| Monday, 15th July 2024, 9:26 am

ജാഗ്രത പ്രതീക്ഷിച്ച വിജയം നേടാത്തതിന് കാരണം ആ മോഹന്‍ലാല്‍ ചിത്രമായിരുന്നു: എസ്.എന്‍. സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുളില്‍ ഒരാളാണ് എസ്.എന്‍. സ്വാമി. 1984ല്‍ പുറത്തിറങ്ങിയ ചക്കരയുമ്മയിലൂടെ സിനിമാമേഖലയിലേക്കെത്തിയ എസ്.എന്‍. സ്വാമി 40 വര്‍ഷത്തെ കരിയറില്‍ 60ലധികം ചിത്രങ്ങള്‍ക്ക് വേണ്ടി തൂലിക ചലിപ്പിച്ചു. സേതുരാമയ്യര്‍, സാഗര്‍ ഏലിയാസ് ജിക്കി, നരസിംഹ മന്നാഡിയാര്‍ തുടങ്ങി മലയാളത്തിലെ ഐക്കോണിക് കഥാപാത്രങ്ങളുടെ സ്രഷ്ടാവാണ് എസ്.എന്‍. സ്വാമി.

മലയാളത്തില്‍ ഒരു കഥാപാത്രത്തെ വെച്ച് അഞ്ച് ഭാഗങ്ങള്‍ ഒരുക്കിയത് എസ്.എന്‍. സ്വാമിയാണ്. സേതുരാമയ്യര്‍ സി.ബി.ഐ എന്ന കഥാപാത്രത്തെവെച്ച് അഞ്ച് സിനിമകള്‍ സ്വാമി രചിച്ചു. സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന സിനിമയുടെ രണ്ടാം ഭാഗമായിരുന്നു ജാഗ്രത. എന്നാല്‍ പ്രതീക്ഷിച്ചത്ര വിജയം നേടാന്‍ ജാഗ്രതക്ക് സാധിച്ചില്ല. അതിന്റെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് എസ്.എന്‍. സ്വാമി.

ജാഗ്രത ഷൂട്ട് ചെയ്യുന്ന അതേ സമയം സംവിധായകന്‍ കെ. മധു മോഹന്‍ലാലിനെവെച്ച് ഒരു സിനിമ സംവിധാനം ചെയ്തുവെന്നും ഒരേ സമയം രണ്ട് സിനിമകള്‍ ചെയ്തതാണ് ജാഗ്രതയുടെ പരാജയത്തിന്റെ കാരണമെന്നും എസ്.എന്‍. സ്വാമി പറഞ്ഞു.

ജാഗ്രതയുടെ കൂടെ റിലീസ് ചെയ്യാന്‍ വെച്ച സിനിമയായതു കൊണ്ട് പെട്ടെന്ന് ഷൂട്ട് തീര്‍ക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും എന്നാല്‍ വിപരീത ഫലം തന്നുവെന്നും എസ്.എന്‍. സ്വാമി കൂട്ടിച്ചേര്‍ത്തു. ഓണ്‍ലുക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്വാമി ഇക്കാര്യം പറഞ്ഞത്.

‘സി.ബി.ഐ. ഡയറിക്കുറിപ്പിന്റെ രണ്ടാം ഭാഗം എന്ന നിലയില്‍ വലിയ ഹൈപ്പായിരുന്നു ജാഗ്രതക്ക് അന്ന് ലഭിച്ചത്. പക്ഷേ പ്രതീക്ഷിച്ച വിജയം നേടാന്‍ ആ സിനിമക്ക് സാധിച്ചില്ല. അതിന്റെ കാരണം കെ.മധുവാണ്. ജാഗ്രത ഷൂട്ട് ചെയ്യുന്ന അതേ സമയത്ത് മറ്റൊരു മോഹന്‍ലാല്‍ ചിത്രവും അയാള്‍ സംവിധാനം ചെയ്യുകയായിരുന്നു. രാവിലെ മോഹന്‍ലാലിന്റെ സിനിമയും വൈകിട്ട് മമ്മൂട്ടിയുടെ സിനിമയും ഷൂട്ട് ചെയ്യുകയായിരുന്നു.

ഒരു സംവിധായകനും രണ്ട് സിനിമ ഒരേസമയം സംവിധാനം ചെയ്യാന്‍ പറ്റില്ല. രണ്ടും കൂടെ കണ്‍ഫ്യഷനാവും. ജാഗ്രതയുടെ കൂടെ തന്നെയായിരുന്നു ആ മോഹന്‍ലാല്‍ സിനിമയും റിലീസ് ചെയ്തത്. രണ്ട് സിനിമയും ഒരുമിച്ച് ഷൂട്ട് ചെയ്തത് വിപരീത ഫലം തന്നു. ജാഗ്രത വെറും ആവറേജ് റിപ്പോര്‍ട്ടായിരുന്നു അന്ന് നേടിയത്,’ എസ്.എന്‍. സ്വാമി പറഞ്ഞു.

Content Highlight: S N Swamy about  of Jagratha movie and K Madhu

We use cookies to give you the best possible experience. Learn more