മലയാളത്തിലെ ഐക്കണിക് കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യര്‍ സി.ബി.ഐ. മമ്മൂട്ടി എന്ന നടന്‍ അവിസ്മരണീയമാക്കിയ കഥാപാത്രമാണിത്. 1988ല്‍ പുറത്തിറങ്ങിയ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സേതുരാമയ്യര്‍ എന്ന കഥാപാത്രം ഉണ്ടാകുന്നത്. പിന്നീട് ഇതേ ഫ്രാഞ്ചൈസിയില്‍ നിന്ന് നാല് സിനിമകള്‍ കൂടി ഉണ്ടായി. എല്ലാ സിനിമയിലും ഒരേ തിരക്കഥാകൃത്തും, സംവിധായകനുമായിരുന്നു.
സി.ബി.ഐ സീരീസിലെ മൂന്നാമത്തെ ചിത്രമായ സേതുരാമയ്യര്‍ സി.ബി.ഐ ഉണ്ടായ കഥ പറയുകയാണ് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി. സി.ബി.ഐ സീരീസിലെ രണ്ടാമത്തെ ചിത്രമായ ജാഗ്രത പ്രതീക്ഷിച്ച വിജയം നേടാത്തതുകൊണ്ട് തങ്ങള്‍ ആ സീരീസ് ഉപേക്ഷിച്ചിരുന്നുവെന്ന് എസ്.എന്‍. സ്വാമി പറഞ്ഞു. എന്നാല്‍ 2003-2004 കാലഘട്ടത്തില്‍ മമ്മൂട്ടിയുടെ ഒരുപാട് സിനിമകള്‍ പരാജയമായപ്പോള്‍ അദ്ദേഹം തന്നെ വിളിച്ച് സി.ബി.ഐ സിനിമ ഒരെണ്ണം ചെയ്യാമെന്ന് പറയുകയായിരുന്നുവെന്ന് സ്വാമി പറഞ്ഞു.
തനിക്ക് ആദ്യം താത്പര്യമില്ലായിരുന്നെന്നും മമ്മൂട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആ സിനിമ ചെയ്യാമെന്ന് സമ്മതിച്ചതെന്നും എസ്.എന്‍. സ്വാമി പറഞ്ഞു. ഒരു ഇംഗ്ലീഷ് നോവലിലെ ചെറിയൊരു ഭാഗത്തില്‍ നിന്നാണ് ആ സിനിമക്കുള്ള കഥ കിട്ടിയതെന്നും സിനിമയിറങ്ങിയപ്പോള്‍ വലിയ വിജയമായെന്നും സ്വാമി പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സി.ബി.ഐ സീരീസിലെ രണ്ടാമത്തെ സിനിമയായ ജാഗ്രത ഞങ്ങള്‍ പ്രതീക്ഷിച്ച അത്ര വിജയമായില്ല. അതോടുകൂടി സി.ബി.ഐ സിനിമകള്‍ ആളുകള്‍ ഇനി സ്വീകരിക്കില്ലെന്ന് കരുതി ഞങ്ങള്‍ ആ സീരീസ് ഉപേക്ഷിച്ചു. പിന്നീട് 2003-2004 കാലഘട്ടത്തിലാണ് അതിന്റെ അടുത്ത പാര്‍ട്ട് ഞങ്ങള്‍ ചെയ്യുന്നത്. അതിന് കാരണം മമ്മൂട്ടിയാണ്.
ആ സമയത്ത് പുള്ളിയുടെ കുറെ സിനിമകള്‍ പരാജയപ്പെട്ട് ഇരിക്കുകയായിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ മമ്മൂട്ടി എന്നെ വിളിച്ചിട്ട്, ‘എനിക്ക് ഒരു സി.ബി.ഐ സിനിമ വേണം’ എന്ന് പറഞ്ഞു. ആദ്യമൊക്കെ ഞാന്‍ പറ്റില്ല, ഇനി ആള്‍ക്കാര്‍ ഇതൊന്നും സ്വീകരിക്കില്ല എന്ന് പറഞ്ഞു. ‘അതൊക്കെ സ്വീകരിച്ചോളും, നിങ്ങള്‍ കഥ ഉണ്ടാക്ക്’ എന്ന് മമ്മൂട്ടി പറഞ്ഞു. ഒരു ഇംഗ്ലീഷ് നോവലിലെ ചെറിയൊരു ഭാഗത്തില്‍ നിന്നാണ് ആ സിനിമയുടെ കഥ എനിക്ക് കിട്ടിയത്,’ എസ്.എന്‍. സ്വാമി പറഞ്ഞു.
Content Highlight: S N Swamy about Sethuramayyar CBI movie and Mammootty