Entertainment
സീക്രട്ടിന്റെ കഥ ആദ്യം പറയുന്നത് ആ സൂപ്പർ സ്റ്റാറിനോട്, സിനിമയാക്കാൻ ധൈര്യം തന്നതും അദ്ദേഹം: എസ്.എൻ.സ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 30, 04:51 am
Tuesday, 30th July 2024, 10:21 am

മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് എസ്.എന്‍.സ്വാമി. 1984ല്‍ പുറത്തിറങ്ങിയ ചക്കരയുമ്മയിലൂടെ സിനിമാമേഖലയിലേക്കെത്തിയ എസ്.എന്‍.

സ്വാമി 40 വര്‍ഷത്തെ കരിയറില്‍ 60ലധികം ചിത്രങ്ങള്‍ക്ക് വേണ്ടി തൂലിക ചലിപ്പിച്ചു. മലയാളത്തിലെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നായ സേതുരാമയ്യര്‍ എന്ന സി.ബി.ഐ ഉദ്യോഗസ്ഥന്റെ സൃഷ്ടാവും സ്വാമി തന്നെയാണ്.

ഇത്രയേറെ സിനിമകൾക്ക് കഥകളൊരുക്കിയ എസ്.എൻ.സ്വാമി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് സീക്രട്ട്. ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയിരുന്നു. സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടുന്നത്.

സീക്രട്ടിന്റെ കഥ ആദ്യമായി പറയുന്നത് മമ്മൂട്ടിയോടാണെന്നും ഇത് സിനിമയാക്കിയാൽ നന്നാവുമെന്ന് മമ്മൂട്ടി പറഞ്ഞെന്നും എസ്.എൻ സ്വാമി പറയുന്നു. സിനിമ ചെയ്യാനുള്ള ധൈര്യം തന്നത് മമ്മൂട്ടിയാണെന്നും തന്റെ ജീവിതത്തിലുണ്ടായ ഒരു അനുഭവത്തിൽ നിന്നാണ് ഈ കഥ കിട്ടിയതെന്നും എസ്.എൻ സ്വാമി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

‘ഈ ചിന്ത എന്റെ മനസിൽ കുറച്ച് നാളയി കിടക്കുന്നുണ്ടായിരുന്നു. എന്റെ ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവമാണ്. അതിനെ എന്തെങ്കിലും ചെയ്യാമെന്ന് ഞാൻ കരുതി. പക്ഷെ ഒരു ചിന്തയെ പെട്ടെന്ന് സിനിമയാക്കാൻ കഴിയില്ലല്ലോ.

ഇങ്ങനെയൊരു സംഭവം പറയാമോയെന്ന് ഒരുപാട് ആലോചിച്ചു നോക്കി. അതിന്റെയൊരു നോവലിറ്റിയും പുതുമയും തോന്നിയപ്പോൾ സുഹൃത്തുക്കളോട് പറയണമെന്ന് തോന്നി. അങ്ങനെ മമ്മൂട്ടിയോടാണ് ഞാൻ ആദ്യമായി സീക്രെട്ടിന്റെ കഥ പറയുന്നത്.

മമ്മൂട്ടിക്ക് ഒരുപാട് ഇഷ്ടമാവുകയും എന്നോട് ധൈര്യമായി ചെയ്യ് എന്ന് പറയുകയും ചെയ്തു. മമ്മൂട്ടി തന്നെയാണ് അതിന് വേണ്ടി എനിക്ക് ധൈര്യം തരുന്നതും,’എസ്.എൻ സ്വാമി പറയുന്നു.

Content Highlight: S.N.Swami Talk About His New Movie And Mammootty