ആ മുസ്‌ലിം കഥാപാത്രം വേണ്ടെന്ന് മമ്മൂട്ടി, പകരം വന്ന ക്യാരക്ടർ പൂർണമായി അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു: എസ്.എൻ സ്വാമി
Entertainment
ആ മുസ്‌ലിം കഥാപാത്രം വേണ്ടെന്ന് മമ്മൂട്ടി, പകരം വന്ന ക്യാരക്ടർ പൂർണമായി അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു: എസ്.എൻ സ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th August 2024, 1:12 pm

മലയാളത്തിലെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളിലെ കള്‍ട്ടാണ് സി.ബി.ഐ സീരീസിലുള്ള ചിത്രങ്ങൾ. സേതുരാമയ്യര്‍ സി.ബി.ഐയോളം ആഘോഷിക്കപ്പെട്ട ഒരു കുറ്റാന്വേഷകന്‍ മലയാളത്തിലുണ്ടാകില്ല.

ഒരു സി.ബി.ഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സി.ബി.ഐ തുടങ്ങി ഈ സീരീസിലെ ഭൂരിഭാഗം ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടിയവയായിരുന്നു. എസ്.എൻ സ്വാമിയുടെ രചനയിൽ കെ.മധുവായിരുന്നു എല്ലാ ചിത്രങ്ങളും സംവിധാനം ചെയ്തത്.

സേതുരാമയ്യർ എന്ന കഥാപാത്രത്തിന് പകരം മറ്റൊരു ക്യാരക്ടറിനെയായിരുന്നു ആദ്യം താൻ രചിച്ചതെന്നും എന്നാൽ അതിൽ മാറ്റം വരുത്താൻ പറഞ്ഞത് മമ്മൂട്ടി തന്നെയാണെന്നും എസ്.എൻ സ്വാമി പറഞ്ഞു . പൊലീസ് കഥയായി ഉദ്ദേശിച്ച കഥയെ പിന്നീട് സി.ബി.ഐ ഫോർമാറ്റിലേക്ക് മാറ്റുകയായിരുന്നുവെന്നും എസ്.എൻ സ്വാമി പറഞ്ഞു. ഓൺ ലുക്കേഴ്സ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂട്ടിക്ക് പരിചയമുള്ള ഒരു സി.ബി.ഐ ഓഫീസർ ഉണ്ടായിരുന്നു. സി.ബി.ഐലെ ഒരു സീനിയർ ഓഫീസർ ആയിരുന്നു. അദ്ദേഹത്തിന് മമ്മൂട്ടിയെ നന്നായിട്ട് അറിയാം. അവർ ഒരുമിച്ചാണ് ലോ കോളേജിൽ പഠിച്ചത്. പക്ഷെ കഥാപാത്രത്തിനായി മമ്മൂട്ടി അതൊന്നും അനുകരിച്ചിട്ടില്ല. അദ്ദേഹത്തെ അറിയാമെന്ന് മാത്രമേയുള്ളൂ.

സേതുരാമയ്യർ എന്ന കഥാപാത്രം നൂറ്റിയൊന്ന് ശതമാനവും മമ്മൂക്കയുടെ സംഭാവനയാണ്. ആ കഥാപാത്രത്തിന്റെ സ്റ്റൈലെല്ലാം മമ്മൂട്ടിയാണ് കൊണ്ടുവന്നത്. സത്യത്തിൽ സേതുരാമയ്യർ എന്ന കഥാപാത്രം വേറൊന്നായിട്ടാണ് ആദ്യം എഴുതിയത്. ഞാൻ അതൊരു മുസ്‌ലിം കഥാപാത്രമായാണ് ആദ്യം എഴുതിയത്. എന്നാൽ മമ്മൂട്ടിയാണ് അത് വേണ്ടെന്ന് പറഞ്ഞത്.

നമ്മൾ ഉദ്ദേശിച്ച ഒരു സാധനം കിട്ടില്ലായെന്ന് തോന്നി. പൊലീസ് കഥയിൽ നിന്ന് സിബിഐ യിലേക്ക് മാറ്റിയപ്പോഴും ആ കഥാപാത്രത്തെ ഞാൻ മാറ്റാൻ ശ്രമിച്ചില്ലായിരുന്നു. എന്നാൽ അത് വേണ്ടായെന്ന് നിർദേശിച്ചത് മമ്മൂട്ടി തന്നെയാണ്,എസ്.എൻ സ്വാമി പറയുന്നു.

അതേസമയം എസ്.എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്ത സീക്രെട്ട് എന്ന ചിത്രം കഴിഞ്ഞ ആഴ്ച തിയേറ്ററുകളിൽ എത്തിയിരുന്നു. ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രത്തിൻ അപർണ ദാസ്, ഗ്രിഗറി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

 

Content Highlight: s.n.swami talk about cbi character in cbi series movies