മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് എസ്.എന്‍. സ്വാമി. തന്റെ 40 വര്‍ഷത്തെ കരിയറില്‍ 60ലധികം ചിത്രങ്ങള്‍ക്ക് വേണ്ടി അദ്ദേഹം തൂലിക ചലിപ്പിച്ചിട്ടുണ്ട്. സേതുരാമയ്യര്‍, സാഗര്‍ ഏലിയാസ് ജാക്കി, നരസിംഹ മന്നാഡിയാര്‍ തുടങ്ങി മലയാളത്തിലെ ഐക്കോണിക് കഥാപാത്രങ്ങളുടെ സ്രഷ്ടാവാണ് എസ്.എന്‍. സ്വാമി.
ഒരു സി.ബി.ഐ ഡയറി കുറുപ്പിന്റെ കഥ എഴുതിയ ഓർമകൾ പങ്കുവെക്കുകയാണ് എസ്.എൻ സ്വാമി. ഏത് സിനിമയുടെ കഥയും താൻ പെട്ടെന്ന് എഴുതാറുണ്ടെന്നും എന്നാൽ ചിത്രത്തിന്റെ കഥ എഴുതിയ ശേഷം മമ്മൂട്ടിയും സംവിധായകൻ കെ. മധുവും തന്നെ കാണാൻ വന്നെന്നും അദ്ദേഹം പറയുന്നു. കഥ കുറച്ചുകൂടെ സിനിമാറ്റിക് ആക്കാനായിരുന്നു അവർ ആവശ്യപ്പെട്ടതെന്നും എസ്.എൻ സ്വാമി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഏത് പടത്തിന്റെ കഥയാണെങ്കിലും ഞാന്‍ അത് പെട്ടെന്ന് തന്നെ എഴുതി തീരാറുണ്ട്. ചില സിനിമകളില്‍ അതില്‍ മാറ്റം ഉണ്ടാകാറുണ്ട്. പക്ഷെ എന്റെ മനസില്‍ അതിന്റെയൊക്കെ കഥയുണ്ടാകും. എങ്ങനെ അത് അവസാനിപ്പിക്കണം എന്ന കാര്യം എന്റെ മനസില്‍ ഉണ്ടാകും. പിന്നെ കഥയുടെ പ്രോസസില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകാം.
എന്റെ ആദ്യത്തെ സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന സിനിമയുടെ സമയത്ത് ഞാന്‍ ക്ലൈമാക്‌സൊക്കെ എഴുതി കൊടുത്ത ശേഷമാണ് അവര്‍ ഷൂട്ട് ചെയ്യാന്‍ തുടങ്ങിയത്. അന്ന് ഷൂട്ട് ചെയ്യാനായി ലൊക്കേഷനില്‍ എത്തിയ ശേഷം മമ്മൂട്ടിയും മധുവും ചേര്‍ന്ന് കഥയെ പറ്റി ആലോചിച്ചു. അതില്‍ ഒന്നുകൂടെ ഒന്ന് മാറ്റി ചെയ്യണം അല്ലെങ്കില്‍ മാറി ചിന്തിക്കണമെന്ന ചിന്ത അവര്‍ക്ക് ഉണ്ടായി. കണ്ടന്റില്‍ ആയിരുന്നില്ല, ആ സിനിമയുടെ അപ്രോച്ചിലായിരുന്നു മാറ്റം വേണമെന്ന് അവര്‍ ചിന്തിച്ചത്.
അങ്ങനെ അവര്‍ രണ്ടുപേരും എന്നെ കാണാന്‍ വന്നു. ഞാന്‍ അതുവരെ ലൊക്കേഷനിലേക്ക് പോയിരുന്നില്ല. ‘സ്വാമി ടെന്‍ഷനൊന്നും വേണ്ട. ക്ലൈമാക്‌സില്‍ കുഴപ്പമില്ല, പക്ഷെ ക്ലൈമാക്‌സിലേക്ക് എത്തിയ പ്രോസസ് കുറച്ച് കൂടെയൊന്ന് സിനിമാറ്റിക് ആക്കാം’ എന്ന് അവര്‍ പറഞ്ഞു.