| Wednesday, 31st January 2024, 8:04 pm

തീം മ്യൂസിക്കിന് തുടക്കമിട്ടത് ആ മോഹന്‍ലാല്‍ ചിത്രം; അത് ആ കഥാപാത്രത്തിന് നല്‍കിയ ഇംപാക്ട് വലുതായിരുന്നു: എസ്.എന്‍. സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എസ്.എന്‍. സ്വാമി തിരക്കഥയെഴുതി കെ. മധു സംവിധാനം ചെയ്ത ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്. 1987ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, അംബിക, ഉര്‍വശി എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്.

എം. മണി നിര്‍മിച്ച ചിത്രത്തിന്റെ സംഗീതമൊരുക്കിയത് സംഗീത സംവിധായകന്‍ ശ്യാമാണ്. ചിത്രത്തില്‍ സാഗര്‍ ഏലിയാസ് ജാക്കി എന്ന കഥാപാത്രമായാണ് മോഹന്‍ലാലെത്തിയത്. ഇപ്പോള്‍ ആ ചിത്രത്തെ കുറിച്ച് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് എസ്.എന്‍. സ്വാമി.

താന്‍ ആദ്യമായി തീം മ്യൂസിക് കേള്‍ക്കുന്നത് ആ സിനിമയിലാണെന്നും അങ്ങനെ ഒരു മ്യൂസിക് വേണമെന്ന് തങ്ങള്‍ സംഗീത സംവിധായകന്‍ ശ്യാമിനോട് സൂചിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആ സിനിമ കണ്ടതും അദ്ദേഹം മോഹന്‍ലാലിന് ഒരു തീം മ്യൂസിക് വേണമെന്ന് പറയുകയായിരുന്നെന്നും അന്ന് തീം മ്യൂസിക് എന്താണെന്ന് പോലും തനിക്ക് അറിയില്ലായിരുന്നെന്നും എസ്.എന്‍. സ്വാമി കൂട്ടിച്ചേര്‍ത്തു.

‘ഇരുപതാം നൂറ്റാണ്ട് സിനിമയുടെ സമയത്താണ് തീം മ്യൂസിക് ആദ്യമായി തുടങ്ങുന്നത്. ഞാന്‍ ആദ്യമായി തീം മ്യൂസിക് കേള്‍ക്കുന്നത് ആ സിനിമയിലാണ്. അങ്ങനെ ഒന്ന് വേണമെന്ന നമ്മള്‍ ശ്യാംജിയോട് പറഞ്ഞതല്ല. പുള്ളി സ്വയം ഉണ്ടാക്കിയതാണ്.

ആ സിനിമ കണ്ടതും അദ്ദേഹം ലാല്‍ സാറിന് ഒരു തീം മ്യൂസിക് വേണമെന്ന് പറഞ്ഞു. അന്ന് തീം മ്യൂസിക് എന്താണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അതിനെ കുറിച്ച് മുന്‍പരിചയമുണ്ടായിരുന്നില്ല. ഇങ്ങനെ ഒരു തീം മ്യൂസിക് ഉണ്ടെങ്കില്‍ ആ കഥാപാത്രത്തിന് ഒരു ഇംപാക്ട് ഉണ്ടാകുമെന്ന് പുള്ളി പറഞ്ഞു.

ഇപ്പോഴും ആ മ്യൂസിക് കേള്‍ക്കാന്‍ ഇഷ്ടമാണ്. കാരണം അത് ഒരു സമയത്ത് ഒരുപാട് ആസ്വദിച്ചവരാണ് നമ്മള്‍. അത് മനസിന്റെ ഉള്ളില്‍ നിന്ന് അങ്ങനെ മാഞ്ഞു പോകില്ല. ഒരുപാട് തവണ കേട്ട തീം മ്യൂസിക് ആണെങ്കിലും ഇപ്പോള്‍ കേള്‍ക്കുമ്പോഴും മികച്ച ആസ്വാദനമാണ്,’ എസ്.എന്‍. സ്വാമി പറയുന്നു.


Content Highlight: S N Swami Talks About Irupatham Noottandu Movie’s Theme Song

We use cookies to give you the best possible experience. Learn more