മമ്മൂട്ടി ജീവിതത്തിൽ ആ രീതിയിൽ അഭിനയിച്ച ഏക ചിത്രം, ഒരു കള്ളന്റെ കഥ വേണമെന്ന് പറഞ്ഞത് അദ്ദേഹമാണ്: എസ്.എൻ സ്വാമി
Entertainment
മമ്മൂട്ടി ജീവിതത്തിൽ ആ രീതിയിൽ അഭിനയിച്ച ഏക ചിത്രം, ഒരു കള്ളന്റെ കഥ വേണമെന്ന് പറഞ്ഞത് അദ്ദേഹമാണ്: എസ്.എൻ സ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th August 2024, 3:19 pm

മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് എസ്.എന്‍.സ്വാമി. 1984ല്‍ സിനിമാമേഖലയിലേക്കെത്തിയ എസ്.എന്‍.സ്വാമി 40 വര്‍ഷത്തെ കരിയറില്‍ 60ലധികം ചിത്രങ്ങള്‍ക്ക് വേണ്ടി തൂലിക ചലിപ്പിച്ചു. മലയാളത്തിലെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നായ സേതുരാമയ്യര്‍ എന്ന സി.ബി.ഐ ഉദ്യോഗസ്ഥന്റെ സൃഷ്ടാവും സ്വാമി തന്നെയാണ്.

എസ്. എൻ സ്വാമിയും സത്യൻ അന്തിക്കാടും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു കളിക്കളം. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിൽ ശോഭന, മുരളി, ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഹ്യൂമറിനൊപ്പം ത്രില്ലറും കൂടെ ചേർത്താണ് കളിക്കളത്തിന്റെ കഥ മുന്നോട്ട് പോവുന്നത്.

കളിക്കളത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പ്രത്യേകതയെ കുറിച്ച് സംസാരിക്കുകയാണ് എസ്.എൻ സ്വാമി. മമ്മൂട്ടിയെ വെച്ച് അങ്ങനെയൊരു കഥ വേണമെന്നത് സത്യൻ അന്തിക്കാടിന്റെ നിർദേശമായിരുന്നുവെന്നും സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന് പേരില്ലെന്നും സ്വാമി പറഞ്ഞു. മമ്മൂട്ടി ജീവിതത്തിൽ അങ്ങനെ അഭിനയിച്ച ഒറ്റ ചിത്രം കളിക്കളമാണെന്നും ഓൺ ലുക്കേഴ്സ് മീഡിയയോട് എസ്.എൻ സ്വാമി പറഞ്ഞു.

‘സത്യൻ സാറിന്റെ നിർബന്ധമായിരുന്നു അങ്ങനെയൊരു കഥ വേണമെന്ന്. അല്ലാതെ ഒരു കുടുംബ കഥ വേണമെന്ന് പുള്ളി എന്നോട് പറഞ്ഞിട്ടേയില്ല.

അദ്ദേഹം പറഞ്ഞത് വളരെ വ്യത്യസ്തമായൊരു സിനിമ മമ്മൂട്ടിയെ വെച്ച് വേണമെന്നായിരുന്നു. ഒരു കള്ളന്റെ കഥയെടുത്താലോ എന്ന നിർദേശം മുന്നോട്ട് വെച്ചതും സത്യനാണ്. അങ്ങനെയാണ് കളിക്കളത്തിലേക്ക് എത്തുന്നത്.

ആ സിനിമക്ക് ഒരു പ്രത്യേകതയുണ്ട് , അതിനകത്ത് മമ്മൂട്ടിയുടെ കഥാപാത്രത്തിന് പേരില്ല. ജീവിതത്തിൽ ആകെപ്പാടെ അങ്ങനെയൊരു പടമേ മമ്മൂട്ടി ചെയ്തിട്ടുള്ളൂ. അതാണ് കളിക്കളം. മമ്മൂട്ടിക്ക് പേരെയില്ല ആ പടത്തിൽ. കഥാപാത്രത്തിന് ഒരു പേര് വേണ്ടേ സിനിമയിൽ.

എന്നാൽ കളിക്കളത്തിൽ അതില്ല. ആ സിനിമയിൽ ശ്രീനിവാസൻ തന്നെ അത് പറയുന്നുമുണ്ട്, അയാളുടെ പേര് എന്താണാവോ. ഞാൻ ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ലെന്ന്. അങ്ങനെയൊരു സിനിമയാണ് കളിക്കളം’,എസ്.എൻ സ്വാമി പറയുന്നു.

 

Content Highlight: S.N. Swami Talk About Charecter Of Mammootty In Kalikalam Movie