയും അറിവില്ല. ഇന്നത്തെ സിനിമയുടെ പാറ്റേൺ ഒക്കെ വ്യത്യസ്തമാണ്,’അദ്ദേഹം പറഞ്ഞു.
എസ്.എൻ. സ്വാമി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അപർണ ദാസ്, ജേക്കബ് ഗ്രിഗറി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്നുണ്ട്.
Content Highlights: S.N Swamy on film direction