| Wednesday, 31st July 2024, 9:46 am

ആ മമ്മൂട്ടി ചിത്രത്തിന്റെ ക്രെഡിറ്റ്‌ സത്യൻ അന്തിക്കാടിനുള്ളത്: എസ്.എൻ സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് എസ്.എന്‍.സ്വാമി. 1984ല്‍ പുറത്തിറങ്ങിയ ചക്കരയുമ്മയിലൂടെ സിനിമാമേഖലയിലേക്കെത്തിയ എസ്.എന്‍.

സ്വാമി 40 വര്‍ഷത്തെ കരിയറില്‍ 60ലധികം ചിത്രങ്ങള്‍ക്ക് വേണ്ടി തൂലിക ചലിപ്പിച്ചു. മലയാളത്തിലെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നായ സേതുരാമയ്യര്‍ എന്ന സി.ബി.ഐ ഉദ്യോഗസ്ഥന്റെ സൃഷ്ടാവും സ്വാമി തന്നെയാണ്.

എസ്. എൻ സ്വാമിയും സത്യൻ അന്തിക്കാടും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു കളിക്കളം. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിൽ ശോഭന, മുരളി, ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഹ്യൂമറിനൊപ്പം ത്രില്ലറും കൂടെ ചേർത്താണ് കളിക്കളത്തിന്റെ കഥ മുന്നോട്ട് പോവുന്നത്.

താനും സത്യൻ അന്തിക്കാടും ഒന്നിച്ചതാണ് ആ സിനിമയുടെ പ്രത്യേകതയെന്നും സത്യൻ അന്തിക്കാട് നന്നായി കോമഡി വശമുള്ള ആളാണെന്നും എസ്.എൻ. സ്വാമി പറഞ്ഞു. ആ സിനിമയുടെ ക്രെഡിറ്റ്‌ കൂടുതലും സത്യൻ അന്തിക്കാടിനാണെന്നും അദ്ദേഹം പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു എസ്.എൻ. സ്വാമി.

‘കളിക്കളം എന്ന സിനിമയുടെ ക്രെഡിറ്റ്‌ സംവിധായകൻ സത്യൻ അന്തിക്കാടിനാണ്. കാരണം പുള്ളിക്ക് നന്നായി കോമഡി വശമുള്ള ആളാണ്. നമ്മൾ എന്ത് എഴുതികൊടുത്താലും പുള്ളി അതൊന്ന് കൂടെ നന്നായി മാറ്റും.

എന്റെ സിനിമകളുടെ ഒരു സ്വഭാവവും സത്യൻ അന്തിക്കാട് സിനിമകളുടെ ഒരു സ്റ്റൈലും ഒന്നിച്ച് ചേർന്നതാണ് ആ സിനിമയുടെ ഒരു പ്രത്യേകത. കായംകുളം കൊച്ചുണ്ണി മുതൽ നമുക്ക് അറിയുന്നതല്ലേ നല്ല കള്ളൻ മാരുടെ കഥ. അങ്ങനെ ഒന്നാണ് ആ ചിത്രം,’എസ്. എൻ സ്വാമി പറയുന്നു.

അതേസമയം എസ്. എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്ത സീക്രെട്ട് എന്ന ചിത്രം കഴിഞ്ഞ ആഴ്ച തിയേറ്ററുകളിൽ എത്തിയിരുന്നു. ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രത്തിൻ അപർണ ദാസ്, ഗ്രിഗറി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Content Highlight: S.N. Swami talk About kalikalm movie and sathyan anthikkad

We use cookies to give you the best possible experience. Learn more