മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നാണ് ഇരുപതാം നൂറ്റാണ്ട് എന്ന മോഹൻലാൽ ചിത്രം. കെ. മധു സംവിധാനം ചെയ്ത സിനിമയുടെ രചന നിർവഹിച്ചത് എസ്. എൻ. സ്വാമിയായിരുന്നു. മോഹൻലാലിന്റെ താരപരിവേഷം ഉയർത്തുന്നതിൽ വലിയ പങ്ക് വഹിച്ച ചിത്രമായിരുന്നു ഇരുപതാം നൂറ്റാണ്ട്.
ചിത്രത്തിലെ സാഗർ ഏലിയാസ് ജാക്കി എന്ന മോഹൻലാൽ കഥാപാത്രത്തിന് ആരാധകർക്കിടയിൽ ഇന്നും വലിയ ആരാധകരുണ്ട്. വർഷങ്ങൾക്ക് ശേഷം സാഗർ ഏലിയാസ് ജാക്കി എന്ന പേരിലും ചിത്രം ഇറക്കി. എസ്. എൻ സ്വാമി തന്നെ രചന നിർവഹിച്ച ചിത്രത്തിന്റെ സംവിധായകൻ അമൽ നീരദ് ആയിരുന്നു.
സാഗർ ഏലിയാസ് ജാക്കി എന്ന പേര് ഉണ്ടായതിനെ കുറിച്ച് സംസാരിക്കുകയാണ് എസ്.എൻ. സ്വാമി. സാഗർ അലിയാസ് ജാക്കി എന്നായിരുന്നു ചിത്രത്തിന് താൻ ആദ്യമിട്ട പേരെന്നും എന്നാൽ അത് മാറ്റി സാഗർ ഏലിയാസ് ജാക്കി എന്നാക്കാൻ പറഞ്ഞത് മോഹൻലാൽ തന്നെയാണെന്നും എസ്. എൻ. സ്വാമി പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സാഗർ അലിയാസ് ജാക്കി എന്നായിരുന്നു ആദ്യം ആ കഥാപാത്രത്തിന്റെ പേര് സാഗർ എന്നാൽ നാട്ടിലെ പേരും ജാക്കി എന്നാൽ അധോലോകത്തിലെ പേരുമായിരുന്നു.
ഞാൻ അങ്ങനെ സാഗർ അലിയാസ് ജാക്കി എന്ന പേര് പറഞ്ഞപ്പോൾ മോഹൻലാൽ പറഞ്ഞു, അത് വേണ്ട സാഗർ ഏലിയാസ് ജാക്കി എന്നത് ആ കഥാപാത്രത്തിന്റെ പേരാക്കാമെന്ന്. അങ്ങനെ നമ്മൾ പോലും പ്രതീക്ഷിക്കാതെ ചില ഡെവലപ്പ്മെന്റ് നമുക്ക് കിട്ടും.
എന്റെ കഥാപാത്രങ്ങളുടെ പേരിനൊക്കെ എന്തെങ്കിലും കാരണമുണ്ടാവും. അത് എന്താണെന്ന് എനിക്കറിയില്ല,’എസ്. എൻ. സ്വാമി പറയുന്നു.
അതേസമയം എസ്. എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്ത സീക്രെട്ട് എന്ന ചിത്രം കഴിഞ്ഞ ആഴ്ച തിയേറ്ററുകളിൽ എത്തിയിരുന്നു. ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രത്തിൻ അപർണ ദാസ്, ഗ്രിഗറി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Content Highlight: s.n Swami Talk about Character Name In Irupatham Nootandu Movie