| Thursday, 1st August 2024, 10:32 am

അര ദിവസം കൊണ്ട് തീർത്ത ഇരുപതാം നൂറ്റാണ്ടിലെ ആ രംഗമെടുക്കാൻ തെലുങ്ക് റീമേക്കിന് മൂന്ന് ദിവസമെടുത്തു: എസ്.എൻ സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നാണ് ഇരുപതാം നൂറ്റാണ്ട് എന്ന മോഹൻലാൽ ചിത്രം. കെ. മധു സംവിധാനം ചെയ്ത സിനിമയുടെ രചന നിർവഹിച്ചത് എസ്. എൻ. സ്വാമിയായിരുന്നു. മോഹൻലാലിന്റെ താരപരിവേഷം ഉയർത്തുന്നതിൽ വലിയ പങ്ക് വഹിച്ച ചിത്രമായിരുന്നു ഇരുപതാം നൂറ്റാണ്ട്.

എയർപോർട്ടിൽ വെച്ചുള്ള ചിത്രത്തിലെ ക്ലൈമാക്സ്‌ ഫൈറ്റ് പ്രേക്ഷകർ ഇന്നും ഓർത്തുവെക്കുന്ന ഒന്നാണ്. ആ ക്ലൈമാക്സ്‌ രംഗത്തിന്റെ മുഴുവൻ ക്രെഡിറ്റും ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്ററായ ത്യാഗരാജനാണെന്ന് പറയുകയാണ് എസ്.എൻ സ്വാമി. അര ദിവസം കൊണ്ട് ഷൂട്ട്‌ ചെയ്ത ക്ലൈമാക്സ്‌ രംഗം ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലേക്ക് എത്തിയപ്പോൾ മൂന്ന് ദിവസമെടുത്താണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു എസ്.എൻ. സ്വാമി

‘ഒരു ദിവസം രാവിലെ പത്ത് മണിക്ക് തുടങ്ങിയ ഷൂട്ട് വൈകുന്നേരം ആവുമ്പോഴേക്കും തീർന്നിട്ടുണ്ട്. ഇരുട്ടായാൽ ബാക്കി എടുക്കാൻ പറ്റില്ല. കാരണം ഞങ്ങൾക്ക് കംമ്പയിൻ ഷോട്ടുള്ളതാണ്. അവിടെ മണിക്കൂറിനാണ് വാടക.

നിർമാതാവ് മണിസാറിന് അങ്ങനെ കാശ് മുടക്കാനുള്ള താത്പര്യം ഇല്ലായിരുന്നു. സത്യത്തിൽ ഞങ്ങളെ സഹായിച്ചത് ത്യാഗരാജൻ മാസ്റ്റർ ആയിരുന്നു. അദ്ദേഹം സിനിമയുടെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു.

അയാൾ അത്രയും നന്നായി സിനിമയിൽ വർക്ക് ചെയ്തിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ക്ലൈമാക്സിന്റെ ക്രെഡിറ്റ് ത്യാഗരാജൻ മാസ്റ്റർക്കാണ്.


അത്രയ്ക്കും ക്യൂഷ്യലായിരുന്നു ആ സീൻ. പക്ഷെ അതേസാധനം അതേപോലെ ടി.വിയിൽ ഇട്ടിട്ട് അതേ സ്ഥലത്ത് അതേ ലൊക്കേഷനിൽ തെലുങ്ക് പടം എടുത്തപ്പോൾ മൂന്ന് ദിവസമെടുത്തു,’എസ്. എൻ സ്വാമി പറയുന്നു.

അതേസമയം എസ്. എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്ത സീക്രെട്ട് എന്ന ചിത്രം കഴിഞ്ഞ ആഴ്ച തിയേറ്ററുകളിൽ എത്തിയിരുന്നു. ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രത്തിൻ അപർണ ദാസ്, ഗ്രിഗറി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Content Highlight: S.N.Swami talk About Climax Of Irupatham Nootand Movie

We use cookies to give you the best possible experience. Learn more