| Monday, 21st October 2024, 7:44 am

തല്ലിക്കൂട്ടി ഉണ്ടാക്കിയതാണ് ആ മമ്മൂട്ടി ചിത്രം; അതെനിക്ക് ഒരിക്കലും തൃപ്തി തന്നില്ല: എസ്.എന്‍ സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രമാണ് ബല്‍റാം v/s താരാദാസ്. മമ്മൂട്ടി, മുകേഷ്, ശ്രീനിവാസന്‍, സിദ്ദിഖ്, കത്രീന കൈഫ്, വാണി വിശ്വനാഥ് എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 2006ല്‍ ആണ് ചിത്രം പുറത്തിറങ്ങിയത്. അതിരാത്രം എന്ന ചിത്രത്തിലെ താരാദാസ് എന്ന കഥാപാത്രവും ആവനാഴി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്നീ ചിത്രങ്ങളിലെ ബല്‍റാം എന്ന കഥാപാത്രവും ഒരുമിച്ച ഈ ചിത്രത്തില്‍ മമ്മൂട്ടി ഇരട്ട വേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്. ലിബര്‍ട്ടി റോയല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.വി. ബഷീറാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്.

ബല്‍റാം v/s താരാദാസ് എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് എസ്.എന്‍ സ്വാമി. ചിത്രം ഐ.വി ശശിയുടെയും ബഷീറിന്റെയും നിര്‍ബന്ധമായിരുന്നെന്ന് അദ്ദേഹം പറയുന്നു. കഥക്ക് വേണ്ടി എടുത്ത സിനിമയല്ലെന്നും തല്ലിക്കൂട്ടിയുണ്ടാക്കിയതാണ് ആ ചിത്രമെന്നും എസ്.എന്‍ സ്വാമി കൂട്ടിച്ചേര്‍ത്തു.

രണ്ട് ബന്ധമില്ലാത്ത കഥാപാത്രങ്ങള്‍ തമ്മില്‍ ബന്ധമുണ്ടാകുക എന്ന് പറഞ്ഞാല്‍ അത് എളുപ്പമല്ലെന്നും അദ്ദേഹം പറയുന്നു. കഥ ലോജിക്കല്‍ അല്ലെന്നും ആളുകള്‍ക്ക് അത് ഒരിക്കലും വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും പറഞ്ഞ സ്വാമി ആ വര്‍ക്കില്‍ താന്‍ സാറ്റിസ്ഫൈഡ് അല്ലായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൂക്കേഴ്‌സ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആ സിനിമ ബഷീറിക്കയുടെ നിര്‍ബന്ധമായിരുന്നു. ഐ.വി ശശിയുടെയും ബഷീറിന്റെയും നിര്‍ബന്ധമായിരുന്നു ആ ചിത്രം. ആ സിനിമ ശരിയാകില്ലെന്ന് ആദ്യമേ അറിയാം. കഥക്ക് വേണ്ടി സിനിമയെടുത്തതല്ല ഒരു സിനിമക്ക് വേണ്ടി കഥയുണ്ടാക്കിയതായിരുന്നു ബല്‍റാം v/s താരാദാസ്. തല്ലിക്കൂട്ടി എടുത്തതല്ലേ.

രണ്ട് ബന്ധമില്ലാത്ത കഥാപാത്രങ്ങള്‍ തമ്മില്‍ ബന്ധമുണ്ടാകുക എന്ന് പറഞ്ഞാല്‍ എളുപ്പമല്ല. ലോജിക്കല്‍ ആക്കേണ്ടെ കഥ. ആളുകള്‍ക്ക് വിശ്വസിക്കാന്‍ പറ്റേണ്ടേ. അതെനിക്ക് ഒരിക്കലും ഒരു സാറ്റിസ്ഫാക്ടറി വര്‍ക്ക് അല്ല,’ എസ്. എന്‍ സ്വാമി പറയുന്നു.

Content Highlight: S.N Swami Talks About His Disappoinment With Balram vs. Tharadas Movie

We use cookies to give you the best possible experience. Learn more